പത്താന്‍കോട്ട് ഭീകരാക്രമണം ഇന്ത്യയുടെ നാടകമെന്ന് പാകിസ്താന്‍; ആക്രമണത്തെക്കുറിച്ച് ഇന്ത്യക്ക് മുന്‍കൂട്ടി അറിയാമായിരുന്നു; ഏറ്റുമുട്ടല്‍ നീണ്ടുനിന്നത് മണിക്കൂറുകള്‍ മാത്രം

ദില്ലി: പത്താന്‍കോട്ട് ഭീകരാക്രമണം ഇന്ത്യയുടെ നാടകമായിരുന്നുവെന്ന് പാക് അന്വേഷണസംഘം പറഞ്ഞതായി പാക് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. ഇന്ത്യക്ക് ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി അറിയാമായിരുന്നു. കൃത്യമായി തെളിവുകളൊന്നുമില്ലാതെയാണ് പാകിസ്താനാണെന്ന് ആക്രമണത്തിന് പിറകില്‍ എന്ന് ഇന്ത്യ ആരോപിക്കുന്നത്. ഇന്ത്യയിലെത്തിയ സംയുക്ത അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് പാകിസ്താന്‍ ടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പാക് അന്വേഷണ സംഘവുമായി ഇന്ത്യ സഹകരിച്ചില്ല. അന്വേഷണത്തിന് വിഘാതം സൃഷ്ടിക്കാന്‍ പലതവണ ശ്രമിക്കുകയും ചെയ്തു. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനകം പാക് പ്രധാനമന്ത്രി നവാസ് ശരീഫിന് സമര്‍പ്പിക്കുമെന്നും ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണം സംബന്ധിച്ച് ഇന്ത്യ കൈമാറിയ വിവരങ്ങളുടെ കാര്യത്തിലും അന്വേഷണസംഘം സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഏറ്റുമുട്ടല്‍ വെറും മണിക്കൂറുകള്‍ മാത്രമാണ് നീണ്ടുനിന്നത്. ഇന്ത്യ അവകാശപ്പെടുന്നതുപോലെ ദിവസങ്ങള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലുകളൊന്നും പത്താന്‍കോട്ടില്‍ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാകിസ്ഥാനില്‍ നിന്നുള്ള അഞ്ചംഗ അന്വേഷണ സംഘം മാര്‍ച്ച് അവസാനം പത്താന്‍കോട്ട് സന്ദര്‍ശിച്ച് തെളിവെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here