ജമ്മു കാശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി മെഹബൂബ മുഫ്തി അധികാരമേറ്റു; സത്യപ്രതിജ്ഞ ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ 13-ാമത് മുഖ്യമന്ത്രിയായി പിഡിപി നേതാവ് മെഹബൂബ മുഫ്തി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജമ്മു കശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി കൂടിയാണ് മെഹബൂബ. പഴയ മന്ത്രിസഭയിലുണ്ടായിരുന്ന പിഡിപി അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ എന്‍എന്‍ വോറ സത്യവാചകം ചൊല്ലിക്കൊടുത്തു.

ധന- ഐടി സഹമന്ത്രിയായിരുന്ന പവന്‍കുമാര്‍ ഗുപ്തയ്ക്ക് പകരം ബിജെപി പുതിയ ആളെ മന്ത്രിയായി നിര്‍ദേശിക്കും. പാര്‍ട്ടി എംഎല്‍എമാരേക്കാള്‍ കൂടുതല്‍ പ്രാധാന്യം സ്വതന്ത്രര്‍ക്ക് നല്‍കുന്നു എന്ന വിമര്‍ശത്തെ തുടര്‍ന്നാണ് നടപടി. ഇരുപാര്‍ട്ടികളും കൈകാര്യം ചെയ്തിരുന്ന വകുപ്പുകളില്‍ മാറ്റമുണ്ടാകില്ല. ആഭ്യന്തരം, ധനകാര്യം, റവന്യൂ, നിയമം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ പിഡിപി മന്ത്രിമാര്‍ക്ക് നല്‍കും. ആരോഗ്യം, നഗരവികസനം, വൈദ്യുതി, വാണിജ്യം, പൊതുജനാരോഗ്യം തുടങ്ങിയ വകുപ്പുകള്‍ ബിജെപി മന്ത്രിമാര്‍ക്കും ലഭിക്കും.

മുസ്ലിംവിഭാഗത്തില്‍നിന്ന് മുഖ്യമന്ത്രിയാകുന്ന രണ്ടാമത്തെ വനിതയാണ് മെഹബൂബ മുഫ്തി. 1980ല്‍ അസമില്‍ സയീദ അന്‍വാറ തായ്മൂറാണ് ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തിയ മുസ്ലിം വനിത.

അതേസമയം, പിഡിപി ബിജെപി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു. അവിശുദ്ധ കൂട്ടുകെട്ടാണ് പിഡിപിയും ബിജെപിയും തമ്മിലുള്ളതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ജമ്മുകാശ്്മീര്‍ പിസിസി വക്താവ് രവീന്ദര്‍ ശര്‍മ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പിഡിപിയും ബിജെപിയും ജനവിധിയോട് ആദരവില്ലാതെയാണ് പെരുമാറിയത്. ആശയപരമായി ഒരു തരത്തിലും യോജിക്കാനാവാത്ത ഇരു പാര്‍ട്ടികളും ജമ്മു കാശ്മീരിന്റെ അടിസ്ഥാന പ്രശ്‌നങ്ങളിലുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതയ്ക്കിടയിലാണ് അധികാരത്തോട് ആര്‍ത്തി മൂത്ത് സര്‍ക്കാരുണ്ടാക്കിയതെന്ന് രവീന്ദര്‍ ശര്‍മ്മ പരിഹസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here