പെണ്‍കുട്ടിയെ പിന്തുടര്‍ന്നു ശല്യപ്പെടുത്തുകയും അശ്ലീലം പറയുകയും ചെയ്ത ടെക്കി നാട്ടുകാരുടെ കൈക്കരുത്തറിഞ്ഞു; ബംഗളുരുവില്‍ നാട്ടുകാര്‍ യുവാവിനെ കെട്ടിയിട്ട്് തല്ലിച്ചതയ്ക്കുന്നതു കാണാം

ബംഗളുരു: യുവതിയെ പിന്തുടര്‍ന്നു ശല്യപ്പെടുത്തുകയും അശ്ലീല കമന്റടിക്കുകയും ചെയ്ത ടെക്കി നാട്ടുകാരുടെ കൈയൂക്കറിഞ്ഞു. നിയമം കൈയിലെടുക്കുന്നതു തെറ്റാണെങ്കിലും പൊലീസ് എത്താന്‍ വൈകിയപ്പോള്‍ നാട്ടുകാര്‍തന്നെ കൈകാര്യം ചെയ്യുകയായിരുന്നു. ബംഗളുരുവിലെ ഒരു ഐടികമ്പനിയില്‍ ജോലി ചെയ്യുന്ന ശ്രീ രാമമൂര്‍ത്തിയെയാണ് നാട്ടുകാര്‍ പോസ്റ്റില്‍ കെട്ടിയിട്ട് കൈകാര്യം ചെയ്തത്. ഇതിന്റെ വീഡിയോയെടുത്തു സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ബംഗളുരു ബസവേശ്വരനഗറിലാണു സംഭവം.

ഭാര്യയും രണ്ടു കുട്ടികളുമുള്ളയാളാണ് രാമമൂര്‍ത്തി. ഇന്നലെ രാവിലെയാണ് ഇരുപത്തഞ്ചുകാരിയായ യുവതിയെ രാമമൂര്‍ത്തി പിന്തുടര്‍ന്ന് അശ്ലീലം പറഞ്ഞത്. കുറച്ചു ദിവസമായി ഇതു തുടര്‍ന്നിരുന്നു. ഒരാഴ്ച മുമ്പ് യുവതിയുടെ ഭര്‍ത്താവ് രാമമൂര്‍ത്തിയെ താക്കീത് ചെയ്യുകയും ചെയ്തതാണ്. ഇന്നലെ രാമമൂര്‍ത്തി ഇതാവര്‍ത്തിച്ചതോടെ യുവതി ഭര്‍ത്താവിനെ വിളിക്കുകയായിരുന്നു. തല്‍ക്ഷണം കൂട്ടുകാരുമായി സ്ഥലത്തെത്തിയ ഭര്‍ത്താവ് രാമമൂര്‍ത്തിയെ പിടിച്ച് അടുത്തുള്ള ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിടുകയായിരുന്നു.

പോസ്റ്റില്‍ കെട്ടിയിടാന്‍ ശ്രമിച്ചപ്പോള്‍ യുവതിയുടെ ഭര്‍ത്താവിനെ രാമമൂര്‍ത്തി മര്‍ദിക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് കൂടെയുണ്ടായിരുന്നവര്‍ പൊലീസ് വരുന്നതു കാത്തുനില്‍ക്കാതെ രാമമൂര്‍ത്തിയെ കൈവച്ചത്. രാമമൂര്‍ത്തിയുടെ ഭാര്യയുടെ അഭ്യര്‍ഥന മാനിച്ച് പരാതിയില്‍ നിന്നു യുവതി പിന്‍മാറി. ശക്തമായ താക്കീതു നല്‍കി ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് എഴുതിവപ്പിച്ചാണ് പൊലീസ് രാമമൂര്‍ത്തിയെ വിട്ടയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News