പുനഃസൃഷ്ടിക്കാം അക്ഷയകൃഷിയുടെ സുന്ദരലോകം; കാര്‍ഷികപരിസ്ഥിതി സമീപനത്തിലൂടെ; എംവി രശ്മി എഴുതുന്നു

രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കി മിത്രകീടങ്ങളെ സംരക്ഷിച്ചുകൊണ്ട് കീടനിയന്ത്രണം നടത്തി പച്ചക്കറികൃഷിയുല്പാദനത്തില്‍ മുന്നേറ്റം നടത്തിയ ഗ്രാമമാണ് പാലക്കാട് ജില്ലയിലുള്ള വടക്കഞ്ചേരിയിലെ കുറുവ. കൃഷി ഓഫീസറായ എംവി രശ്മി ഗവേഷണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഈ പദ്ധതി സംസ്ഥാനത്തിനുതന്നെ മാതൃകയായിരുന്നു. ഈ നേട്ടം സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരത്തിനും അര്‍ഹയാക്കി. തന്റെ കൃഷി പരീക്ഷണ വഴികളെപ്പറ്റി എംവി രശ്മി എഴുതുന്നു.

കീടനാശിനികളും രാസവളങ്ങളും ഒഴിവാക്കി വാണിജ്യടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി ആരംഭിക്കുമ്പോള്‍ കുറുവായിലെ കര്‍ഷകര്‍ക്ക് ആകുലതകള്‍ ഉണ്ടായിരുന്നു. നെല്‍കൃയഷിയില്‍ വളരെ വിജയകരമായി നടപ്പിലാക്കിയ മിത്രകീടങ്ങളെ സംരക്ഷിച്ചു കൊണ്ടുള്ള കീടനിയന്ത്രണം പച്ചക്കറി കൃഷിയിലും സാധ്യമാകുമോ എന്നും സംശയമായിരുന്നു.
Agriculture-3

നെല്‍പാടത്ത് ധാരാളം വെള്ളം ഉള്ളതിനാല്‍ നുട്രല്‍സും അവയെ ആശ്രയിക്കുന്ന മിത്രകീടങ്ങളും തുടക്കം മുതല്‍ക്കേ സംപുഷ്ടമായിരിക്കും. ആ പാടത്താണ് നാം വിത്ത് വിത്തക്കുകയോ ഞാറു നടുകയോ ചെയ്യുന്നത്. ഈ കാരണത്താല്‍ തന്നെ നെല്‍കൃഷിയിലെ കീടനിയന്ത്രണം താരതമ്യേന എളുപ്പമാണ്. പക്ഷെ പച്ചക്കറികൃഷിയില്‍ ഈ സാഹചര്യം ഇല്ല. ചെടി നട്ട് അതില്‍ കീടങ്ങള്‍ വന്നതിനു ശേഷം മാത്രമാണ് അവയുടെ മിത്രകീടങ്ങള്‍ പച്ചക്കറിപാടത്ത് എത്തുകയുള്ളൂ. ഈ കാത്തിരുപ്പ്കാലത്തെ എത്ര ക്ഷമയോടെ സ്വീകരിക്കുന്നുവോ അത്രയും വിജയസാദ്ധ്യത ഏറും ജൈവപച്ചക്കറി കൃഷിക്കും.

ചെടി നട്ട് ഒരു മാസത്തിനുശേഷം നെല്‍പ്പാടത്ത് കാണുന്ന മിത്രകീടങ്ങളായ സുന്ദരി വണ്ടുകള്‍, ചീവിടുകള്‍, സിര്‍ട്ടോ റിനസ് ചാഴി, നീണ്ട കൊമ്പുള്ള പുല്‍ച്ചാടികള്‍, നിരവധികളായ പരാദികള്‍ എന്നിവ പച്ചക്കറികളിലെ പ്രധാന കീടങ്ങളായ മുഞ്ഞകള്‍, ഹോപ്പെറുകള്‍, പുഴുക്കള്‍, എന്നിവയെ നശിപ്പിക്കാന്‍ എത്തുന്നു. ഇപ്രകാരം രാസകീടനാശിനി പ്രയോഗം ഒഴിവാക്കികൊണ്ടുതന്നെ പച്ചക്കറികൃഷിയിറക്കാനാകും എന്ന് തെളിയിക്കുകയാണ് കുറുവായിലെ കര്‍ഷകര്‍.

Agri

അപ്പോള്‍ മറ്റൊരു ചോദ്യം സ്വാഭാവികമാണ്..? ഈ ഒരു മാസത്തെ കാത്തിരിപ്പ് കാലത്തെ എങ്ങനെ കര്‍ഷകര്‍ നേരിടും..? വളരെ ലളിതമാണിത്. ചെടി നട്ട് ആഴ്ച്ചതോറുമുള്ള കീടരോഗ സര്‍വേയും, കീടങ്ങളെ കണ്ടാലുടന്‍ ജൈവ കീടനാശിനികളായ വേപ്പെണ്ണ, എമല്‍ഷരന്‍ – ഗോമുത്രം – കാന്താരിമുളക് മിശ്രിതം, പുകയിലകഷായം, എന്നിവ തളിക്കുകയും, അവശിഷ്ടകീടങ്ങളെ ഒരാഴ്ച ഇടവേളയില്‍ വെര്‍ട്ടി സിലിയം തളിക്കുകയും ചെയ്താല്‍ പൂര്‍ണചമായ കീടനിയന്ത്രണം സാധ്യമാവും എന്ന് ഈ കര്‍ഷകകര്‍ ഇന്നു മനസിലാക്കുന്നു.

മിത്രകീടങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനായി വയലേലകളില്‍ ജൈവ വൈവിധ്യ സംരക്ഷണത്തിനും കര്‍ഷകര്‍ പ്രാമുഖ്യം നല്‍കുകന്നു. എള്ള്, മാങ്ങാനാറി, കാട്ടുകടുക്, തുമ്പ, മുക്കുറ്റി, വിവിധതരം കളകള്‍ തുടങ്ങിയ നാട്ടുപച്ചകളെ നശിപ്പിക്കാതെ കൃഷിയിടത്തിന്റെ വൈവിധ്യവല്‍ക്കരണം മിത്രകീടങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്നു എന്ന് തിരിച്ചറിയുകയാണ് ഈ കര്‍ഷകര്‍.

Agriculture-1

ഒരു കൃഷിരീതി എന്നതിലുപരിയായി പരിസ്ഥിതി സംരക്ഷണവും ജീവിതദര്‍ശനവുമാണ് ജൈവകൃഷി എന്ന് ഈ സമൂഹത്തിനു മുമ്പില്‍ കാണിച്ചുതന്ന കുറുവായിലെ കര്‍ഷക സുഹൃത്തുക്കളെ, നിങ്ങള്‍ക്ക് എന്റെ പ്രണാമം. നിറകണ്ണുകളോടെ കുറുവായില്‍ നിന്നു മടങ്ങുമ്പോള്‍ മനസ്സിലാക്കുന്നു. കാര്‍ഷിക പരിസ്ഥിതി സമീപനത്തിലൂടെ മാത്രമേ പ്രകൃതിയെയും, കൃഷിയും, കര്‍ഷകകനെയും സംരക്ഷിക്കാനാകൂ എന്ന്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here