ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലയറുക്കുമായിരുന്നെന്ന് ബാബാ രാംദേവ്; ഭരണഘടനയോടു ബഹുമാനം ഉള്ളതുകൊണ്ടാണ് ചെയ്യാത്തതെന്നും രാംദേവ്

രോഹ്തക്: ഭാരത് മാതാ കീ ജയ് എന്നു വിളിക്കാത്തവരുടെ തലയറുക്കാത്തത് ഭരണഘടനയിൽ തനിക്ക് ബഹുമാനം ഉള്ളതുകൊണ്ടാണെന്ന് ആൾദൈവം ബാബാ രാംദേവ്. കഴിഞ്ഞ ദിവസമാണ് രാംദേവിന്റെ വിവാദപ്രസ്താവന ഉണ്ടായത്. തനിക്ക് ഇന്ത്യയുടെ ഭരണഘടനയോടു ബഹബുമാനമാണ്. അല്ലെങ്കിൽ ഭാരത് മാതാ കീ ജയ് എന്നു വിളിക്കാത്ത നൂറുകണക്കിന് പേരെ താൻ തലയറുക്കുമായിരുന്നു എന്നാണ് രാംദേവ് പറഞ്ഞത്. മാധ്യമങ്ങളോടായിരുന്നു രാംദേവിന്റെ പ്രതികരണം. ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നതിൽ ജനങ്ങൾക്ക് അൽപമെങ്കിലും നാണം തോന്നണം. മാതൃരാഷ്ട്രത്തോടു ബഹുമാനം ഉണ്ടാകണമെന്നും രാംദേവ് പറഞ്ഞു.

ഭാരത് മാതാ കീ ജയ് വിളിക്കുന്നതിനെ ചൊല്ലിയാണ് ഇപ്പോൾ തർക്കം നടക്കുന്നത്. ഇന്ത്യയിൽ നിൽക്കുന്നുണ്ടെങ്കിൽ ഭാരത് മാതാ കീ ജയ് വിളിക്കാൻ തയ്യാറാകണം. അല്ലാത്തവർക്ക് ഇന്ത്യയിൽ താമസിക്കാൻ അവകാശമില്ലെന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും പറഞ്ഞിരുന്നു. എന്നാൽ, തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെടുകയായിരുന്നെന്ന് അടുത്ത ദിവസം തന്നെ ഫട്‌നാവിസ് വിശദീകരണം നൽകിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ബാബാ രാംദേവിന്റെ തലയറുക്കൽ പ്രസ്താവന വരുന്നത്.

അസദുദ്ദീൻ ഒവൈസിയുടെ പ്രസ്താവനയോടെയാണ് ഭാരത് മാതാ കീ ജയ് വിവാദം വീണ്ടും തലപൊക്കിയത്. കഴുത്തിൽ കത്തിവച്ചു ആവശ്യപ്പെട്ടാലും ഭാരത് മാതാ കീ ജയ് വിളിക്കില്ലെന്നായിരുന്നു ഒവൈസിയുടെ പ്രസ്താവന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here