രാജഭക്തിയും ദേശീയതയും

‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കാന്‍ തയ്യാറില്ലാത്തവര്‍ ദേശദ്രോഹികളാണ് എന്ന് അധിക്ഷേപിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്ക് കൂട്ടായി കോണ്‍ഗ്രസുകാരുമുണ്ട് എന്ന് ഈയിടെ വാര്‍ത്തകള്‍ വന്നിരുന്നു. പ്രശസ്ത ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ് പൗരാണിക-മധ്യകാല ഇന്ത്യാചരിത്രത്തില്‍ ഒരിടത്തും ഭാരതമാതാവിന്റെ സങ്കല്‍പമില്ല എന്നും അതൊരു യൂറോപ്യന്‍ സങ്കല്‍പനത്തിന്റെ ഇന്ത്യന്‍ പതിപ്പാണെന്നും വ്യക്തമാക്കിയിരുന്നു. എന്തായാലും ‘ദേശീയത’ ഒരു മുഖ്യ പ്രചാരണായുധമാക്കി മാറ്റാനാണ് സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നവലിബറല്‍ സാമ്പത്തികനയങ്ങള്‍ നടപ്പിലാക്കുന്നതുമൂലം കഷ്ടതയനുഭവിച്ചുവരുന്ന ജനങ്ങള്‍ അതിനെതിരായ യോജിച്ച പോരാട്ടത്തിലേക്ക് വരുന്നതിനെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ‘ദേശീയത അപകടത്തില്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി ജനശ്രദ്ധ തിരിച്ചുവിടുന്നതിനായി സംഘപരിവാര്‍ സംഘടിതമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇർഫാൻ ഹബീബ്

ദേശീയത, ദേശസ്നേഹം, ദേശഭക്തി എന്നീ സങ്കല്‍പനങ്ങള്‍ക്ക് ഹിന്ദു പുനരുജ്ജീവനവാദപരമായ വ്യാഖ്യാനം നല്‍കി ഇന്ത്യയെ സംഘപരിവാര്‍ ഉദ്ദേശിക്കുന്നതരത്തിലുള്ള ഒരു ആക്രമണോത്സുക ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രമാക്കി മാറ്റുന്നതിനുവേണ്ടിയാണ് അവര്‍ ശ്രമിച്ചുവരുന്നത്. ‘മനുസ്മൃതി’ പറയുന്നത് രാജാവ് (ഭരണാധികാരി) ദൈവത്തിന്റെ പ്രതിപുരുഷനാണെന്നാണ്. ബ്രഹ്മാവ് രാജാവിനെ സൃഷ്ടിക്കുന്നതുതന്നെ ഇന്ദന്‍, വായു, യമന്‍, അര്‍ക്കന്‍, അഗ്‌നി, വരുണന്‍, ചന്ദ്രന്‍, കുബേരന്‍, എന്നിവരുടെ നിത്യങ്ങളായ സാര്‍ഥകങ്ങളെ ഒന്നിച്ചുചേര്‍ത്തുകൊണ്ടാണെന്ന് മനുസ്മൃതി പറയുന്നു. അതായത് രാജാവ് സാധാരണ മനുഷ്യനല്ല; മറിച്ച് ദൈവാംശത്തോടെ ജനിക്കുന്നവനുമാണ്. രാജവാഴ്ചയ്ക്കുകീഴില്‍ ജനങ്ങള്‍ യാതൊരു അധികാരവുമില്ലാത്ത പ്രജകള്‍ മാത്രമാണ്. അവര്‍ രാജാവിനെതിരായി കലാപം ചെയ്യാതിരിക്കണമെങ്കില്‍, രാജാവിന് കീഴൊതുങ്ങി ജീവിക്കണമെങ്കില്‍ ഇങ്ങനെ ചില സങ്കല്‍പനങ്ങളൊക്കെ ഭരണവര്‍ഗം അന്ന് പ്രയോഗിച്ചുകാണും. മര്‍ദകവര്‍ഗം ഈശ്വരനെയും മതത്തെയുമൊക്കെ മര്‍ദനോപകരണമായി ഉപയോഗപ്പെടുത്തുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്.

ദൈവത്തോടോ, ദേവന്മാരോടോ, മാതാപിതാക്കളോടോ, ഗുരുക്കന്മാരോടോ, തോന്നുന്ന ബഹുമാനാദരപൂര്‍വമായ സ്നേഹമാണ് ഭക്തി. ഇതില്‍ ദൈവത്തിന്റെ സ്ഥാനത്തേക്ക് രാജാവിനെ സ്ഥാപിച്ചെടുത്താല്‍ സ്വാഭാവികമായും രാജാവിനും ജനങ്ങളില്‍നിന്നും ദൈവത്തെപ്പോലെ ഭക്തി ലഭ്യമാകും. ഇങ്ങനെയാണ് രാജഭക്തി എന്ന സങ്കല്‍പനംതന്നെ രൂപപ്പെടുന്നത്. ഈ ഭക്തി രാജാവിനോടു മാത്രമല്ല ഏതൊരു ഭരണാധികാരിയോടും ജനങ്ങള്‍ക്ക് ഉണ്ടാകണം എന്നാണ് ഇന്നവര്‍ ദേശീയത, ദേശസ്നേഹം, ദേശഭക്തി എന്നീ സങ്കല്‍പനങ്ങളിലൂടെ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നത്. രാജഭരണകാലത്ത് പ്രജയ്ക്ക് രാജാവിനോട് ഭക്തിയുണ്ടാവുന്നത് ഭരണം സുഗമമാക്കുന്നതിന് ഗുണംചെയ്യും. പക്ഷേ രാജഭരണകാലത്തുതന്നെ സ്വന്തം അമ്മാവനായ കംസന്‍ എന്ന രാജാവിനെ കൃഷ്ണന്‍ കൊന്നിട്ടുണ്ടെന്നും അത് ശരിയായിരുന്നുവെന്നും ഹിന്ദു പുരാണങ്ങള്‍തന്നെ പറയുന്നുണ്ട്. ബാലിയും സുഗ്രീവനും തമ്മിലും യുദ്ധമുണ്ടായിട്ടുണ്ട്.
ഈ രാജഭക്തി ജനാധിപത്യ വ്യവസ്ഥയില്‍ ഭരണാധികാരിയോട് പൗരന്‍ കാണിക്കേണ്ടതുണ്ടോ? ഇല്ല എന്നാണ് ഉത്തരം. പ്രജയില്‍നിന്ന് ഏറെ വ്യത്യസ്തമാണ് പൗരന്റെ പദവി. അവന്/അവള്‍ക്ക് ആരാണ് തന്നെ ഭരിക്കേണ്ടത് എന്ന് നിശ്ചയിക്കാനുള്ള അവകാശമുണ്ട്. അതുകൊണ്ടുതന്നെ പൗരന് ഭരണാധികാരികളുടെ ദുഷ്ചെയ്തികളെ എതിര്‍ക്കാം. ആവശ്യമെങ്കില്‍ ഭരണാധികാരിയെ മാറ്റാനുമുള്ള അധികാരമുണ്ട്. അതുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ തങ്ങളുടെ കൊളോണിയല്‍ ആധിപത്യകാലത്ത് കൊണ്ടുവന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹം സംബന്ധിച്ച 124 എ വകുപ്പ് ജനാധിപത്യ ഇന്ത്യയില്‍ അപ്രസക്തമായിട്ടും ബിജെപി ഗവണ്‍മെന്റിനെതിരായി പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവരെയൊക്കെ രാജ്യദ്രോഹികളായി മുദ്രകുത്തുന്ന സംഘപരിവാര്‍ ശ്രമങ്ങള്‍ ജനാധിപത്യവിരുദ്ധമാകുന്നത്.

ഇവിടെയാണ് 1935ല്‍ പ്രസിദ്ധീകൃതമായ ഫാസിസ്റ്റ് തത്വശാസ്ത്രം എന്ന കൃതിയില്‍ മുസോളിനി ദേശീയതയ്ക്കു നല്‍കിയിട്ടുള്ള നിര്‍വചനവും സംഘപരിവാറിന്റെ ദേശീയതാ സിദ്ധാന്തവും തമ്മിലുള്ള പാരസ്പര്യം വ്യക്തമാവുന്നത്. ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന് പ്രധാനപ്പെട്ട അഞ്ച് സിദ്ധാന്തങ്ങള്‍ ഉള്ളതായാണ് മുസ്സോളിനി ആ കൃതിയില്‍ പറഞ്ഞിരിക്കുന്നത്. അതില്‍ രണ്ടാമത്തെ സിദ്ധാന്തം ദേശീയതയ്ക്കുമേല്‍ ഭരണകൂ ടത്തിനുള്ള പ്രാമുഖ്യം വ്യക്തമാക്കുന്നതാണ്. മുസ്സോളിനി പറയുന്നു” ദേശീയത (രാഷ്ട്രം) അല്ല ഭരണകൂടത്തിന് ജന്മംനല്‍കുന്നത്…. ഭരണകൂടമാണ് ദേശീയത സൃഷ്ടിക്കുന്നത്”. ദേശീയതയ്ക്കുമേല്‍ ഭരണകൂടത്തിന് പ്രാമുഖ്യം നല്‍കുന്ന ഈ സിദ്ധാന്തത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് ഇപ്പോള്‍ സംഘപരിവാര്‍ ഇവിടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഭരണാധികാരിയോട് ഭക്തികാണിക്കലാണ് രാജ്യസ്നേഹം അല്ലെങ്കില്‍ ദേശീയത എന്നാണവര്‍ പറയുന്നത്. ഇതനുസരിച്ച് ഇന്ത്യന്‍ ദേശീയതയ്ക്ക് ജന്മംനല്‍കുന്ന ഭരണകൂട മേധാവിയാണ് മോഡി.
ഇതേ ഗ്രന്ഥത്തില്‍തന്നെ ജനാധിപത്യത്തോടുള്ള ഫാസിസത്തിന്റെ നിലപാടും മുസ്സോളിനി വ്യക്തമാക്കിയിട്ടുണ്ട്. ”ജനാധിപത്യത്തെ തള്ളിക്കളയുന്നതിലൂടെ ഫാസിസം തള്ളിക്കളയുന്നത് രാഷ്ട്രീയതുല്യത എന്ന യുക്തിഹീനമായ മാമൂല്‍ നുണയെത്തന്നെയാണ്”. കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള ഗവണ്‍മെന്റുകളെ ഭരണഘടനയുടെ 356-ാം വകുപ്പ് ഉപയോഗപ്പെടുത്തി ഒന്നൊന്നായി പിരിച്ചുവിട്ടുകൊണ്ട് ജനാധിപത്യത്തോടുള്ള വിപ്രതിപത്തിയാണ് ബിജെപി പ്രകടമാക്കുന്നത്. മോഡി ഭരണകൂടം നീങ്ങുന്നത് അമിതാധികാരവാഴ്ചയിലേക്കാണ്. അതിനെതിരായി ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News