കുവൈത്തില്‍ തൊഴില്‍ നിയമത്തില്‍ മാറ്റം വരുത്തുന്നു; ഒരു സ്‌പോണ്‍സറുടെ കീഴില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഇഖാമ മാറ്റാം

കുവൈത്ത് സിറ്റി: ഒരു സ്‌പോണ്‍സറുടെ കീഴില്‍ മൂന്നു വര്‍ഷം ജോലിചെയ്തവര്‍ക്ക് അനുയോജ്യമായ മറ്റിടങ്ങളിലേക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ ഇഖാമ മാറ്റാന്‍ അനുമതി. തൊഴില്‍ കരാര്‍ ഇറങ്ങിയതുമുതല്‍ മൂന്നു വര്‍ഷം കഴിഞ്ഞ തൊഴിലാളിക്ക് ആവശ്യമെങ്കില്‍ അനുയോജ്യമായ മറ്റ് തൊഴിലിടങ്ങളിലേക്ക് മാറുന്നതിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ മൂന്നുവര്‍ഷം തികയുന്നതിനുമുമ്പാണെങ്കില്‍ മാറുന്ന വിവരം തൊഴിലുടമയെ അറിയിക്കണം. മാന്‍പവര്‍ അതോറിറ്റി ഔദ്യോഗിക വക്താവും പബ്‌ളിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയുമായ അസീല്‍ അല്‍ മസീദ് വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

മുന്നറിയിപ്പ് നോട്ടീസ് നല്‍കാതെ മൂന്നുവര്‍ഷം കഴിഞ്ഞ് ജോലിക്ക് വരാതിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തൊഴിലുടമയ്ക്ക് കഴിയും. ഒരേ തൊഴില്‍കരാറില്‍ മൂന്നു വര്‍ഷം കഴിഞ്ഞവര്‍ക്ക് ബന്ധപ്പെട്ട കാര്യാലയങ്ങളെ സമീപിച്ചാല്‍ വിസ മാറ്റുന്നതിന് തടസ്സമുണ്ടാവില്ല. സര്‍ക്കാര്‍ കരാറിലുള്ള തൊഴിലാളികള്‍ക്ക് വിസ മാറുന്നതിന് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കണമെന്ന നിബന്ധന ബാധകമല്ല.

എന്നാല്‍ കരാര്‍ കാലാവധി അവസാനിക്കുകയും സര്‍ക്കാറിന് കീഴിലുള്ള മറ്റ് വകുപ്പുകളിലേക്ക് തൊഴിലാളികളെ മാറ്റേണ്ട ആവശ്യം ഇല്ലാതിരിക്കണം. പുതിയ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ കരാറുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട തൊഴിലാളികളെ പ്രത്യേക ടെക്‌നിക്കല്‍ തസ്തികകളിലേക്ക് വിസ മാറ്റാനാണ് അനുവദിക്കുക. വിദഗ്ധ തൊഴില്‍ മേഖലകളിലേക്കല്ലാതെ വിസ മാറ്റണമെങ്കില്‍ നിശ്ചിത നിരക്ക് ഫീസ് ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here