കേരളത്തെക്കുറിച്ച് നല്ല സ്വപ്നങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരെ കേള്‍ക്കാനും ചേര്‍ന്നുനില്‍ക്കാനും; പിണറായി വിജയന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാശനം ചെയ്തു

തിരുവനന്തപുരം: കൂടുതല്‍ ആളുകളിലേക്ക് ആശയങ്ങള്‍ എത്തിക്കുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളെയും എല്ലാകാലത്തും കമ്യൂണിസ്റ്റുകാര്‍ ആശ്രയിച്ചിട്ടുണ്ടെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. തന്റെ വെബ്‌സൈറ്റ് ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവമാധ്യമരംഗത്ത് കമ്യൂണിസ്റ്റുകാര്‍ ഇടപെടുന്നതില്‍ ചില കോണുകളില്‍നിന്ന് അസഹിഷ്ണുത ഉയരുന്നുണ്ട്. പാര്‍ട്ടി രൂപംകൊണ്ട കാലംമുതല്‍ ആശയപ്രചാരണത്തിന് സ്വന്തം മാധ്യമം വേണമെന്ന് മനസിലാക്കിയവരാണ് കമ്യൂണിസ്റ്റുകാര്‍. ആദ്യകാലത്ത് അച്ചടിമാധ്യമങ്ങളെയാണ് ആശ്രയിച്ചത്. ഇന്ന് നവമാധ്യമങ്ങള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. പൊതുപ്രവര്‍ത്തകര്‍ നവമാധ്യമങ്ങളില്‍നിന്ന് മാറി നിന്നാല്‍ വലിയൊരുവിഭാഗം ജനങ്ങളിലേക്ക് എത്താന്‍ കഴിയാതെവരും. രാജ്യത്ത് ടെക്‌നോപാര്‍ക്ക് എന്ന ആശയത്തിനുതന്നെ തുടക്കമിട്ടത് ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. കേരളത്തിന്റെ വികസനത്തില്‍ ഇന്ന് നാട്ടിലുള്ളവരുമായി മാത്രമല്ല സംവദിക്കേണ്ടത്. രാജ്യത്തിനകത്തും പുറത്തും നിരവധി മലയാളി സഹോദരങ്ങള്‍ ഉണ്ട്. കേരളത്തെ പുതുക്കിപ്പണിയുന്നതില്‍ വ്യക്തമായ കാഴ്ചപ്പാടുള്ളവരും കേരളത്തെക്കുറിച്ച് നല്ല സ്വപ്നങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരുമാണവര്‍. ഇവര്‍ നവമാധ്യമങ്ങളില്‍ സജീവമാണ്. അവരെ കേള്‍ക്കാനും അവരോടുചേര്‍ന്നുനില്‍ക്കാനും നവമാധ്യമങ്ങള്‍ സഹായിക്കും- പിണറായി പറഞ്ഞു.

കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ ഇന്‍ഫോസിസ് സ്ഥാപകാംഗവും മുന്‍ സിഇഒ യുമായ എസ്ഡി ഷിബുലാല്‍ ആണ് പ്രകാശനം നിര്‍വഹിച്ചത്. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ടി എന്‍ സീമ, സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ദിനേശ് ഭാസ്‌കരന്‍ വെബ്‌സൈറ്റിനെക്കുറിച്ച് വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News