മണിയുടെ മരണം കീടനാശിനി മൂലം തന്നെ; കരൾരോഗം മരണകാരണമായിട്ടില്ല; ദുരൂഹതകൾക്കു മറുപടി നൽകി പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാരുടെ റിപ്പോർട്ട്

തൃശൂർ: കലാഭവൻമണിയുടെ മരണത്തിന് കരൾരോഗം കാരണമായിട്ടില്ലെന്നും ശരീരത്തിലെത്തിയ കീടനാശിയാണ് ജീവനെടുത്തതെന്നും പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ. ക്ലോർപൈറിഫോസ് എന്ന കീടനാശിനി ഉള്ളിൽചെന്നതു തന്നെയാണ് മണിയുടെ മരണകാരണം എന്നു വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ പൊലീസിനു കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ആദ്യമായാണ് മണിയുടെ മരണം സംബന്ധിച്ച് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ എന്തെങ്കിലും വ്യക്തമാക്കുന്നത്.

രാസപരിശോധനയുടെ അടിസ്ഥാനത്തിലാണ് ഡോക്ടർമാരുടെ റിപ്പോർട്ട്. കരൾരോഗം മണിയുടെ മരണം വേഗത്തിലാക്കിയിട്ടുണ്ട്. എന്നാൽ അതാണു മരണകാരണമെന്നു പറയാൻ പറ്റില്ല. മണിയെ ചികിത്സിച്ച ഇടപ്പള്ളി അമൃത ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രാസവസ്തു സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. ഇതു കണ്ടെത്താൻ വിദഗ്ധ പരിശോധന വേണമെന്നും അമൃതയിലെ ലാബ് റിപ്പോർട്ടിലുണ്ട്.

രോഗിയുടെ നില മോശമായതിനാലാകാം അത്തരമൊരു പരിശോധന നടത്തിയിട്ടില്ലെന്നും മെഡിക്കൽ കോളജിലെ ഫോറൻസിക് വിദഗ്ധരായ ഡോ പി എ ഷിജു, ഡോ. ഷെയ്ക്ക് സക്കീർ ഹുസൈൻ എന്നിവർ പൊലീസിന് നൽകിയ അന്തിമ റിപ്പോർട്ടിൽ പറയുന്നുണ്ട്. മദ്യത്തിലൂടെ ശരീരത്തിലെത്തുന്ന മെഥനോൾ മരണകാരണമാകാൻ തക്ക അളവിലുണ്ടായിരുന്നില്ല. അതിനാൽ രാസവിഷം തന്നെയാണു മണിയുടെ ജീവനെടുത്തത്. പച്ചക്കറിയിലൂടെയാണോ നേരിട്ടാണോ അകത്തെത്തിയതെന്നു കണ്ടെത്താനാകില്ല. അതു പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമാകാത്ത കാര്യമാണ്. അതേസമയം, പച്ചക്കറിയിലൂടെ അകത്തെത്തുന്ന വിഷാംശം പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്താവുന്ന അളവിൽ രക്തത്തിൽ കലരിലെന്ന വാദവും ഉയരുന്നുണ്ട്. ഇത്തരത്തിൽ കേരള കാർഷിക സർവകലാശാലയിലെ വിദഗ്ധർ നടത്തിയ പഠന റിപ്പോർട്ടും പൊലീസ് പരിശോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News