നടി പ്രത്യുഷ ഗര്‍ഭിണിയായിരുന്നു?; മരണത്തിന് തലേന്ന് സുഹൃത്തിന്റെ പാര്‍ട്ടിയില്‍ കാമുകനൊപ്പം മദ്യപിച്ചു; മരണത്തില്‍ ദുരൂഹതയേറുന്നു

മുംബൈ: ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട സീരിയല്‍ താരം പ്രത്യുഷ ബാനര്‍ജി രണ്ടു മാസം ഗര്‍ഭിണിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഫോറന്‍സി സര്‍ജന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇത് സ്ഥിരീകരിക്കാനായി ഇവരുടെ ഗര്‍ഭാശയത്തില്‍ നിന്നുള്ള സാമ്പിളുകള്‍ ജെ.ജെ ആസ്പത്രിയിലേക്ക് പരിശോധനയ്ക്കയച്ചതായി മിഡ് ഡേ പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. ഗര്‍ഭപാത്രത്തില്‍ കട്ടിയുള്ള ദ്രവം കാണപ്പെട്ടതായും ഇത് ഗര്‍ഭധാരണത്തിന്റെ ആദ്യ നാളുകളാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

അതേസമയം, ആത്മഹത്യ ചെയ്തതിന്റെ തലേദിവസം പ്രത്യുഷ കാമുകന്‍ രാഹുലിനൊപ്പം സുഹൃത്തിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നെന്നും അവിടെ വച്ച് ഇരുവരും മദ്യപിച്ചിരുന്നെന്നും വെളിപ്പെടുത്തലുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് രാഹുല്‍ രാജ് സിംഗിനെ ഇന്നലെയും പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ ശ്വാസ തടസം അനുഭവപ്പെട്ട രാഹുലിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രത്യുഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം ആത്മഹത്യയെ സാധൂകരിക്കുന്ന തെളിവുകളാണ് ലഭിച്ചത്. പ്രത്യുഷയുടെ ഇടത് കൈയ്യില്‍ ബ്ലേഡ് വെച്ച് മുറിച്ചതിന്റെ പാടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞമാസം രണ്ടു തവണ നടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നെന്നും സുഹൃത്തുകള്‍ പറഞ്ഞിരുന്നു.

pratysha-body
അതിനിടെ തന്റെ മകന്‍ നിരപരാധിയാണെന്നും കാര്യമില്ലാതെയാണ് ടിവി താരങ്ങള്‍ രാഹുലിനെ കുറ്റപ്പെടുത്തുന്നതെന്നും അച്ഛന്‍ ഹര്‍ഷവര്‍ധന്‍ സിംഗ് പറഞ്ഞു. പ്രത്യുഷയും രാഹുലും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു. പ്രത്യുഷക്ക് ചില സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. നേരത്തെ രാഹുലിനെതിരെ ആരോപണവുമായി പ്രത്യുഷയുടെ അമ്മ സോമ ബാനര്‍ജി രംഗത്തെത്തിയിരുന്നു. ഇരുവരും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങളായിരുന്നുവെന്നും മാതാവ് പറഞ്ഞു. പ്രത്യുക്ഷയെ രാഹുല്‍ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് നടിയുടെ സുഹൃത്തുക്കളുടെ ആരോപണം.

രാഹുലിന് പുറമെ നടിയുടെ മുന്‍ കാമുകന്‍ മാര്‍കണ്ഡ് മല്‍ഹോത്ര എന്ന വ്യവസായിയുമായുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മല്‍ഹോത്ര തന്നെയും പിതാവിനെയും മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയും നടി നേരത്തെ ഉന്നയിച്ചിരുന്നു. മല്‍ഹോത്രയുമായുള്ള ബന്ധമൊഴിഞ്ഞ ശേഷമാണ് പ്രത്യുഷ രാഹുല്‍ രാജുമായി അടുത്തത്.

കഴിഞ്ഞദിവസമാണ് 24കാരിയായ പ്രത്യുഷയെ മുംബൈ സബര്‍ബനിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാഹുല്‍ രാജ് സിംഗുമായുള്ള വിവാഹം അടുത്തിടെ നടക്കാനിരിക്കെയാണ് പ്രത്യുഷയുടെ മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here