റിയാദ്: എണ്ണ ഉല്‍പാദനത്തിലെ കുത്തകയെന്ന സ്ഥാനം ഒഴിയാനൊരുങ്ങി സൗദി അറേബ്യ. എണ്ണയെ അടിസ്ഥാനമാക്കിയുള്ള വരുമാനത്തില്‍ ഇടിവു വരികയും സാമ്പത്തികമായി തകര്‍ച്ചയുടെ വക്കിലെത്തുകയും ചെയ്ത സൗദി രണ്ടായിരം കോടി ഡോളര്‍ (ഏകദേശം 132459 കോടി ഇന്ത്യന്‍ രൂപ) വിവിധ ബിസിനസ് മേഖലകളിലായി നിക്ഷേപിക്കാനാണ് രാജ്യത്തിന്റെ പദ്ധതി. ഇതിനായി പൊതു നിക്ഷേപ നിധി രൂപീകരിക്കും.
ലോകത്തുതന്നെ ഒരു രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപമായിരിക്കും ഇത്. ലോക സോഫ്റ്റ് വെയര്‍ ഭീമന്‍മാരായ ഗൂഗിളും ആപ്പിളും മൈക്രോസോഫ്റ്റും ഒന്നിച്ചു വാങ്ങാന്‍ മതിയായ തുകയാണു സൗദി നിക്ഷേപം കണ്ടെത്തുന്നത്. അടുത്തവര്‍ഷത്തോടെ പൊതു നിക്ഷേപത്തിനുള്ള നടപടികളാകുമെന്ന് ഉപ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ബ്ലൂംബര്‍ഗിനു നല്‍കിയ അഭിമുഖത്തിലാണ് രാജകുമാരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇരുപതു വര്‍ഷത്തിനുള്ളില്‍ എണ്ണ വ്യാപരത്തെ ആശ്രയിച്ചു കഴിയുന്ന രാജ്യമല്ലാതാകുകയാണ് സൗദിയുടെ പദ്ധതി. എണ്‍പതുവര്‍ഷം മുമ്പാണ് സൗദി എണ്ണ വ്യാപാരത്തില്‍ മാത്രം അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയായത്. ഇക്കാലമത്രയും രാജ്യത്തിന്റെ വികസനത്തിന്റെ അടിത്തറ എണ്ണ വില്‍പനയിലൂടെയുള്ള വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു. ഇതിനൊരു മാറ്റം വരുത്താനാണ് സൗദി ഭരണകൂടത്തിന്റെ പദ്ധതി.
നീക്കത്തിന്റെ ഭാഗമായി സൗദി അരാംകോ കമ്പനിയുടെ ഓഹരികളായിരിക്കും സൗദി ആദ്യം വിറ്റഴിക്കുക. അടുത്തവര്‍ഷം ആദ്യം തന്നെ ആരാംകോയിലെ ഓഹരികള്‍ വിറ്റഴിക്കും. അരാംകോയുടെ ഓഹരികള്‍വിറ്റഴിച്ചാല്‍തന്നെ ഗൂഗിളും ആപ്പിളും മൈക്രോസോഫ്റ്റും വാങ്ങാനുള്ള പണമാകുമെന്നാണ് വിലയിരുത്തല്‍. വരും നാളുകളില്‍ എണ്ണ ഉല്‍പാദനത്തില്‍ കാര്യമായ കുറവ് സൗദി അറേബ്യ വരുത്തുമെന്നുതന്നെയാണ് വിലയിരുത്തല്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here