ലീല സിനിമയുടെ റിലീസിംഗ് തടയാനുള്ള നിർമാതാക്കളുടെ നീക്കം പാളി; പബ്ലിസിറ്റി ക്ലിയറൻസ് നൽകാൻ ഹൈക്കോടതി ഉത്തരവ്; ആവശ്യമായ രേഖകൾ ഫിലിം ചേംബറിൽ നിന്ന് നൽകണം

കൊച്ചി: ലീല സിനിമയുടെ റിലീസിംഗ് തടയാനുള്ള നിർമാതാക്കളുടെ നീക്കത്തിന് ഹൈക്കോടതിയിൽ തിരിച്ചടി. ചിത്രീകരണത്തിനാവശ്യമായ പബ്ലിസിറ്റി ക്ലിയറൻസ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഫിലിം ചേംബറാണ് രേഖകൾ നൽകേണ്ടത്. സംവിധായകൻ രഞ്ജിത് നൽകിയ ഹർജിയിലാണ് ലീലയ്ക്ക് പബ്ലിസിറ്റി ക്ലിയറൻസ് നൽകാൻ ഉത്തരവായത്. ലീലയുടെ റിലീസിംഗ് തടയുമെന്ന് നിർമാതാക്കളും വിതരണക്കാരും ഒരുപോലെ നിലപാട് കടുപ്പിച്ചിരിക്കുകയായിരുന്നു.

2015 അവസാനം നിർമാതാക്കൾ നടത്തിയ സമരത്തെ വകവയ്ക്കാതെ ലീല ചിത്രീകരിച്ചതിനെ തുടർന്നാണ് നിർമാതാക്കൾ ലീലയ്‌ക്കെതിരെ അപ്രഖ്യാപിത വിലക്കുമായി രംഗത്തെത്തിയത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാടിനു വിരുദ്ധമായി പ്രവർത്തിച്ചു എന്നതാണ് ലീലയ്‌ക്കെതിരെയും രഞ്ജിത്തിനെതിരെയും വാളെടുക്കാൻ അസോസിയേഷനെയും വിതരണക്കാരെയും പ്രേരിപ്പിച്ചത്. മൾട്ടിപ്ലക്‌സ് തിയറ്ററുകളിൽ അടക്കം വിളിച്ച് ചിത്രം റിലീസിന് എടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ നടത്തിയ സമരത്തിന് രഞ്ജിത് പിന്തുണയറിയിച്ചിരുന്നു. വേതനം കൂട്ടി നൽകിയ ശേഷമാണ് രഞ്ജിത് ചിത്രീകരണം ആരംഭിച്ചതും. എന്നാൽ, തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കില്ലെന്നു കാണിച്ച് നിർമാതാക്കൾ നടത്തിയ സമരം വകവയ്ക്കാതെ രഞ്ജിത് സിനിമയുമായി മുന്നോട്ടു പോകുകയായിരുന്നു. അങ്ങനെയാണ് രഞ്ജിതിനെതിരെ നിർമാതാക്കൾ പടയൊരുക്കം തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here