എതിര്‍ക്കളത്തില്‍ മുഖ്യമന്ത്രിയായിട്ടും കുലുക്കമില്ല; അഞ്ചുവര്‍ഷത്തെ ജനവിരുദ്ധഭരണത്തിനെതിരെ പുതുപ്പള്ളിയില്‍ പ്രചരണവുമായി ജെയ്ക് സി തോമസ്

കോട്ടയം: പുതുപ്പള്ളിയുടെ മാനംകാക്കാന്‍ മണ്ഡലത്തില്‍ നിറഞ്ഞ പ്രചരണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. രണ്ടു വ്യക്തികള്‍ തമ്മിലുള്ള മത്സരം എന്നതിനപ്പുറം അഞ്ചുവര്‍ഷത്തെ ജനവിരുദ്ധഭരണത്തിന് എതിരെയാണ് ജെയ്ക്കിന്റെ മത്സരം. അഴിമതിക്കും അധികാര കുത്തകയ്ക്കുമെതിരെ യുവത പോര്‍മുഖം തുറന്നാണ് പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസിന്റെ പ്രചരണം. എസ്എഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്റായ ജയ്ക് സി തോമസിനെയാണ് ഉമ്മന്‍ചാണ്ടിയെ എതിരിടാന്‍ ഇടതുപക്ഷം നിയോഗിച്ചത്.

ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തുടങ്ങിയ അതേ പ്രായമാണിപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനും. സ്ഥാനാര്‍ഥിയെന്ന് സ്വയം പരിചയപ്പെടുത്തി എളിമയോടെയുള്ള ജയ്ക്കിന്റെ ഇടപെടല്‍ മണ്ഡലത്തിന് പരിചയമായിത്തുടങ്ങി. ‘അന്ന് കുഞ്ഞൂഞ്ഞിന് കഴിഞ്ഞത് ഇന്ന് മോനും കഴിയട്ടെ”പഴയ തലമുറയുടെ ആശംസ. എസ്എഫ്‌ഐയിലെ ചേട്ടനല്ലേയെന്ന് പുതുതലമുറയുടെ പരിചയം പുതുക്കല്‍. സ്‌കൂള്‍ കുട്ടികളോട്, വീട്ടില്‍ തന്റെ കാര്യം പറയണമെന്ന് ജയ്കിന്റെ ഓര്‍മപ്പെടുത്തല്‍. ജെയ്ക് സി തോമസിന്റെ പ്രചരണം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്.

26-ാം വയസില്‍ ആദ്യ അങ്കത്തിന് എത്തുമ്പോള്‍, എതിര്‍ക്കളത്തില്‍ മുഖ്യമന്ത്രിയായിട്ടും ജയ്കിന് കുലുക്കമില്ല. പത്താം ക്ലാസിലും പ്ലസ്ടുവിലും 80 ശതമാനത്തിലേറെ മാര്‍ക്ക് വാങ്ങിയ മിടുക്കന്റെ ആത്മബലം തന്നെയാണ് ജയ്കിന്റെ മുഖത്തെപ്പോഴും. കെഎസ്എഫ് സംസ്ഥാന ഭാരവാഹിയായിരുന്ന വൈക്കം വിശ്വനും എസ്എഫ്‌ഐ സംസ്ഥാന ഭാരവാഹികളായ കെ സുരേഷ് കുറുപ്പ്, പികെ ബിജു എന്നിവര്‍ക്കും ശേഷം കോട്ടയത്തുനിന്ന് എസ്എഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്റ് പദവിയില്‍ എത്തിയ ഈ വിദ്യാര്‍ഥി പുതുപ്പള്ളി മണ്ഡലത്തിലെ മണര്‍കാട് സ്വദേശിയാണ്.

ആഴത്തിലുള്ള വായനയും പ്രസംഗ നേതൃപാടവവും ജെയ്ക്കിനെ വ്യത്യസ്തനാക്കുന്നു. കോട്ടയം സിഎംഎസ് കോളേജില്‍ ഒന്നരമാസത്തോളം നീണ്ട സമരവുമായി ബന്ധപ്പെട്ടാണ് ജെയ്ക്കിലെ പോരാളി കരുത്താര്‍ജിക്കുന്നത്. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സില്‍ എംഎ വിദ്യാര്‍ത്ഥിയാണ് ജയ്ക്. മണര്‍കാട് ചിറയില്‍ പരേതനായ എംടി തോമസിന്റെയും അന്നമ്മയുടെയും മകനാണ്. സിപിഐഎം കോട്ടയം ഏരിയ കമ്മിറ്റി അംഗവും കൂടിയാണ് ജയ്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News