യുഡിഎഫിന് വിമതപ്പനി; ചടയമംഗലത്ത് കോൺഗ്രസിനും പൂഞ്ഞാറിൽ കേരള കോൺഗ്രസിനും വിമതഭീഷണി; ദേവികുളത്ത് രാജാറാമിനെ ഐഎൻടിയുസിക്കാർ വിരട്ടിയോടിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി നിർണയം പൂർത്തിയായപ്പോഴും അടിതീരാതെ യുഡിഎഫ്. വിമതരാണ് ഇപ്പോൾ യുഡിഎഫിന് ഭീഷണിയാകുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾക്കെതിരെ പലയിടത്തും പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിത്വം മോഹിച്ചിട്ട് ലഭിക്കാത്തവരാണ് വിമതരായി രംഗത്തു വരുന്നത്.

ചടയമംഗലത്താണ് ആദ്യം വിമത സ്ഥാനാർത്ഥി സ്വയം പ്രഖ്യാപനം ഉണ്ടായത്. എംഎം ഹസനെതിരെ വിമതനായി മത്സരിക്കുമെന്ന് കെപിസിസി എക്‌സിക്യൂട്ടീവ് അംഗം ചിതറ മധു പ്രഖ്യാപിച്ചു. മധുവിനായിരുന്നു ചടയമംഗലത്ത് നറുക്ക് വീഴേണ്ടിയിരുന്നത്. കെപിസിസി സമർപ്പിച്ച പാനലിലും മധുവിന്റെ പേരുണ്ടായിരുന്നു. എന്നാൽ, അവസാന നിമിഷം ഹസനു നറുക്കു വീഴുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മധു വിമതനായി മത്സരിക്കാൻ തീരുമാനിച്ചത്.

പൂഞ്ഞാറിലാണ് മറ്റൊരു വിമതഭീഷണിയുള്ളത്. പൂഞ്ഞാറിൽ പുതുമുഖമായ ജോർജ്കുട്ടി അഗസ്തിയാണ് കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥി. പാർട്ടി പ്രഖ്യാപനം വന്നപ്പോൾ തന്നെ യുവജനവിഭാഗം കലാപം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് യൂത്ത് ഫ്രണ്ട് എം നേതാവ് സജി മഞ്ഞക്കടമ്പൻ ആണ് വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. പൂഞ്ഞാറിൽ മാത്രമല്ല, പല സീറ്റുകളിലും യൂത്ത് ഫ്രണ്ട് നേതാക്കൾക്ക് സീറ്റ് നൽകിയിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് തീരുമാനം.

അതിനിടെ ഇടുക്കി ദേവികുളത്ത് കോൺഗ്രസ് സ്ഥാനാർത്ഥി രാജാറാമിനെതിരെ പാർട്ടിക്കാർ തന്നെ കലാപവുമായി രംഗത്തെത്തി. രാജാറാമിനെ വിരട്ടിയോടിക്കുകയായിരുന്നു. ഇന്നു രാവിലെ ഡിസിസി ഓഫീസിൽ എത്തിയപ്പോഴാണ് രാജാറാമിനെ ഐഎൻടിയുസിക്കാർ വിരട്ടിയോടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News