പശ്ചിമബംഗാളിലും അസമിലും ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ

ദില്ലി: പശ്ചിമബംഗാള്‍, അസം സംസ്ഥാനങ്ങളിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. അസമില്‍ 65 മണ്ഡലങ്ങളിലേക്കും പശ്ചിമബംഗാളില്‍ 18 മണ്ഡലങ്ങളിലേക്കുമാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

മുഖ്യമന്ത്രി തരുണ്‍ ഗൊഗോയും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സര്‍ബാനന്ദ സോനാവാളും ഇന്ന് അസാമില്‍ ജനവിധി തേടും. 126 മണ്ഡലങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ 65 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ്. 43 വനിതാ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെട 539 പേരാണ് ജനവിധി തേടുന്നത്. തുടര്‍ഭരണം ലക്ഷ്യമിട്ട് തിത്താബോര്‍ മണ്ഡലത്തില്‍ നിന്ന് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയും മജൗലിയില്‍ നിന്ന് ബിജെപി യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും കേന്ദ്രകായിക മന്ത്രിയുമായ സര്‍ബാനന്ദ സോനാവാളുമാണ് ജനവിധി തേടുന്നവരില്‍ പ്രമുഖര്‍. ബിജെപി അസംഗണപരിഷത്ത് ബോഡോ പീപ്പിള്‍സ് ഫ്രണ്ട് സഖ്യത്തിനാണ് മേല്‍കൈ പ്രവചിക്കുന്നതെങ്കിലും അതൊന്നും വിലപോവില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ബംഗ്ലാദേശി അഭയാര്‍ഥികളോടും അനധികൃത കുടിയേറ്റ മുസ്ലീങ്ങളോടുമുള്ള വിരുദ്ധ നിലപാട് ബിജെപി വിനയാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. ന്യൂനപക്ഷ മുസ്ലീംങ്ങളുടെയും തോട്ടം തൊഴിലാളികളുടേയും വോട്ടിങ്ങ് ശതമാനത്തില്‍ ബദറുദീന്‍ അജമലിന്റെ എഐയുഡിഎഫിനും നിര്‍ണായക സ്വാധീനമാണ് ഉള്ളത്. രാഷ്ടീയ ചരിത്രത്തില്‍ അസമില്‍ കണ്ടിട്ടില്ലാത്ത പ്രചരണമായിരുന്നു ഇക്കഴിഞ്ഞ രണ്ടാഴ്ച്ചയില്‍ നടന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത്ഷാ, സമൃതി ഇറാനി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെല്ലാം വോട്ട് ചോദിച്ച് സംസ്ഥാനത്ത് എത്തി. ഭരണവിരുദ്ധ വികാരം ഉയര്‍ത്തി പ്രചാരണം നടത്തിയ ബിജെപിക്ക് എതിരെ കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങല്‍ ഉയര്‍ത്തികാട്ടിയാണ് കോണ്‍ഗ്രസ് മറുപടി നല്‍കിയത്. മാവോവാദി ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് 12000ത്തില്‍ അധികം വരുന്ന ബൂത്തുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്.
ബംഗാളില്‍ മാവോയിസ്റ്റുകള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിനാല്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക. പുരളിയ ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങള്‍, ബാങ്കുറയില്‍ മൂന്ന്, പടിഞ്ഞാറന്‍ മേധനീപ്പൂറില്‍ ആറ് മണ്ഡലങ്ങളിലുമാണ് ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 18 മണ്ഡലങ്ങളില്‍ 13 ഉം മാവോയിസ്റ്റ് സ്വാധീന മേഖലകളാണ്. ഈ മണ്ഡലങ്ങളില്‍ വൈകുന്നേരം നാല് മണിക്ക് പോളിങ്ങ് അവസാനിക്കും. മാവോയിസ്റ്റുകള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുള്ളതിനാല്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 4945 പോളിങ്ങ് സ്റ്റേഷനുകളിലായി നാല്‍പ്പത് ലക്ഷം വോട്ടര്‍മാരാണ് ഈ ഘട്ടത്തില്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തുക.133 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തിന്റെ ആദ്യ പാഥ വോട്ടെടുപ്പില്‍ മത്സരരംഗത്തുള്ളത. സംസ്ഥാന ഗോത്രക്ഷേമ മന്ത്രിയും തൃണമൂല്‍ നേതാവുമായ സുകുമാര്‍ ഹന്‍സ്ദ,സി പി ഐ എം മുന്‍ ലോക്‌സഭാംഗം ഡോക്ടര്‍ പുലിന്‍ ബിഹാരി ബസ്‌കെ തുടങ്ങിയവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News