ആറ്റിങ്ങലില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി; ഏഴു പേര്‍ പിടിയില്‍; പണം വാങ്ങി നിരവധിപേര്‍ക്ക് കാഴ്ചവച്ചെന്നും പെണ്‍കുട്ടിയുടെ മൊഴി

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അയിരൂര്‍ കിഴക്കേപ്പുറം ബിജു മന്‍സിലില്‍ അനൂപ് ഷാ (24), വടശേരിക്കോണം നിഹാസ് മന്‍സിലില്‍ ഷെഹനാസ് (19), തൊടുവേ പുതുവല്‍ പുത്തന്‍വീട്ടില്‍ സല്‍മാന്‍ (19), അയിരൂര്‍ ഫാത്തിമാ മന്‍സിലില്‍ സഹീദ് (21), ചാവര്‍കോട് ഗുലാബ് വീട്ടില്‍ സൂരത്ത് (32), ചാവര്‍കോട് ലൈല മന്‍സിലില്‍ അല്‍ അമീന്‍ (23), ഇടവ കൊച്ചുതൊടിയില്‍ ഷംനാദ് മന്‍സിലില്‍ ഷംനാദ് (21) എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മൂന്നുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. സഹോദരന്‍ മദ്യപിച്ച് അബോധാവസ്ഥയില്‍ കിടക്കുന്നെന്ന് പറഞ്ഞതനുസരിച്ചാണ് പെണ്‍കുട്ടിയെ യുവാക്കളുടെ സംഘം ആറ്റിങ്ങലില്‍ എത്തിച്ചത്. അവിടെ നിന്നു സംഘം പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി പാരിപ്പള്ളിയിലെ ആളൊഴിച്ച സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തുടര്‍ന്നുള്ള ദിവസങ്ങളിലെ പീഡനം. അതിനിടെയില്‍ സംഘത്തിലുള്ളവര്‍ പണം വാങ്ങി മറ്റുപലര്‍ക്കും പെണ്‍കുട്ടിയെ കാഴ്ചവച്ചു.

കഴിഞ്ഞ ദിവസം പാരിപ്പള്ളി സ്റ്റേഷനതിര്‍ത്തിയില്‍ വച്ച് രണ്ടുപേര്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത് കണ്ട് നാട്ടുകാര്‍ ഇടപെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാട്ടുകാരാണ് പെണ്‍കുട്ടിയെ പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിച്ചത്. തുടര്‍ന്നാണ് നടന്ന ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്.

സംഭവത്തില്‍ ഒന്നാം പ്രതി വര്‍ക്കല സ്വദേശി അമീര്‍ ഉള്‍പ്പെടെ അഞ്ചുപേരെ ഇനിയും പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News