സ്മാർട്‌ഫോണിന്റെ സ്‌ക്രീൻ പൊട്ടിയാൽ എന്തുചെയ്യണം? ഇതാ 5 വഴികൾ

പൊട്ടാത്ത സ്‌ക്രീനുമായി ലോകത്തെ ആദ്യത്തെ സ്മാർട്‌ഫോൺ ഇപ്പോൾ വിപണിയിൽ എത്തിയിട്ടുണ്ട്. എന്നാൽ, അത് എല്ലാവർക്കും കൈക്കലാക്കാൻ പറ്റിയെന്നു വരില്ല. പലപ്പോഴും ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് സംഭവിക്കുന്നത് ഫോണിന്റെ സ്‌ക്രീൻ പൊട്ടുകയും അങ്ങനെ ജീവന്റെ ജീവനായ ഫോൺ നഷ്ടപ്പെടുന്നതുമാകും. താഴെ വീണ ഫോൺ എടുക്കുമ്പോൾ നിങ്ങൾ ആശ്വസിക്കാൻ ശ്രമിക്കും. സ്‌ക്രീൻ ഗാർഡ് ആയിരിക്കും പൊട്ടിയിട്ടുണ്ടാകുക, മെയിൻ സ്‌ക്രീൻ ആയിരിക്കില്ല എന്നൊക്കെ. പിന്നീട് കണക്കു കൂട്ടലാണ്. എത്ര രൂപ ചെലവുവരും എന്നൊക്കെ. എങ്കിൽ ഇവിടെ ശ്രദ്ധിക്കൂ. സ്മാർട്‌ഫോണിന്റെ സ്‌ക്രീൻ പൊട്ടിയാൽ ചെയ്യേണ്ട 5 കാര്യങ്ങൾ.

ശാന്തനാകൂ., അൽപം ശ്രദ്ധിക്കൂ

ഫോൺ സ്‌ക്രീൻ പൊട്ടിയാൽ ആദ്യത്തെ റിയാക്ഷൻ നിങ്ങളുടേത് എന്തായിരിക്കും.? ഭയാനകം, ദുഃഖം, സങ്കടം, അല്ലെങ്കിൽ എല്ലാം കൂടെ ചേർന്ന ഒന്ന്. എന്നാൽ, ആദ്യം വേണ്ടത് സ്വയം ശാന്തനാകുക എന്നതാണ്. പിന്നെ ഒരൽപം ജാഗ്രതയുള്ളവനാകുക. ശ്രദ്ധയോടു കൂടി മാത്രം ഫോണിന്റെ ഉപരിതലത്തിലൂടെ വിരലോടിക്കുക. കാരണം, സ്‌ക്രീൻ പൊട്ടി നിൽക്കുന്നുണ്ടെങ്കിൽ ആ കഷണങ്ങൾ നിങ്ങളെ മുറിവേൽപിക്കാൻ സാധ്യതയുണ്ട്. ഫോൺ ഒരു കർച്ചീഫിലോ ടിഷ്യൂ പേപ്പറിലോ സൂക്ഷിച്ച് പൊതിഞ്ഞെടുത്ത് ഒരു പരിഹാരം കണ്ടെത്തുന്നതു വരെ സൂക്ഷിക്കുക. ഒരു സെല്ലോ ടേപ്പ് എടുത്ത് ഒട്ടിക്കുന്നതും നന്നായിരിക്കും.

എത്രത്തോളം കേടുപാടുണ്ടെന്നു പരിശോധിക്കുക

ചില സമയങ്ങളിൽ ചെറിയ പൊട്ടൽ ആണെങ്കിൽ പോലും അത് ഫോണിന് വലിയ കേടുപാടുകൾ വരുത്തും. ശ്രദ്ധയോടെ ഫോണിന്റെ എല്ലാ ഘടകങ്ങളും പരിശോധിക്കുക. അതായത് കാമറ, ഹോം ബട്ടൺ, ടച്ച് എന്നിവ പ്രവർത്തനക്ഷമമാണോ എന്നു പരിശോധിക്കുക. പൊട്ടിയ സ്‌ക്രീൻ ഗാർഡ് ഉണ്ടെങ്കിൽ അത് ഒഴിവാക്കുക. എന്നിട്ട് മറ്റു കേടുപാടുകൾ പരിശോധിക്കുക.

സ്വയം ചികിത്സിക്കുക

സ്വയം ഒരു ഫോൺ നന്നാക്കാൻ പറ്റും എന്ന് നിങ്ങൾക്ക് വിശ്വാസം ഉണ്ടെങ്കിൽ ഡിസ്‌പ്ലേയുടെ തകരാർ നിങ്ങൾക്ക് വീട്ടിൽ തന്നെ പരിഹരിക്കാൻ പറ്റും. അതിനായി ഓരു സ്‌ക്രീൻ റീപ്ലേസ്‌മെന്റ് ഓർഡർ ചെയ്ത് യൂസേഴ്‌സ് മാനുവൽ ഉപയോഗിച്ച് അതിലെ നിർദേശങ്ങൾ പിന്തുടർന്ന് സ്‌ക്രീൻ ഡിസ്‌പ്ലേ മാറ്റിവയ്ക്കാം. ഗുണം എന്താണെന്നു വച്ചാൽ റിപ്പയർ ചെയ്യുന്നവരെ തേടിപ്പോകുകയും വേണ്ട, പകുതി കാശു മാത്രമേ ചെലവാകുകയും ഉള്ളു. ആദ്യമായിട്ട് ചെയ്യുകയാണെങ്കിൽ ഓൺലൈനിൽ ഇതിന് സൗജന്യമായി നിർദേശങ്ങളും ലഭിക്കും. അവ പിന്തുടരാം.

റിപ്പയറിംഗ്

റിപ്പയറിംഗ് സെന്ററുകളിൽ പോയി തകരാർ പരിഹരിക്കുമ്പോൾ ഒരുകാര്യം ശ്രദ്ധിക്കണം. ഇപ്പോൾ ഫോണുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാണ്. അങ്ങനെയെങ്കിൽ അധികമായി ആയിരങ്ങൾ ചെലവഴിക്കുന്നത് ഒഴിവാക്കാം. ഇനി അതല്ല, ആ ഇൻഷ്വറൻസ് കാലാവധി തീർന്നിട്ടുണ്ടെങ്കിൽ അംഗീകൃത സ്റ്റോറിൽ പോയി ആഡ് ഓൺ ഇൻഷ്വറൻസ് പോളിസി വഴി അത് പുതുക്കുക. അങ്ങനെ അവിടെ നിന്ന് തന്നെ ശരിയാക്കി ഭാവിയിൽ എന്തെങ്കിലും തകരാർ ഉണ്ടായാൽ തന്നെ അതിനു ചെലവു ചുരുക്കാനും സാധിക്കും.

എക്‌സ്‌ചേഞ്ച് ചെയ്യുകയോ അപ്‌ഗ്രേഡ് ചെയ്യുകയോ ചെയ്യുക

ഫോൺ അൽപം പഴക്കം കൂടുതൽ ഉള്ളതാണെങ്കിൽ അത് നേരെയാക്കുന്നതിനേക്കാൾ നല്ലത് പുതിയതൊന്നു വാങ്ങുന്നതല്ലേ. നന്നാക്കാൻ പറ്റാത്ത വിധം തകർന്നിട്ടുണ്ടെങ്കിൽ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയ ഫോൺ സ്വന്തമാക്കുക എന്നതു തന്നെയാണ് അതിന്റെ ഉത്തമം. ഓൺലൈനിലും ഓഫ്‌ലൈനിലുമായി ഇപ്പോൾ ഇതിന് ധാരാളം അവസരങ്ങളും ഉണ്ട്. പുതിയ ഫോണിന് ഡിസ്‌കൗണ്ടോ മണിബാക്ക് പോളിസിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here