ചെറുകാറുകളോട് കിടപിടിക്കാൻ മഹീന്ദ്രയുടെ പുതിയ എസ്‌യുവി; ന്യായവിലയിൽ മഹീന്ദ്ര നുവോസ്‌പോർട്ട് വിപണിയിൽ

ചെറുകാർ വിപണിയിൽ പുതിയ വെല്ലുവിളിയുമായി മഹീന്ദ്ര നുവോസ്‌പോർട് വിപണിയിലെത്തി. 4 മീറ്ററിൽ ചെറിയ കാറാണ് നുവോസ്‌പോർട്. ഈ കാറ്റഗറിയിൽ മഹീന്ദ്രയുടെ മൂന്നാമത്തെ വാഹനമാണ് ഇത്. കെയുവി 100, ടിയുവി 300 എന്നിവയ്‌ക്കൊപ്പമായിരിക്കും വിപണിയിൽ നുവോസ്‌പോർട്ടിന്റെ സ്ഥാനം. കുറഞ്ഞ വിലയിൽ ഒരു സ്‌പോർട്‌സ് യൂടിലിറ്റി വാഹനമാണ് നുവോസ്‌പോർട്. മഹീന്ദ്രയുടെ തന്നെ അത്ര വിജയമല്ലാതിരുന്ന ക്വാണ്ടോക്ക് പകരക്കാരനായാണ് നുവോസ്‌പോർടിന്റെ വരവ്.

എൻ 4, എൻ 8 വേരിയന്റുകളിൽ വാഹനം ലഭ്യമാകും. എൻ 4 വേരിയന്റിന് 7.35 ലക്ഷം രൂപയാണ് വില. എൻ 8 വേരിയന്റിന് 9.76 ലക്ഷം രൂപ വരെ വിലവരും. ക്വാണ്ടോയേക്കാൾ ഭംഗിയേറ്റിയാണ് പകരക്കാരന്റെ വരവ്. പ്രത്യേകിച്ച് മുൻവശത്തിന്റെ രൂപകൽപനയിൽ ക്വാണ്ടോയിൽ നിന്നും ഏറെ മാറ്റം വരുത്തിയിരിക്കുന്നു. കൂടുതൽ മോഡേണും സ്‌പോർടിയുമാണ് നുവോസ്‌പോർട്. എൽഇഡി ഡിആർഎല്ലുകളാണ് മുൻവശത്തിന്റെ പ്രത്യേകത. ഹെഡ്‌ലൈറ്റിനു മുകളിലായി എൽഇഡി ഡിആർഎല്ലുകൾ സ്ഥാപിച്ചിരിക്കുന്നു. അൽപം വൈഡാണ് ഡിആർഎല്ലുകൾ. വെർട്ടിക്കലായിട്ടുള്ള ഗ്രില്ലും വാഹനത്തിന്റെ ഭംഗിയേറ്റുന്നു.

വശങ്ങൾ അത്ര മനോഹരമല്ല. ഒപ്പം പിൻവശം കണ്ടാൽ ക്വാണ്ടോ ആണെന്നു തന്നെ തോന്നും. ഒരൽപം കർവി ആക്കിയിട്ടുള്ളതൊഴിച്ചാൽ മറ്റു കാര്യമായ മാറ്റങ്ങൾ പിൻഭാഗത്തില്ല. ടെയിൽ ലൈറ്റുകളും സ്‌പെയർ വീൽ കവറും എല്ലാം അതുപോലെ തന്നെ.

മഹീന്ദ്രയുടെ പുതിയ എംഹോക് 100 എന്ന 3 സിലിണ്ടർ ഡീസൽ എൻജിൻ ആണ് വാഹനത്തിനു കരുത്തു പകരുന്നത്. ടിയുവി 300-ലും ഇതേ എൻജിൻ തന്നെയാണ് ഉപയോഗിച്ചിരുന്നതെങ്കിലും ടിയുവി 300നേക്കാൾ പിഎസ് നൽകും നുവോസ്‌പോർട്. 100പിഎസ് കരുത്തു സൃഷ്ടിക്കുന്നുണ്ട് നുവോസ്‌പോർടിന്റെ എൻജിൻ. ടിയുവി 300-ൽ 80 പിഎസ് കരുത്തായിരുന്നു സൃഷ്ടിച്ചിരുന്നത്. 240 എൻഎം ടോർക്ക് നൽകും. എൻ 6, എൻ 8 വേരിയന്റുകൾ 5 സ്പീഡ് മാനുവൽ ഗിയർബോക്‌സാണ്. എൻ 4 എന്ന ബേസ് വേരിയന്റാകട്ടെ 5 സ്പീഡ് എഎംടി ഗിയർബോക്‌സും.

നുവോസ്‌പോർടിന്റെ പെട്രോൾ വേരിയന്റ് വൈകാതെ വിപണിയിൽ എത്തുമെന്ന് മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. 17.45 കിലോമീറ്റർ പെർ ലീറ്റർ ആണ് വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News