ദില്ലി: തീവ്രവാദികളെന്ന് ആരോപിച്ച് 10 സിഖ് തീര്‍ത്ഥാടകരെ വെടിവെച്ചു കൊന്ന കേസില്‍ 47 പൊലീസുകാര്‍ക്ക് ജീവപര്യന്തം തടവ്. വെള്ളിയാഴ്ച വിചാരണ കോടതി ഇവര്‍ കുറ്റക്കാരെന്ന് വിധിച്ചിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍മാരും കോണ്‍സ്റ്റബിള്‍മാരും അടക്കമുള്ളവരെയാണ് പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി ശനിയാഴ്ച കണ്ടെത്തിയിരുന്നു. വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ 20 പൊലീസ് ഉദ്യോഗസ്ഥരെയും ജയിലിലടയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു.

1991 ജൂലൈ 12നാണ് കേസിനാസ്പദമായ സംഭവം. സിഖ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഉത്തര്‍പ്രദേശിലെ പിലിബിറ്റില്‍ വച്ച് തടയുകയും ബസിലുണ്ടായിരുന്ന പത്ത് പേരെ സമീപത്തെ വനത്തിലേക്ക് കൊണ്ടുപോയി വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. യാത്രക്കാരെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചായിരുന്നു വധിച്ചത്. 10 ഖാലിസ്താന്‍ തീവ്രവാദികളെ വധിച്ചു എന്ന വാദവുമായി പിറ്റേന്ന് പൊലീസ് രംഗത്തെത്തുകയും ചെയ്തു. ബസിലുണ്ടായിരുന്നവരില്‍ ചിലര്‍ ക്രിമിനലുകളും ആയുധധാരികളുമാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

സംഭവം വിവാദമായതോടെ സുപ്രീംകോടതി നിര്‍ദേശപ്രകാരം സിബിഐ കേസ് അന്വേഷിക്കുകയായിരുന്നു. തീവ്രവാദികളെ കൊന്നാല്‍ ലഭിക്കുന്ന പാരിതോഷികങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും വേണ്ടിയായിരുന്നു പൊലീസുകാര്‍ ഈ ക്രൂരകൃത്യം ചെയ്തതെന്ന് സിബിഐ കണ്ടെത്തി. 57 പൊലീസുകാര്‍ക്കെതിരെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വിചാരണ നടപടികള്‍ക്കിടയില്‍ 10 പേര്‍ മരണപ്പെടുകയായിരുന്നു.