തീവ്രവാദികള്‍ ഉപയോഗിക്കുന്നത് 21-ാം നൂറ്റാണ്ടിന്റെ സാങ്കേതികവിദ്യകളാണെന്ന് മോദി; നടപടികള്‍ കടുപ്പിച്ചില്ലെങ്കില്‍ ആണവ തീവ്രവാദത്തെ തടയാന്‍ സാധിക്കില്ല

വാഷിംഗ്ടണ്‍: ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി. ആണവ സുരക്ഷയ്ക്ക് രാജ്യങ്ങള്‍ പ്രഥമ പരിഗണന നല്‍കണമെന്ന് മോദി ആവശ്യപ്പെട്ടു. ആണവ സുരക്ഷ വിഷയത്തില്‍ ലോകരാഷ്ടങ്ങള്‍ക്ക് അന്താരാഷ്ട തലത്തില്‍ തന്നെ ചുമലതകള്‍ നിര്‍വഹിക്കാനുണ്ടെന്നും ബ്രസല്‍സ് ആക്രമണം ആണവ തീവ്രവാദത്തിനെതിരായ നടപടികള്‍ ഉടനുണ്ടാകണമെന്നാണ് കാണിച്ചുതരുന്നതെന്നും മോദി പറഞ്ഞു.

തീവ്രവാദത്തിനെതിരായ നടപടികള്‍ കടുപ്പിച്ചില്ലെങ്കില്‍ ആണവ തീവ്രവാദത്തെ തടയാന്‍ സാധിക്കില്ല. ഭീകരവാദികള്‍ 21-ാം നൂറ്റാണ്ടിന്റെ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ നമ്മുടെ പ്രതികരണം വളരെ പഴയരീതിയലാണ്. ഭീകരവാദത്തെ അവന്റേത്, തന്റേത് എന്ന രീതിയില്‍ തരംതിരിക്കാനാവില്ലെന്നും ആഗോളമായി ശൃംഖലകളുള്ള ഭീകരവാദത്തെ ശക്തമായി നേരിടണമെന്നും മോദി ആഹ്വാനം ചെയ്തു. ആണവക്കടത്തുകാരും ഭീകരവാദികളും തമ്മിലുള്ള ബന്ധം വലിയ അപകടമാണെന്നും മോദി ചൂണ്ടിക്കാട്ടി.

 

ആണവായുധങ്ങളുടെയും ആണവ ശേഖരത്തിന്റെയും നേര്‍ക്കുള്ള ഭീഷണിയും ഭീകരവാദികളില്‍നിന്നുള്ള വെല്ലുവിളിയുമാണ് ഉച്ചകോടി ചര്‍ച്ച ചെയ്യുന്നത്. വാഷിംഗ്ടണില്‍ നടക്കുന്ന നാലാമത് ആണവ സുരക്ഷാ ഉച്ചകോടിയില്‍ അമ്പതിലേറെ ലോകരാഷ്ട്രങ്ങളില്‍നിന്നുള്ള നേതാക്കളാണ് പങ്കെടുക്കുന്നത്. നാലു രാജ്യാന്തര സംഘടനകളുടെ പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഒരുക്കിയ അത്താഴവിരുന്നിലും മോദി പങ്കെടുത്തു.

ഉച്ചകോടിക്ക് ശേഷം യുഎസില്‍ നിന്ന് മടങ്ങുന്ന മോദി രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ശനിയാഴ്ച സൗദിയിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here