കൊച്ചി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വെട്ടിനിരത്തല്‍ ഉറപ്പായതോടെ തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള നീക്കത്തില്‍നിന്ന് കോണ്‍ഗ്രസ് എംഎല്‍എ ബെന്നി ബെഹനാന്‍ നാടകീയമായി പിന്മാറി. തൃക്കാക്കരയില്‍ മത്സരിക്കാനില്ലെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെ താല്‍പര്യക്കുറവാണ് പിന്മാറാന്‍ കാരണം എന്നും ബെന്നി വ്യക്താമാക്കി. സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉറച്ചുനിന്ന് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും പ്രതിസന്ധിയുണ്ടാക്കാനില്ല എന്നും ബെന്നി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. കെപിസിസി പ്രസിഡന്റ് വിഎം സുധീരന് താല്‍പര്യമില്ലാത്തതാണ് പിന്മാറാന്‍ കാരണം. മുഖ്യമന്ത്രിക്കോ പാര്‍ട്ടിക്കോ പ്രതിസന്ധിയുണ്ടാക്കാനില്ല. വിഎം സുധീരന്‍ മറ്റ് പേരുകള്‍ നിര്‍ദ്ദേശിച്ചതാണ് തൃക്കാക്കരയില്‍ തര്‍ക്കമുണ്ടാവാന്‍ കാരണം. തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി ആരായാലും മുന്നണിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.
താന്‍ സ്വാതന്ത്ര്യസമര സേനാനിയുടെ മകനാണ്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് അച്ഛനും ആഗ്രഹിച്ചിട്ടില്ല. താന്‍ കാരണം പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ ആക്കണമെന്ന് ആഗ്രഹിക്കുന്നില്ല. മത്സരിക്കാനില്ല എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കരുത് എന്ന് കെപിസിസി പ്രസിഡന്റ് തന്നെ പറഞ്ഞതിനാല്‍ ഇനി സ്ഥാനാര്‍ത്ഥിത്വത്തിനായി അഗ്രഹിക്കുന്നില്ല. പ്രതിപക്ഷം പോലും തനിക്കെതിരെ ഇതുവരെ ഒരു ആക്ഷേപവും ഉന്നയിച്ചിട്ടില്ലെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.
തൃക്കാക്കരയില്‍ ബെന്നി ബഹനാനെ മാറ്റി പിടി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് വിഎം സുധീരന്റെ നീക്കം. ഗ്രൂപ്പിനുള്ളില്‍ വിള്ളല്‍ വീഴ്ത്താനുറച്ചാണ് ഈ നീക്കം നടത്തിയത്. ബെന്നി ബഹനാന്റെ പിന്മാറ്റത്തോടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തര്‍ക്കം മറനീക്കി പുറത്തുവന്നിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ബെന്നിയുടെ പിന്മാറ്റമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മന്ത്രിമാരെ ഒഴിവാക്കാന്‍ കഴിയില്ലെന്ന മുഖ്യമന്ത്രിയുടെ പിടിവാശിക്ക് മറുപടിയായാണ് ബെന്നിയെ ഒഴിവാക്കി എ ഗ്രൂപ്പ് നേതാവ് കൂടിയായ പിടി തോമസിന് സീറ്റു നല്‍കാന്‍ ഹൈക്കമാന്‍ഡ് നീക്കം നടത്തുന്നത്. കഴിഞ്ഞ തവണ തോമസിന് സീറ്റ് നല്‍കിയിരുന്നില്ല എന്നതും ഇതിന് അനുകൂലമായി ഹൈക്കമാന്‍ഡ് ഉയര്‍ത്തിക്കാട്ടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here