തൃശൂര്‍: പത്രങ്ങളില്‍ വിവാഹപരസ്യം നല്‍കി സ്ത്രീകളെ കബളിപ്പിച്ചു സ്വര്‍ണവും പണവും തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനി മലപ്പുറം വേങ്ങര മുട്ടുംപുറം അരീക്കാട് വീട്ടില്‍ സെയ്തലവി(45)യാണ് പിടിയില്‍. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വിവാഹപരസ്യം കണ്ട് മൊബൈല്‍ ഫോണ്‍വഴി ബന്ധപ്പെട്ട കേച്ചേരി സ്വദേശി യുവതിയെ കബളിപ്പിച്ച് അഞ്ചര പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്.
മുസ്ലീം യുവതിയെ രണ്ടാംവിവാഹത്തിന് ആവശ്യമുണ്ട് എന്ന പരസ്യത്തിലൂടെയാണ് സെയ്തലവി യുവതിയെ കബളിപ്പിച്ചു സ്വര്‍ണം തട്ടിയത്. യുവതിയും വീട്ടുകാരും പരസ്യത്തില്‍ നല്‍കിയിരുന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്നു പെണ്ണുകാണാന്‍ കൂട്ടുകാരുമൊത്തു കേച്ചേരിയിലെ വീട്ടിലെത്തിയ സെയ്തലവി മൊബൈല്‍ നമ്പറും വാങ്ങിയാണു തിരിച്ചു പോയത്. തുടര്‍ന്നു യുവതിയുടെ മൊബൈല്‍ ഫോണില്‍ നിരന്തരം ബന്ധപ്പെട്ട യുവാവ് പെങ്ങളും ഉമ്മയും കാണാന്‍ വരുന്നുണ്ടെന്ന് അറിയിച്ചു. യുവതി അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ പഴയ ഡിസൈനിലുള്ളതായതിനാല്‍ അവര്‍ക്കത് ഇഷ്ടമാകില്ലെന്നും പറഞ്ഞു. മുന്‍ ഭാര്യയുടെ കുറച്ചു സ്വര്‍ണം കൈവശമുണ്ടെന്നും അതുകൂടി ചേര്‍ത്തു യുവതിയുടെ പഴയ ആഭരണങ്ങള്‍ മാറ്റി തൂക്കം കൂടുതലുള്ള പുതിയവ എടുക്കാമെന്നും പറഞ്ഞു.
പിന്നീടു യുവതിയെ തൃശൂരിലേക്കു വിളിച്ചുവരുത്തി കാറില്‍ കയറ്റി പ്രമുഖ ജൂവലറിയുടെ പരിസരത്തെത്തി. സ്വര്‍ണാഭരണങ്ങള്‍ ഊരി വാങ്ങി പണിക്കൂലിയും തൂക്കകുറവും മറ്റും സംസാരിച്ചുവരാമെന്നു പറഞ്ഞു സെയ്തലവി ജുവലറിയിലേക്കു പോയി. പിന്നീട് മൊബൈലില്‍ വിളിച്ചതനുസരിച്ചു യുവതി ജുവലറിയിലെത്തി അന്വേഷിച്ചെങ്കിലും യുവാവിനെ കണ്ടില്ല. കാര്‍ കിടന്ന സ്ഥലത്ത് തിരികെ എത്തിയപ്പോള്‍ അവിടെ വാഹനവും ഉണ്ടായിരുന്നില്ല. മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ചോഫായിരുന്നു. താന്‍ കബളിപ്പിക്കപ്പെട്ടുവെന്നു മനസിലാക്കിയ യുവതി തൃശൂര്‍ ഈസ്റ്റ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സ്വര്‍ണവും പണവും തട്ടിയെടുക്കുന്നതിനും പൊലീസിന്റെ പിടിയില്‍ പെടാതിരിക്കാനും കൃത്യമായ ആസൂത്രണമാണു സെയ്തലവിയും സംഘവും നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് മൊബൈല്‍ സിം കാര്‍ഡുകള്‍ സംഘടിപ്പിക്കുകയാണ് സംഘം ആദ്യം ചെയ്യുക. അതിനുശേഷം വിലകുറഞ്ഞ മൊബൈല്‍ ഫോണുകള്‍ വാങ്ങും. ദൂരസ്ഥലത്തുള്ള പത്ര ഏജന്റുമാരുടെ അടുത്തോ ഓഫീസിലോ ചെന്നാണു വിവാഹ പരസ്യം നല്‍കക. പരസ്യത്തില്‍ നല്‍കിയ നമ്പറുകളില്‍ ബന്ധപ്പെടുന്നവരോട് കുടുംബകാര്യങ്ങള്‍ ചോദിച്ചറിയും.
തട്ടിപ്പിനിരയാക്കേണ്ട സ്ത്രീകളെ കണ്ടെത്തിയശേഷം പെണ്ണുകാണല്‍ നാടകം നടത്തും. പിന്നീട് നിരന്തരം മൊബൈല്‍ ഫോണില്‍ സംസാരിച്ച് വിശ്വാസം നേടിയെടുക്കും. പരസ്യം ഉപയോഗിച്ച് ഒരു സ്ത്രീയെ തട്ടിപ്പിനിരയാക്കിയ ശേഷം ഉപയോഗിച്ച മൊബൈല്‍ നമ്പറും ഫോണും ഉപേക്ഷിക്കും. പിന്നീട് അടുത്ത പരസ്യം നല്‍കും. പിടിയിലായ സെയ്തലവിയുടെ സംഘം ഇപ്രകാരം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിരവധി സ്ത്രീകളെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.
Discussion about this post