ട്വന്റി-20യിലെ ഇന്ത്യയുടെ തോല്‍വി ആഘോഷിച്ച് ശ്രീനഗര്‍ എന്‍ഐടിയില്‍ പ്രകടനം; വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം; എന്‍ഐടി അനിശ്ചിതകാലത്തേക്ക് അടച്ചു

ശ്രീനഗര്‍: ഇന്ത്യയുടെ ട്വന്റി-20 തോല്‍വിയുടെ പേരില്‍ ശ്രീനഗറിലെ എന്‍ഐടിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. കാശ്മീരി വിദ്യാര്‍ത്ഥികളും ഇതരസംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്. ശ്രീനഗറിലെ ഹസ്രത്ബല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ വ്യാഴാഴ്ച്ചയാണ് സംഭവം.

സെമിയില്‍ നിന്ന് ഇന്ത്യ പുറത്തായത് ഒരുകൂട്ടം കാശ്മീരി വിദ്യാര്‍ത്ഥികള്‍ പടക്കംപൊട്ടിച്ച് ആഘോഷിച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. ഇത് മറ്റു വിദ്യാര്‍ത്ഥികളെ ചൊടിപ്പിച്ചു. തുടര്‍ന്ന് ഇരുവിഭാഗം തമ്മില്‍ വാക്കുതര്‍ക്കം ഉടലെടുക്കുകയും അത് സംഘര്‍ഷത്തിലേക്ക് കടക്കുകയായിരുന്നു. സംഘര്‍ഷം അതിരുവിട്ടതോടെ സിആര്‍പിഎഫ് സ്ഥലത്തെത്തി കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. തങ്ങളെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കാശ്മീരി വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് എന്‍ഐടി അനിശ്ചിത കാലത്തേക്ക് അടച്ചതായി അധികൃതര്‍ അറിയിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും ഹോസ്റ്റലിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ കാശ്മീരി വിദ്യാര്‍ത്ഥികള്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതായും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ ക്രിക്കറ്റ് ആരാധകര്‍ നിരാശരായിരിക്കുമ്പോള്‍ കാശ്മീരില്‍ ആഹ്ലാദപ്രകടനം നടത്തുന്നതിനെ കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് ഷേക്ക് അബ്ദുള്‍ റാഷിദ് എംഎല്‍എ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here