ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയ ഇടതു എംപിമാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു; പ്രതിഷേധവുമായി എംപിമാരുടെ കുത്തിയിരിപ്പ് സമരം

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയ ഇടതുഎംപിമാരെ തടഞ്ഞു. കേരളത്തില്‍ നിന്നുമുള്ള എംപിമാരായ എംബി രാജേഷ്, പി.കെ ബിജു, എ സമ്പത്ത് എന്നിവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗേറ്റില്‍ തടഞ്ഞത്. ക്യാമ്പസിനകത്തേക്ക് കടത്തിവിടാത്തതിനെ തുടര്‍ന്ന് എംപിമാര്‍ ഗെയിറ്റിനു പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെയും ക്യാമ്പസിനുള്ളിലേക്ക് പ്രവേശിപ്പിച്ചില്ല.

സര്‍വ്വകലാശാലയിലെ നിലവിലെ സ്ഥിതിഗതികള്‍ അന്വേഷിച്ചറിയാനാണ് ഇടതുഎംപിമാര്‍ ക്യാമ്പസില്‍ എത്തിയത്. എന്നാല്‍ സുരക്ഷാ സേനയും പൊലീസും ചേര്‍ന്ന് സര്‍വ്വകലാശാല കവാടത്തില്‍ എംപിമാരെയും ടീസ്റ്റയെയും തടയുകയായിരുന്നു.

പുറമെ നിന്നുള്ളവര്‍ക്ക് പ്രവേശനമില്ലെന്ന കാരണം പറഞ്ഞാണ് വൈസ് ചാന്‍സിലറുടെ നിര്‍ദ്ദേശ പ്രകാരം സുരക്ഷാ ജീവനക്കാര്‍ എംപിമാരെ തടഞ്ഞത്. തുടര്‍ന്ന് എംപിമാരും വിദ്യാര്‍ത്ഥികളും കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേന്ദ്ര സര്‍വ്വകലാശാലയില്‍ എംപിമാരെ തടഞ്ഞത് അവകാശ ലംഘനമാണെന്ന് എംബി രാജേഷ് എംപി പറഞ്ഞു.

ഹൈദരാബാദ് സര്‍വ്വകലാശാലയ്ക്കകത്തെക്ക് ഞങ്ങള്‍ക്ക് പ്രവേശനംനിഷേധിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ സര്‍വ്വകലാശാലക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.#StandWithHCU

Posted by M.B. Rajesh on Thursday, 31 March 2016

രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ വൈസ് ചാന്‍സിലര്‍ അപ്പ റാവുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയില്‍ സമരം തുടരുകയാണ്. അപ്പാറാവു തിരിച്ച് സ്ഥാനമേറ്റ ദിവസത്തെ പൊലീസ് അതിക്രമത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ച് 25 വിദ്യാര്‍ഥികളും രണ്ട് പ്രൊഫസര്‍മാരും ഇന്നലെ ജയില്‍ മോചിതരായിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി പ്രഖ്യാപിക്കും വരെ സമരം പിന്‍വലിക്കില്ലെന്ന് ജയില്‍ മോചിതരായി തിരിച്ച് സര്‍വകലാശാലയിലെത്തിയ വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News