തര്‍ക്കത്തില്‍ വീണ്ടും രാഹുല്‍ ഗാന്ധി ഇടപ്പെടുന്നു; ഉമ്മന്‍ചാണ്ടിയും എ.കെ ആന്റണിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി; ജോണി നെല്ലൂരിന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്ന് സുധീരന്‍

ദില്ലി: കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കും തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയും എ.കെ ആന്റണിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നു. സുധീരന്‍, വയലാര്‍ രവി, പി.സി ചാക്കോ, ശശി തരൂര്‍ എന്നിവരുമായി രാഹുല്‍ ഗാന്ധിയു കൂടിക്കാഴ്ച നടത്തി.

ചര്‍ച്ചകള്‍ ഉടന്‍ അവസാനിക്കുമെന്നും തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും സുധീരന്‍ കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു. സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളുമെന്നും സുധീരന്‍ മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കെ.സി വേണു ഗോപാല്‍, കെ സുധാകരന്‍ എന്നിവരെയും രാഹുല്‍ ഗാന്ധി ചര്‍ച്ചയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

അങ്കമാലി സീറ്റ് സംബന്ധിച്ച പ്രശ്‌നത്തില്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ നടത്തിയ പ്രസ്താവനയെ കുറിച്ച് തനിക്ക് അറിയില്ലെന്നും സുധീരന്‍ പറഞ്ഞു. ജോണി നെല്ലൂര്‍ പറഞ്ഞത് എന്താണെന്ന് മനസിലാക്കിയ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം ദില്ലിയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. അങ്കമാലി സീറ്റ് നല്‍കാമെന്ന് പറഞ്ഞ് കോണ്‍ഗ്രസും യുഡിഎഫും തങ്ങളെ വഞ്ചിച്ചുയെന്നായിരുന്നു ജോണി നെല്ലൂരിന്റെ പ്രസ്താവന.
അരൂര്‍, ആറ്റിങ്ങല്‍ സീറ്റുകള്‍ ആര്‍എസ്പിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍എസ്പിയെ ഫോണിലൂടെ അറിയിച്ചു. ഇന്ന് ചേരുന്ന ആര്‍എസ്പി നേതൃയോഗം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കും. കേരള കോണ്‍ഗ്രസ്(ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂരിന് അങ്കമാലി സീറ്റ് നല്‍കില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. അങ്കമാലി സീറ്റ് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയിരുന്നുവെന്നും പാര്‍ട്ടിയെ ഇല്ലാത്താകാനാണ് ശ്രമം നടക്കുന്നതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. പാര്‍ട്ടിയുടെ അടിയന്തര നേതൃയോഗം വൈകിട്ട് മൂന്നുമണിക്ക് ചേരും.

അതേസമയം, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി തര്‍ക്കം തുറന്ന പോരിലേയ്ക്ക് മാറുന്നതിനിടെ ഇന്ന് തെരഞ്ഞെടുപ്പ് സമിതിയോഗം ചേരും. തര്‍ക്ക സീറ്റുകളില്‍ തെരഞ്ഞെടുപ്പ് സമിതിയോഗം അന്തിമ തീരുമാനം കൈകൊള്ളുമെന്നാണ് വിവരങ്ങള്‍. നേരത്തെ രാവിലെ 9 മണിയ്ക്ക് നിശ്ചയിച്ച യോഗം വൈകുന്നേരം മൂന്ന് മണിയിലേക്ക് മാറ്റിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രശ്‌നപരിഹാരം യോഗത്തില്‍ നിര്‍ദേശിക്കുമെന്നാണ് കേരള നേതാക്കളുടെ പ്രതീക്ഷ.

തര്‍ക്ക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ കാര്യത്തിലാണ് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ മുന്നോട്ട് പോകുന്നത്. സോണിയാ ഗാന്ധിയുടെ മുന്നിലെത്തിയിട്ടും തര്‍ക്കത്തിന് പരിഹാരമായില്ല. മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലും ഇരുപക്ഷവും കടുത്ത നിലപാട് സ്വീകരിച്ചു. ചില മണ്ഡലങ്ങളില്‍ ഒന്നിലധികം പേരുകള്‍ ഉണ്ടെന്ന് സുധീരന്‍ പറഞ്ഞു. ഇന്നലെയും തീരുമാനമാകാത്ത സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥികളെ തിരുമാനിക്കാനുള്ള സമിതി നാളെ മൂന്ന് മണിക്ക് വീണ്ടും ചേരും.

തര്‍ക്ക മണ്ഡലങ്ങളില്‍ ഒന്നിലധികം പേരുകളുണ്ടെന്ന് സുധീരന്‍ രാത്രി മാധ്യമങ്ങളോട് പറഞ്ഞു. സീറ്റുകളിലെ അഡ്ജസ്റ്റ്‌മെന്റ് ഘടകകക്ഷികളുമായി ആലോചിച്ച ശേഷം തീരുമാനിക്കും. നാളെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും സുധീരന്‍ പറഞ്ഞു.

ഇരുപക്ഷത്തിനുമിടയില്‍ തര്‍ക്കം പരിഹരിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അനുരഞ്ജന ശ്രമവുമായി മുന്നോട്ടു പോവുകയാണ്. വിട്ടുവീഴ്ച എന്ന അനുരഞ്ജന നയമാണ് ചെന്നിത്തല മുന്നോട്ടു വച്ചത്. എന്നാല്‍, സുധീരന്റെ കടുത്ത നിലപാടിനെ തുടര്‍ന്ന് ഈ നീക്കംപാളി. അതേസമയം, വിട്ടുവീഴ്ച എന്ന അനുരഞ്ജന നയത്തോട് ഉമ്മന്‍ചാണ്ടി ക്ഷുഭിതനായാണ് പ്രതികരിച്ചത്. അനുരഞ്ജന നീക്കത്തിനെത്തിയ ചെന്നിത്തലയോട് സുധീരനും ക്ഷുഭിതനായി.

തര്‍ക്കമുള്ള എല്ലാ സീറ്റുകളിലും ഒന്നിലധികം പേരുകള്‍ എന്നതാണ് സുധീരന്‍ മുന്നോട്ട് വയ്ക്കുന്ന നിലപാട്. മൂന്നു മന്ത്രിമാരുടെയും തൃക്കാക്കര, പാറശാല സീറ്റുകളിലും പുതിയ പാനല്‍ അവതരിപ്പിക്കാനാണ് സുധീരന്റെ ഉദ്ദേശ്യം. ഇതില്‍ പാറശാല സീറ്റില്‍ ഏകദേശം തീരുമാനമായിട്ടുണ്ട്. സിറ്റിംഗ് എംഎല്‍എ എടി ജോര്‍ജ്ജ് തന്നെ മത്സരിച്ചേക്കുമെന്നാണ് സൂചന.

അതിനിടെ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാകില്ലെന്ന് സുധീരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. മത്സരിച്ചാല്‍ അത് സുധീരന്റെ പത്താം അങ്കമായിരിക്കും. അപ്പോള്‍ അത് തന്റെ നിലപാടിന് എതിരായിരിക്കും എന്നതും മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ സുധീരനെ പ്രേരിപ്പിച്ചതായാണ് സൂചന. മൂന്നു തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്നതാണ് സുധീരന്റെ നിലപാട്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥകളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിട്ടും കലഹം പോലും തീര്‍ക്കാനാകാത്ത കോണ്‍ഗ്രസില്‍ അടി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News