കേരളത്തിലെ പ്രമുഖ മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയി? ഐപിഎസ് ഉദ്യോഗസ്ഥനൊപ്പം ദില്ലിയിലെത്തി മന്ത്രി മകളെ മോചിപ്പിച്ചു; വൻ തുക മോചനദ്രവ്യം നൽകിയതായും സൂചന

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ മന്ത്രിയുടെ കൗമാരക്കാരിയായ മകളെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി വാർത്ത. ഐപിഎസ് ഉദ്യോഗസ്ഥനൊപ്പം മന്ത്രി നേരിട്ടു ദില്ലിയിലെത്തി സംഘത്തിൽനിന്ന് മകളെ മോചിപ്പിച്ചതായുമാണ് സൂചന. മംഗളം ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കുറച്ചു ദിവസം മുമ്പായിരുന്നു സംഭവമെന്നും ക്രൈം ത്രില്ലറിനെ വെല്ലുന്ന സംഭവങ്ങളാണ് ദില്ലിയിലുണ്ടായതെന്നും വാർത്ത ചൂണ്ടിക്കാട്ടുന്നു. എത്ര രൂപയാണ് മോചനദ്രവ്യമായി നൽകിയതെന്നും വ്യക്തമല്ല.

വാർത്തയുടെ പ്രസക്തഭാഗം ഇങ്ങനെ: ദില്ലിയിൽ പഠിക്കുന്ന മകളെ കാണാനില്ലെന്ന വിവരമാണ് തിരുവനന്തപുരത്ത് ആദ്യം ലഭിച്ചത്. കുട്ടി സ്വന്തം ഇഷ്ടപ്രകാരം പോയതാണോ അതോ തട്ടിക്കൊണ്ടുപോയതാണോ എന്ന് ആദ്യം വ്യക്തമായിരുന്നില്ല. അതിനാൽ നീക്കങ്ങൾ രഹസ്യമായിരുന്നു. മാധ്യമങ്ങൾ വിവരം അറിയാതിരിക്കാൻ മന്ത്രിയുടെ കൂട്ടരും അതീവ ശ്രദ്ധ പുലർത്തി. മന്ത്രിയുടെ വിശ്വസ്തനായ ഐപിഎസ് ഉദ്യോഗസ്ഥനാണ് കാര്യങ്ങൾ നീക്കിയത്.

പൊലീസിൽ പരാതിപ്പെടാൻ ആദ്യം മന്ത്രി തീരുമാനിച്ചെങ്കിലും ഐപിഎസ് ഉദ്യോഗസ്ഥൻ വിലക്കി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം പുറത്തുപോയാൽ തന്റെ രാഷ്ട്രീയഭാവിക്കു തടസമാകുമെന്നു മന്ത്രിയും ധരിച്ചു. തുടർന്ന് ഐപിഎസ് ഉദ്യോഗസ്ഥനും കുറച്ചു വിശ്വസ്തരുമായി ദില്ലിയിലെത്തിയ മന്ത്രി നേരിട്ടു മകളെ തട്ടിക്കൊണ്ടുപോയ സംഘവുമായി ചർച്ച നടത്തുകയായിരുന്നു. ദില്ലിയിൽ കുട്ടി നിരന്തരം ബന്ധപ്പെടുന്നവരുമായി പൊലീസ് അന്വേഷിക്കുന്നുണ്ട്.

കുട്ടിയെ മോചിപ്പിക്കാൻ വൻതുക തന്നെ മന്ത്രി നൽകിയെന്നാണ് സൂചന. എന്നാൽ തുകയെത്രയാണെന്നു വ്യക്തമല്ല. ദില്ലിയിൽ എവിടെനിന്നാണു കുട്ടിയെ മോചിപ്പിച്ചതെന്നും അറിവില്ല. തട്ടിക്കൊണ്ടുപോയവരെക്കുറിച്ചു കുട്ടിക്കു വ്യക്തമായ ധാരണയുണ്ടായിരുന്നു. ആരാണു തട്ടിക്കൊണ്ടുപോയതെന്നു വ്യക്തമായിട്ടും പരാതിക്കും കേസിനും പോകേണ്ടെന്നാണ് മന്ത്രിയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News