‘എന്നെ മണ്ടനെന്ന് വിളിക്കുന്ന ബുദ്ധിമാന്‍മാരോട് ഒരു ചോദ്യം ചോദിക്കാനുണ്ട്’ സന്തോഷ് പണ്ഡിറ്റ് തുറന്നടിക്കുന്നു; അഞ്ചുലക്ഷം രൂപയ്ക്ക് ബാഹുബലി പ്രതീക്ഷിക്കരുത്; ആളുകളെക്കൊണ്ട് പറയിക്കേണ്ട ഒരാവശ്യവും എനിക്കില്ല

തന്നെ മണ്ടനെന്ന് വിളിക്കുന്ന ബുദ്ധിമാന്‍മാരോട് തനിക്കൊരു ചോദ്യം ചോദിക്കാനുണ്ടെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.

നിങ്ങളില്‍ എത്രപേരെ ടെലിവിഷന്‍ റിയാലിറ്റി ഷോയായ മലയാളി ഹൗസിലേക്ക് വിളിച്ചു? പക്ഷേ എന്നെ വിളിച്ചു. 26 ലക്ഷം രൂപയും കിട്ടി. അഞ്ചു ലക്ഷം രൂപയ്ക്ക് എത്ര പേര്‍ക്ക് സിനിമ ചെയ്യാനാവും? ആര്‍ക്കും ചെയ്യാന്‍ പറ്റുമെന്നൊക്കെ ചുമ്മാ വീമ്പിളക്കാം. പക്ഷേ അത് സന്തോഷ് പണ്ഡിറ്റിനേ സാധിക്കു. അതിനു ചങ്കൂറ്റം വേണം. പുലര്‍ച്ചെ അഞ്ചു മുതല്‍ രാത്രി പത്തുമണി വരെ 14 ദിവസം തുടര്‍ച്ചയായി കംപ്യൂട്ടറിനു മുന്നിലിരുന്ന് എഡിറ്റിങ്ങും, മിക്‌സിംഗും തനിയെ പഠിച്ച് തനിയെ ചെയ്യാനുളള ക്ഷമ വേണം. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ആളുകളെക്കൊണ്ട് പറയിക്കേണ്ട ഒരാവശ്യവും എനിക്കില്ല. ഞാന്‍ പഠിച്ച കോഴ്‌സുകളെക്കാളും അധികം പഠിച്ചതു വേദങ്ങളാണ്. അടുത്ത കാലം വരെ കുട്ടികളുടെ ജാതകം എഴുതി നല്‍കുമായിരുന്നു. എല്ലാവരും ചെയ്യുന്നതില്‍നിന്നു വ്യത്യസ്തമായി എങ്ങനെ സിനിമ ചെയ്യാം എന്നാണു ഞാന്‍ ആലോചിച്ചത്. ആദ്യ സിനിമയായ ‘കൃഷ്ണനും രാധയും’ കണ്ടു വിമര്‍ശിച്ചവര്‍ ഒട്ടേറെ. എനിക്കതില്‍ പ്രശ്‌നമില്ല. കാരണം, ഞാന്‍ ഒറ്റയ്ക്ക് ചെയ്ത സിനിമയാണത്. അഞ്ചുലക്ഷം രൂപയായിരുന്നു മുതല്‍ മുടക്ക്. എഡിറ്റിങ്ങൊക്കെ തനിയെ ചെയ്തു പഠിച്ചു. ഇപ്പോള്‍ ആറാമത്തെ സിനിമയായ ‘നീലിമ നല്ല കുട്ടിയാണ് Vs ചിരഞ്ജീവി ഐപിഎസ് ചെയ്തു കഴിഞ്ഞപ്പോള്‍ ആത്മവിശ്വാസമായിട്ടുണ്ട്. ‘സന്തോഷ് പണ്ഡിറ്റ് പറയുന്നു.

‘എന്‍ജീനിയറിംഗ് മെഡിക്കല്‍ സീറ്റുകള്‍ക്ക് 25 ലക്ഷം വരെ കൊടുക്കുന്ന കാലത്താണ് അഞ്ചുലക്ഷത്തിന് ഞാന്‍ സിനിമ ചെയ്യുന്നത്. എന്റെ സെറ്റില്‍ കള്ളും, കഞ്ചാവുമില്ല, അതുകൊണ്ടാണ് സിനിമക്ക് ചെലവ് കുറയുന്നത്. പുതിയ ചിത്രമായ നീലിമയില്‍ എട്ടു നായികമാരും, എട്ടു പാട്ടുകളുമുണ്ട്. താന്‍ ഡബിള്‍ റോളിലാണ് അഭിനയിക്കുന്നതെന്നും ‘സന്തോഷ് പണ്ഡിറ്റ് പറയുന്നു. അഞ്ചുലക്ഷം രൂപയ്ക്ക് നിങ്ങള്‍ ബാഹുബലിയുടെ നിലവാരമുളള സിനിമ പ്രതീക്ഷിക്കരുതെന്നും സന്തോഷ് അഭിമുഖത്തില്‍ വ്യക്തമാക്കി.

ഒരു പ്രമുഖ നടന്റെ കൂടെ തന്നെ അഭിനയിക്കാന്‍ ക്ഷണിച്ചിരുന്നു. ചിത്രം സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. ഞങ്ങളൊന്നിച്ചുള്ള സിനിമ വരുന്നു എന്ന വിധത്തില്‍ തൊട്ടുപിന്നാലെ സോഷ്യല്‍മീഡിയയില്‍ വാര്‍ത്ത വന്നു. അതു വൈറലായി. അതോടെ താന്‍ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നെന്നും സന്തോഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here