സര്‍വകലാശാലയ്ക്ക് പേരിട്ടപ്പോള്‍ ഡോക്ടറിന് പകരം മതസ്ഥാനമായി; പുലിവാല്‍ പിടിച്ച് ആന്ധ്ര സര്‍ക്കാര്‍; പേര് മാറ്റാന്‍ പ്രമേയം; അന്വേഷണത്തിന് ഉത്തരവ്

കുര്‍ണൂല്‍: ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കരുത്. പേരും പേരിന് മുന്നിലെ ഉദ്യോഗപ്പേരും എല്ലാം പ്രധാനമാണ്. പേരിന് മുന്നില്‍ ഡോക്ടര്‍ എന്ന് ചേര്‍ക്കുന്നതിന് പകരം മൗലവി എന്നായിപ്പോയതില്‍ എന്തേ ഇത്ര വിവാദം എന്നാലോചിക്കരുത്. കാരണം ഇവിടെ പുലിവാല്‍ പിടിച്ചത് ഒരു സംസ്ഥാന സര്‍ക്കാരാണ്. ഡോ. അബ്ദുല്‍ ഹഖിന് പകരം മൗലവി അബ്ദുല്‍ ഹഖ് എന്നായിപ്പോയപ്പോല്‍ ഒരു സര്‍വകലാശാലയുടെ പേര് തന്നെ മാറി.

ആന്ധ്രയിലെ കുര്‍ണൂലില്‍ പുതിയതായി സ്ഥാപിച്ച ഉര്‍ദു സര്‍വകലാശാലയ്ക്ക് പാകിസ്താനിലെ ഉര്‍ദ്ദു പണ്ഡിതന്റെ പേര് നല്‍കിയതാണ് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പുലിവാല്‍ പിടിക്കാന്‍ കാരണം. പാക് പണ്ഡിതനായ മൗലവി അബ്ദുല്‍ ഹഖിന്റെ പേര് നല്‍കിയതാണ് വിവാദമായത്. ദക്ഷിണേന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് സംഭാവനകള്‍ നല്‍കിയ ഡോ. അബ്ദുള്‍ ഹഖിന്റെ പേരാണ് നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്.

സര്‍വകലാശാലയ്ക്ക് മൗലവി അബ്ദുല്‍ ഹഖിന്റെ പേര് നല്‍കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം ആന്ധ്രപ്രദേശ് അസംബ്ലിയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു. നിയമസഭാംഗങ്ങളോ ഉദ്യോഗസ്ഥരോ ഇക്കാര്യം ശ്രദ്ധിച്ചതുമില്ല. നിര്‍ദ്ദേശത്തിന് അനുകൂലമായി ബന്ധപ്പെട്ടവര്‍ നിലപാട് എടുക്കുകയും ചെയ്തു.

ദക്ഷിണേന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് ഏറെ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ഡോ. അബ്ദുല്‍ ഹഖ്. കുര്‍ണൂലിലെ പ്രശസ്തമായ ഒസ്മാനിയ കോളജിന്റെ സ്ഥാപകനുമാണ്. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഡോ. അബ്ദുല്‍ ഹഖ് സ്ഥാപിച്ചു. മൗലവി അബ്ദുല്‍ ഹഖ് ആവട്ടെ ഇന്ത്യ – പാക് വിഭജനത്തെ തുടര്‍ന്ന് പാകിസ്താനിലേക്ക് പോയ മത പണ്ഡിതനും.

സംഭവം വിവാദമായതോടെ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. സാങ്കേതിക പിഴവാണ് പേര് മാറാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ആന്ധ്രയിലെ കുര്‍ണൂലില്‍ 125 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നതാണ് ഉര്‍ദ്ദു സര്‍വകലാശാല. കഴിഞ്ഞ ജൂണില്‍ ആണ് ക്ലാസുകള്‍ ആരംഭിച്ചത്. നവംബറില്‍ സര്‍വകലാശാല കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News