കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നുവീണ് 15 മരണം; 50 പേര്‍ക്ക് പരുക്ക്; മരണസംഖ്യ ഉയരാന്‍ സാധ്യത; നിര്‍മാണ കമ്പനിക്കെതിരെ കേസ്

Kolkata-Flyover-Collapse


കൊല്‍ക്കത്ത:
കൊല്‍ക്കത്തയില്‍ ബഡാ ബസാറില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നുവീണ് 16 മരണം. ഗിരീഷ് പാര്‍ക്ക് മേഖലയിലെ ഗണേഷ് ടാക്കീസിന് സമീപം ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയവരെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കോണ്‍ക്രീറ്റ് കൂനകള്‍ക്കിടയില്‍ കുടുങ്ങിയവരില്‍ ഏറെയും തൊഴിലാളികളാണ്.

തിരക്കേറിയ സ്ഥലമായതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത. 150ഓളം പേര്‍ അപകടസമയം ജോലിയിലുണ്ടായിരുന്നു. ഇവര്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാറുകളും ട്രക്കുകളുമടക്കം നിരവധി വാഹനങ്ങളും അവശിഷ്ടങ്ങള്‍ക്കടിയിലുണ്ട്.

ബുധനാഴ്ച രാത്രി സ്ഥാപിച്ച കോണ്‍ക്രീറ്റ് ഭാഗമാണ് തകര്‍ന്നുവീണതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കൊല്‍ക്കത്ത മെട്രോപോളിറ്റന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് ഫ്‌ളൈ ഓവറിന്റെ നിര്‍മാണം നിര്‍വഹിച്ചിരുന്നത്. കൊല്‍ക്കത്ത മുതല്‍ ഹൗറ വരെ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ ഫ്‌ളൈ ഓവറുകളില്‍ ഒന്നാണിത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി മേല്‍പ്പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. പൊലീസിനും അഗ്‌നിശമന സേനയ്ക്കുമൊപ്പം സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

സംഭവം അറിഞ്ഞ ഉടന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് സ്ഥലത്തെത്തി. ചട്ടങ്ങളെല്ലാം ലംഘിച്ച് വ്യക്തമായ പ്ലാനിംഗ് ഇല്ലാതെയാണ് മേല്‍പ്പാലം നിര്‍മ്മിച്ചിരുന്നതെന്ന് കേന്ദ്രമന്ത്രി ബബൂള്‍ സുപ്രിയോ ആരോപിച്ചു. റസിഡന്‍ഷ്യല്‍ മേഖലയില്‍ എങ്ങനെയാണ് മേല്‍പ്പാനം നിര്‍മ്മിക്കാന്‍ കഴിയുക. വീടുകളുടെ ജാലകങ്ങളില്‍ തട്ടുന്ന വിധത്തിലാണ് മേല്‍പ്പാലം കടന്നുപോകുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഹൈദരാബാദ് ആസ്ഥനമായുള്ള കരാര്‍ കമ്പനിയായ ഐവിആര്‍സിക്കെതിരെ പൊലീസ് കേസെടുത്തു. കൊല്‍ക്കത്ത പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ അപകടം ദൈവത്തിന്റെ പ്രവര്‍ത്തിയാണെന്നാണ് കരാറുകാര്‍ പറയുന്നത്. തങ്ങള്‍ ഇരുപത്തിയേഴു വര്‍ഷമായി ഈ രംഗത്തുണ്ടെന്നും മുന്‍പ് ഇതുപോലെ സംഭവിച്ചിട്ടില്ലെന്നും കരാര്‍ കമ്പനിയായ ഐവിആര്‍സി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News