ഉമ്മൻചാണ്ടിക്കു മുന്നിൽ ഹൈക്കമാൻഡും സുധീരനും ‘തോറ്റു’; കളങ്കിതരെ മാറ്റിനിർത്താനുള്ള സുധീരതന്ത്രം ഏശിയില്ല; അഴിമതിക്കാർ എല്ലാ മന്ത്രിമാരും മത്സരിക്കും

ദില്ലി: മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാശിക്കു മുന്നിൽ ഹൈക്കമാൻഡും വി എം സുധീരനും തോൽവി സമ്മതിച്ചു. കളങ്കിതരും ആരോപണവിധേയരും മത്സരരംഗത്തുണ്ടാകാൻ പാടില്ലെന്ന കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ നിർദേശം തള്ളി ഉമ്മൻചാണ്ടിയുടെ താൽപര്യങ്ങൾക്കു പരിഗണന കൊടുക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചു. അഴിമതിക്കേസിൽ പെട്ടവരടക്കം എല്ലാ മന്ത്രിമാരും സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിച്ചു. ഉമ്മൻചാണ്ടിയുടെ നിലപാടുകൾ അംഗീകരിക്കണമെന്ന ലീഗിന്റെ സമ്മർദവും സുധീരനും ഹൈക്കമാൻഡിനും തിരിച്ചടിയായി.

നേരത്തേ, മുഖ്യമന്ത്രി എ കെ ആന്റണിക്ക് പ്രധാന എ ഗ്രൂപ്പ് നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഉമ്മൻചാണ്ടിയുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തങ്ങൾ ഒന്നടങ്കം തെരഞ്ഞെടുപ്പുരംഗത്തുനിന്നു മാറിനിൽക്കാനായിരുന്നു എ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. ആലുവയിലും കണ്ണൂരിലും യോഗം ചേർന്ന് ഇവർ തങ്ങളുടെ തീരുമാനം ഉമ്മൻചാണ്ടിയെയും കെപിസിസി നേതൃത്വത്തെയും അറിയിച്ചു. അതിനിടെ, തനിക്കു മത്സരിക്കാനാകുമെന്ന പ്രതീക്ഷ കൈവിട്ടതായി കെ ബാബു വ്യക്തമാക്കി.

അടൂർ പ്രകാശിനും കെ ബാബുവിനും സീറ്റ് വേണമെന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിലപാടിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയാണുണ്ടായിരുന്നത്. കളങ്കിതർ മത്സരിക്കേണ്ടെന്ന നിലപാടായിരുന്നു രാഹുൽഗാന്ധിക്കും. എന്നാൽ ജയസാധ്യത കണക്കിലെടുത്താൽ മതിയെന്ന നിലപാടിലേക്കു ലീഗിന്റെ ഇടപെടലോടെ സോണിയാ ഗാന്ധി മലക്കം മറിയുകയായരുന്നു. ആരോപണവിധേയരെ മത്സരിപ്പിക്കില്ലെന്ന കടുത്ത നിലപാടിൽ തന്നെയായിരുന്നു സുധീരൻ. ഈ സാഹചര്യത്തിലാണ് സ്ഥാനാർഥി നിർണയ ചർച്ചകൾ വഴിമുട്ടി ദില്ലിയിൽനിന്നു മുഖ്യമന്ത്രി രാവിലെ നാട്ടിലേക്കു തിരിച്ചത്. കൊച്ചിയിൽ വിമാനമിറങ്ങിയ മുഖ്യമന്ത്രി പുതുപ്പള്ളിയിലേക്കു പോയി. പട്ടിക ഇന്നു വരുമെന്നും അതുകഴിഞ്ഞു പ്രതികരിക്കാമെന്നുമായിരുന്നു നെടുമ്പാശേരിയിൽ മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.

പ്രതിസന്ധി മൂർഛിക്കുന്ന ഘട്ടത്തിൽ മത്സരിക്കാതിരിക്കാൻ തയാറാണെന്നു ബെന്നി ബെഹന്നാനും ഡൊമനിക് പ്രസന്റേഷനും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. തനിക്കു മത്സരിക്കാനാകുമെന്ന പ്രതീക്ഷയില്ലെന്നാണ് കെ ബാബു പ്രതികരിച്ചത്. എ ഗ്രൂപ്പ് യോഗത്തിൽ വികാരാധീനനായാണ് ഉമ്മൻചാണ്ടി പങ്കെടുത്തത്. കളങ്കിതരെ സംരക്ഷിക്കുന്നവനെന്ന കുറ്റം മേൽ തന്റെ മേൽ ചാർത്താനാണ് കോൺഗ്രസിലെ ചിലരുടെ ശ്രമം. രണ്ടു സീറ്റല്ല പ്രശ്‌നമെന്നും തന്റെ സഹപ്രവർത്തകരെ ഒറ്റപ്പെടുത്തുന്നതാണ് പരിഹരിക്കേണ്ടതെന്നും ഉമ്മൻചാണ്ടി ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു.

പ്രശ്‌ന പരിഹാരത്തിനായി മുസ്ലിം ലീഗ് രംഗത്തെത്തിയതോടെയാണ് സുധീരൻ തിരിച്ചടി നേരിട്ടത്. ഉമ്മൻചാണ്ടിയെ പരസ്യമായി പിന്തുണച്ചാണ് ലീഗ് രംഗത്തെത്തിയത്. ഉമ്മൻചാണ്ടിയില്ലാതെ യുഡിഎഫിന് മുന്നോട്ടു പോകാനാവില്ലെന്ന് ലീഗ് നേതാക്കൾ കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടിയെ ഒഴിവാക്കുന്നത് ആത്മഹത്യാപരമാണെന്നും ലീഗ് നേതാക്കൾ അറിയിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും മുഖ്യമന്ത്രിയുമായും സംസാരിച്ചു. യുഡിഎഫിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് തെരഞ്ഞെടുപ്പു രംഗത്ത് സജീവമാകാനാണ് ലീഗ് ഇടപെടുന്നതെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News