‘മാരി’ കുട ചൂടിക്കാന്‍ മാരാരിക്കുളം

ആലപ്പുഴപ്പട്ടണം പണ്ടുതൊട്ടേ കുടനിര്‍മ്മാണത്തിനു പേരുകേട്ടതാണ്. സെന്റ് ജോര്‍ജ്ജ് കുടകള്‍ മുതലിങ്ങോട്ട് മിക്കവാറും കേരളത്തിലെ വന്‍കിട കുടനിര്‍മ്മാതാക്കളെല്ലാം ആലപ്പുഴയാണ് അവരുടെ തട്ടകം ആക്കിയിരിക്കുന്നത്. കോടികള്‍ ചെലവഴിച്ച് ആകര്‍ഷകങ്ങളായ പരസ്യങ്ങള്‍ ചെയ്താണ് ഈ കുടക്കുത്തകകള്‍ കാലാകാലങ്ങളായി നിലനിന്നുപോരുന്നത്. എന്നാല്‍ ഒരു പരസ്യവും ഇല്ലാതെ ഇത്തരം കുടഭീമന്മാരോട് അവരുടെ തട്ടകത്തില്‍ത്തന്നെ മത്സരിച്ചുജയിക്കുകയാണ് മാരാരിക്കുളത്തിന്റെ സ്വന്തം മാരിക്കുട.

‘മഴ മഴ ..കുട കുട ..മഴ പെയ്താല്‍ മാരിക്കുട ..’ എന്ന തരത്തില്‍ ഒരു പരസ്യം പോലും ചെയ്യാതെയാണ് മാരിക്കുട മലയാളിക്ക് മഴയത്തും വെയിലത്തും തണലേകുന്നത്..

Mari-Kuda-6

മാരിക്കുടയുടെ ഉത്ഭവം ഇങ്ങനെയായിരുന്നു:

ഡോക്ടര്‍ ടിഎം. തോമസ് ഐസക് 2001ല്‍ മാരാരിക്കുളത്തിന്റെ എംഎല്‍എ ആയതാണ് മാരികുടയുടെ പിറവിക്ക് ഇടയായത്. മാരാരിക്കുളം വികസനപദ്ധതി (medicom)യുടെ ഭാഗമായി 2002ല്‍ കുടുംബശ്രീ അയല്‍കൂട്ടങ്ങളുടെ ശക്തികരണതിനായി നിരവധി സംരംഭങ്ങള്‍ ആവിഷ്‌ക്കരിച്ചിരുന്നു. മാരി എന്ന ബ്രാന്‍ഡില്‍ വിപണം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വ്യത്യസ്ത ഇനങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ മാരാരി മാര്‍ക്കറ്റിംഗ് ലിമിറ്റഡ് എന്നൊരു കമ്പനിയും രൂപവത്ക്കരിച്ചു. അച്ചാറുകള്‍, സ്‌ക്വാഷുകള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ ആദ്യഘട്ടത്തില്‍ വിപണിയില്‍ എത്തിച്ചിരുന്നെങ്കിലും ആ മേഖലയിലെ വന്‍കിട കമ്പനികളുമായി മത്സരിച്ച് പിടിച്ചുനില്ക്കാന്‍ മാരി ബ്രാന്‍ഡുകള്‍ക്ക് ആയില്ല.

Mari-Kuda-2

തുടര്‍ന്നു നടന്ന പഠനങ്ങളും ആലോചനകളും ആണ് കുടനിര്‍മ്മാണം എന്ന ആശയത്തിലേക്ക് എത്തിച്ചത്. അങ്ങനെ 2007ല്‍ മാരി കുട വിപണിയിലെത്തി. തുടക്കത്തില്‍ ചെറിയ തോതില്‍ ആയിരുന്ന ഉല്‍പ്പാദനം ഒരോ വര്‍ഷവും കൂടിക്കൂടി വന്നു. ഇന്നിപ്പോള്‍ പ്രതിവര്‍ഷം ഒരു ലക്ഷത്തോളം കുടകള്‍ മാരി ബ്രാന്‍ഡില്‍ നിര്‍മ്മിക്കപെടുന്നു. ഒരു പരസ്യത്തിന്റെയും പിന്‍ബലമില്ലാതെ മാര്‍ക്കറ്റില്‍ വന്‍കിട കുടക്കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി വിപണിയില്‍ മുന്നേറുന്നു.

Mari-Kuda-9

ആലപ്പുഴ–ചേര്‍ത്തല ദേശീയപാതയ്ക്കരികെ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് കാര്യലയത്തോടു ചേര്‍ന്നുള്ള കെട്ടിടത്തിലാണ് കുടനിര്‍മ്മാണം നടക്കുന്നത്. മുന്നൂറോളം വനിതകള്‍ ഇവിടെയും വിവിധ കേന്ദ്രങ്ങളിലും ജോലി ചെയ്തുവരുന്നു. ലാഭം ആഗ്രഹിക്കുന്ന മുതലാളി ഇല്ലാത്തതിനാലും പരസ്യത്തിനായി വന്‍തുക ചെലവഴിക്കാത്തതിനാലും കുടയുടെ വില്‍പ്പനയില്‍ നിര്‍മ്മാണസാമഗ്രികളുടെ വില കഴിച്ചുള്ള തുക മുഴുവന്‍ തൊഴിലാളികള്‍ക്ക് കൂലിയായി നല്‍കുന്നു എന്നതും എടുത്തു പറയേണ്ട കാര്യമാണ്.

Mari-Kuda-1

എന്നാല്‍ വര്‍ഷം മുഴുവന്‍ ഇവര്‍ക്ക് തൊഴില്‍ നല്കാനാകുന്നില്ല എന്നത് പരിമിതിയാണെന്ന് മാരികുടയുടെ മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ. പ്രകാശന്‍ പറയുന്നു. സബ്‌സിഡി ആയോ മറ്റേതെങ്കിലും തരത്തിലോ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു സാമ്പത്തികസഹായം ഉണ്ടായാല്‍ വര്‍ഷം മുഴുവന്‍ തൊഴില്‍ ഉറപ്പാക്കാനാകുമെന്നും തൊഴിലാളികളുടെ എണ്ണം 300ല്‍ നിന്ന് 700 ആയി ഉയര്‍ത്തി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ആകുമെന്നും പ്രകാശന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Mari-Kuda-5

വിപണിയില്‍ ലഭ്യമാകുന്ന മറ്റേതൊരു വന്‍കിട കുടക്കമ്പനിയുടെ കുടയ്‌ക്കൊപ്പം ഗുണനിലവാരവും ഈടും ഉറപ്പു നല്‍കുന്നതാണ് മാരി കുടകള്‍. എന്നാല്‍ വിലയാകട്ടെ, വന്‍കിടക്കാരെക്കാള്‍ താരതമ്യേന കുറവും. പരസ്യമടക്കം മറ്റ് അധികച്ചെലവുകള്‍ ഇല്ലാത്തതിനാലും കൊള്ളലാഭം ലക്ഷ്യമല്ലാത്തതിനാലുമാണ് മാരി കുട വിലകുറച്ചു നല്‍കാനാകുന്നത്. വന്‍കിട കമ്പനികള്‍ നിര്‍മ്മാണസാമഗ്രികള്‍ വാങ്ങുന്ന വിദേശ ഏജന്‍സികളില്‍നിന്നു തന്നെയാണ് മാരി കുട നിര്‍മ്മാണത്തിനും സാമഗ്രികള്‍ വാങ്ങുന്നത്.

Mari-Kuda-7

അന്‍പതില്‍പ്പരം മോഡല്‍ കുടകള്‍ കഞ്ഞിക്കുഴിയിലെ നിര്‍മ്മാണകേന്ദ്രത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നു. കുട്ടികളെ ആകര്‍ഷിക്കുന്ന രൂപങ്ങളിലും നിറങ്ങളിലും ഉള്ളവ, മഴ നനയുമ്പോള്‍ ചിത്രങ്ങള്‍ തെളിയുന്നവ, രണ്ടായും മൂന്നായും നാലായും അഞ്ചായും മടക്കാവുന്നവ, ഭാരം കുറഞ്ഞതും ബലമുള്ളതുമായ സങ്കരലോഹം ഉപയോഗിച്ച് ഉണ്ടാക്കുന്നവ, മുതിര്‍ന്നവര്‍ക്കു വാകിംഗ് സ്റ്റിക് ആയി ഉപയോഗിക്കാവുന്നവ, ട്രാന്‍സ്‌പെരന്റ് കുടകള്‍, അങ്ങനെ വൈവിദ്ധ്യമാര്‍ന്ന ശ്രേണിതന്നെയുണ്ട് മാരി കുടയ്ക്ക്.

Mari-Kuda

കണ്‍സ്യുമര്‍ ഫെഡ്, സപ്ലൈകോ ഔട്ട് ലെറ്റുകള്‍, പോലീസ് കാന്റീനുകള്‍, തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് സൊസൈറ്റി തുടങ്ങി പലയിടങ്ങളില്‍ മാരി കുട ലഭ്യമാണ്. കൂടാതെ വലിയ ഓര്‍ഡറുകള്‍ നല്‍കുന്ന? ?ആവശ്യക്കാര്‍ക്ക് അതതു സ്ഥലങ്ങളില്‍ എത്തിച്ചു നല്‍കാനുള്ള സൗകര്യങ്ങളുമുണ്ട്.

Mari-Kuda-11

മാരി കുടയുടെ നിര്‍മ്മാണവും അതു നല്‍കുന്ന തൊഴില്‍ സാദ്ധ്യതയും മനസ്സിലാക്കുവാന്‍ വിദേശരാജ്യങ്ങളില്‍ നിന്നടക്കം താല്പര്യമുള്ളവര്‍ സന്ദര്‍ശകരായി എത്താറുണ്ട്. കഴിഞ്ഞ ദിവസം അമേരിക്കയിലെ മിഷിഗന്‍ സര്‍വകലാശാലയിലെ ചാന്‍സലര്‍ ഡാനിയേല്‍ ലിറ്റില്‍ , ബംഗളുരു ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റികല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇക്കോണമിക് അനാലിസിസ് യൂനിറ്റ് മേധാവി പ്രൊ. വി കെ രാമചന്ദ്രന്‍, അവിടത്തേതന്നെ പ്രൊഫസര്‍. മധുര സ്വാമിനാഥന്‍ എന്നിവര്‍ മാരി കുട നിര്‍മ്മാണം കണ്ടറിയനായി എത്തിയിരുന്നു.

Mari-Kuda-4

വികസന കാര്യങ്ങളില്‍ വേറിട്ട കാഴ്ച്ചപാടുള്ള ആലപ്പുഴ എംഎല്‍എ തോമസ് ഐസക്കിന്റെ മേല്‍നോട്ടത്തിലാണ് മാരി കുട നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചതും മുന്നോട്ടു പോകുന്നതും. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെകിലും വിപണിയിലെ മത്സരം നേരിടാന്‍ മാരി കുടയ്ക്ക് എല്ലാവരുടെയും പിന്തുണ ആവശ്യമാണ്. മഴയും സ്‌കൂള്‍ തുറപ്പും എത്തുന്നതോടെ ഇക്കുറിയും വന്‍കിട കമ്പനികള്‍ മുട്ടന്‍ പരസ്യങ്ങളുമായി വിപണി പിടിക്കാന്‍ ഇറങ്ങും. ഇനി നമ്മള്‍ അവര്‍ക്ക് അത്രമേല്‍ കുട പിടിക്കരുത്. പകരം ഇനിയങ്ങോട്ട് നമുക്കു മാരി കുട ചൂടാം. മാരി കുടയെ കേരളത്തിന്റെ സ്വന്തം കുടയാക്കി മാറ്റാം.

Mari-Kuda-3

ഇനി മറ്റൊരു കാര്യം കൂടി, മാരി കുട വാങ്ങി ഉപയോഗിച്ചു തുടങ്ങിയാല്‍ കുട നന്നാക്കാനുണ്ടോ എന്ന് അന്വേഷിച്ചു വരുന്നവരോട് ധൈര്യമായി പറയാം, ഇവിടെ കുടയൊന്നും നന്നാക്കാനില്ല. കേടു വരാത്ത ഈടും ഉറപ്പുമുള്ള മാരി കുടയാണ് ഞങ്ങള്‍ ഉപയോഗിക്കുന്നതെന്ന്.

Mari-Kuda-8

Mari-Kuda-14
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446080362

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel