പശ്ചിമബംഗാളിലും അസമിലും ഇന്ന് കൊട്ടിക്കലാശം; ബംഗാളിലെ 18, അസമിലെ 65 മണ്ഡലങ്ങളിലും മറ്റന്നാള്‍ വോട്ടെടുപ്പ്; കനത്ത സുരക്ഷയില്‍ ഇരു സംസ്ഥാനങ്ങളും

ദില്ലി: പശ്ചിമബംഗാള്‍, അസം നിയമസഭകളിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം. പശ്ചിമബംഗാളിലെ 18ഉം അസമിലെ 65 മണ്ഡലങ്ങളിലേക്കും മറ്റന്നാളാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഒരു മാസത്തോളം നീണ്ടുനിന്ന പരസ്യപ്രചാരണത്തിനാണ് പശ്ചിമ ബംഗാളിലും അസമിലും ഇന്ന് കൊട്ടിക്കലാശമാകുന്നത്. പശ്ചിമബംഗാളില്‍ ബിജെപിയുടെ കൊട്ടിക്കലാശത്തിന് മുന്‍പുള്ള പ്രചരണത്തിന് ആഭ്യന്തര മന്ത്രി രാജ്‌നാഥി സിംഗാണ് നേതൃത്വം നല്‍കിയത്. പശ്ചിമബംഗാളില്‍ തൃണമൂല്‍ നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തു വന്നത് പ്രചരണത്തില്‍, ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി. കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്നു വീണ് ഉണ്ടായ അപകടത്തിന്റെ കാരണം തൃണമൂല്‍ സര്‍ക്കാറിന്റെ അഴിമതിയാണെന്ന ആരോപണവും മമതയ്ക്ക് ക്ഷീണമുണ്ടാക്കി.

അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി തൃണമൂല്‍ പ്രചരണം നയിക്കുമ്പോള്‍ മമതാ സര്‍ക്കാറിന്റെ കാലത്തെ വികസന മുരടിപ്പും കാര്‍ഷിക രംഗത്തെ പിന്നോക്കാവസ്ഥയുമാണ് ഇടതു പാര്‍ട്ടികള്‍ ആയുധമാക്കുന്നത്. പുരളിയ ജില്ലയിലെ 9 മണ്ഡലങ്ങള്‍ ബാങ്കുറയില്‍ മൂന്ന് പടിഞ്ഞാറന്‍ മേധനിപ്പൂരില്‍ 6 മണ്ഡലങ്ങളിലുമാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അസമിലെ 65 നിയോജക മണ്ഡലങ്ങളിലേക്കുള്ള പരസ്യപ്രചാരണമാണ് ഇന്ന് അവസാനിക്കുക. കോണ്‍ഗ്രസ്സ് സഖ്യവും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യവും തമ്മിലാണ് അസമില്‍ പ്രധാന പോരാട്ടം. പ്രവര്‍ത്തകരുടെ ആവേശം അതിരു കടക്കാതിരിക്കാന്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇരു സംസ്ഥാനങ്ങളിലും ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News