സരിതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; സരിതയ്ക്ക് വിശ്വാസ്യതയില്ല; പ്രതി പരാതിക്കാരനെ കൂട്ടുപിടിക്കുന്നതെന്തിനെന്നും ഹൈക്കോടതി

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സരിത എസ് നായര്‍ക്ക് വിശ്വാസ്യതയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്താണ് മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി സരിത വരുന്നത്. രാഷ്ട്രീയക്കളിയില്‍ ഹൈക്കോടതിയ്ക്ക് താല്‍പര്യമില്ലെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ പരാതിയുണ്ടെങ്കില്‍ സരിത പരാതിയുമായി വരണം. പരാതിക്കാരന് വേണ്ടി പ്രതി എങ്ങനെ ഹാജരാകും. പരാതിയുണ്ടെങ്കില്‍ ശ്രീധരന്‍ നായര്‍ വരട്ടെ. മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കാന്‍ എന്തിന് ശ്രീധരന്‍നായരെ കൂട്ടുപിടിക്കുന്നുവെന്നും ഹൈക്കോടതി ചോദിച്ചു. ശ്രീധരന്‍ നായര്‍ പരാതിക്കാരനായ സോളാര്‍ തട്ടിപ്പ് കേസിലാണ് ഹൈക്കോടിയുടെ വിമര്‍ശനം.

സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. കോടതിയുടെ സമയം വെറുതെ പാഴാക്കാനില്ലെന്ന് ഹൈക്കോടി നിരീക്ഷിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നിരവധി ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലുണ്ട്. അതിനിടെയാണ് സരിതയുടെ ഇത്തരം പരാതിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുകള്‍ നല്‍കാന്‍ തയ്യാറെന്ന് സരിത ഹൈക്കോടതിയെ അറിയിച്ചു. തെളിവുകള്‍ പൊലീസിനെ ഏല്‍പ്പിച്ചാല്‍ നഷ്ടപ്പെടുമെന്ന് ഭയമുണ്ട് എന്നും സരിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel