കേരള കോണ്‍ഗ്രസ് ജേക്കബിന് പിറവം മാത്രം; യുഡിഎഫ് കൂടെ കൊണ്ടുനടന്ന് വഞ്ചിച്ചെന്ന് ജോണി നെല്ലൂര്‍; അങ്കമാലി തരാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് സിറ്റിംഗ് സീറ്റായ പിറവം മാത്രം നല്‍കിയാല്‍ മതിയെന്ന് കോണ്‍ഗ്രസ് തീരുമാനം. അങ്കമാലി സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുത്തു. തീരുമാനത്തിനെതിരേ പ്രതിഷേധവുമായി കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ രംഗത്തെത്തി.

അങ്കമാലി സീറ്റ് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയിരുന്നുവെന്നും പാര്‍ട്ടിയെ ഇല്ലാതാകാനാണ് ശ്രമം നടക്കുന്നതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. കടുത്ത പ്രതിഷേധവുമായി പാര്‍ട്ടിയുടെ അടിയന്തര നേതൃയോഗം വൈകിട്ട് മൂന്നുമണിക്ക് ചേരും.

യുഡിഎഫ് കൂടെ കൊണ്ടു നടന്ന് ക്രൂരമായി വഞ്ചിച്ചു. നാല് സീറ്റുകളില്‍ മത്സരിച്ചിരുന്ന പാര്‍ട്ടിയാണ്. സീറ്റ് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് വഞ്ചിച്ചു. യുഡിഎഫിനെതിരെയും മന്ത്രിമാര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ യുഡിഎഫിനും മന്ത്രിമാര്‍ക്കും വേണ്ടി ശക്തമായി പോരാടിച്ച ആളാണ് താനെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. യുഡിഎഫിന് വേണ്ടി ഇക്കാലമത്രയും ശക്തമായ പോരാട്ടം നടത്തിയ വ്യക്തിയെന്ന നിലയില്‍ യുഡിഎഫ് കാണിക്കുന്ന അനീതി എത്ര വലുതാണെന്ന് ജനങ്ങളും മാധ്യമങ്ങളും ചര്‍ച്ച ചെയ്യട്ടേ. ഇങ്ങനെ അപമാനിച്ച് ഒരു പാര്‍ട്ടിയെ തകര്‍ക്കാമെന്ന് കരുതിയെങ്കില്‍ തകരില്ലെന്ന് മാത്രമല്ല, പല പ്രതിസന്ധികളിലൂടെയും അതിജീവിച്ച് മുന്നോട്ട് പോകുന്ന പ്രസ്ഥാനവുമാണിത്. അപമാനിതനായെന്ന് കരുതി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കില്ല. അധാര്‍മ്മികതക്കും അഴിമതിക്കും എതിരെ അതിശക്തമായി മുന്നോട്ട് പോകാനാണ് വ്യക്തിപരമായി ആലോചിക്കുന്നത്. വൈകീട്ടത്തെ യോഗത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ട് പോകുമെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here