അടുത്തിടെയായി വൻ സുരക്ഷാ വീഴ്ചകൾ കണ്ടെത്തുന്ന ആപ്പിളിൽ നിന്ന് ഐഫോൺ 6, 6എസ് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി മറ്റൊരു ബഗ് കൂടി. ആർക്കു വേണേലും ഇനി നിങ്ങളുടെ ലോക്ക് സ്‌ക്രീൻ ബൈപാസ് ചെയ്യാം. ഫോട്ടോകളും കോൺടാക്ടുകളും ആക്‌സസ് ചെയ്യാൻ സാധിക്കും. ഫോണിന്റെ പാസ്‌വേഡ് അറിയണമെന്നു പോലും നിർബന്ധമില്ല. കഴിഞ്ഞ വർഷം ഐഫോണിൽ ഒരു സുരക്ഷാ വീഴ്ച കണ്ടെത്തിയ ജോസ് റോഡ്രിഗസ് തന്നെയാണ് ഈ ബഗും കണ്ടെത്തിയിരിക്കുന്നത്. ഇതു തെളിയിക്കുന്നതിനായി ഒരു വീഡിയോയും ഇയാൾ തയ്യാറാക്കിയിട്ടുണ്ട്.
ഈ സ്‌ക്രീൻ ബൈപാസിന് സിരി വേണമെന്നതാണ് ഒരു വ്യത്യാസം. എന്നാൽ, മറ്റു ബഗുകളെ പോലെ തന്നെ ഹാക്കിംഗ് എളുപ്പവുമാണ്. ലോക്ക് സ്‌ക്രീനിൽ നിന്ന് സിരി എടുക്കുകയാണ് ഹാക്കർ ആദ്യം ചെയ്യുന്നത്. തുടർന്ന് ഏതെങ്കിലും ഒരു ഇമെയിൽ ഐഡിയുടെ ട്വിറ്ററിനായി സെർച്ച് ചെയ്യുന്നു. ഒരിക്കൽ ഏതെങ്കിലും ഇ-മെയിലിൽ ട്വിറ്റർ ലഭിച്ചു കഴിഞ്ഞാൽ ഇ-മെയിൽ അഡ്രസിൽ ത്രിഡി ടച്ച് ചെയ്യുന്നതോടെ പുതിയ കോൺടാക്ട് ആഡ് ചെയ്യുന്നതിനുള്ള മെനു തെളിഞ്ഞു വരും. ഇതോടെ ഹാക്കർക്ക് നിങ്ങളുടെ കോൺടാക്ടുകളിൽ പൂർണനിയന്ത്രണം ലഭിക്കും.
ഇനി അഥവാ കോൺടാക്ട് ആപ്പ് ഫോട്ടോ ലൈബ്രറിയുമായി കണക്ട് ചെയ്യുന്നതിന് എപ്പോഴെങ്കിലും പെർമിഷൻ നൽകിയിട്ടുണ്ടെങ്കിൽ കോൺടാക്ടിലേക്ക് ഫോട്ടോ ആഡ് ചെയ്യാനുള്ള ഓപ്ഷൻ കൊടുത്ത് ഫോട്ടോ ബ്രൗസ് ചെയ്യാനും ഹാക്കർക്ക് സാധിക്കും. ഇതിനൊന്നും ഒരിക്കൽ പോലും ഫോൺ അൺലോക്ക് ചെയ്യേണ്ടിയും വരുന്നില്ല.
ഇനി ഹാക്കർമാർക്ക് ഇതിനുള്ള അവസരം എങ്ങനെ നൽകാതിരിക്കാം എന്നല്ലേ. ഒറ്റ വഴിയേയുള്ളു. സിരിയും കോൺടാക്ട് ആപ്പുമായി ആക്‌സസ് ചെയ്യാതിരിക്കുക. പ്രൈവസി സെറ്റിംഗ്‌സിൽ ഇതിന് ഓപ്ഷൻ ഉണ്ട്. ഒപ്പം, ഫോൺ ലോക്ക് ചെയ്യുമ്പോൾ സിരി ഡിസേബിൾ ചെയ്യുക എന്നതും നിർബന്ധമാണ്. ഐഫോൺ 6എസ്, 6 എസ് പ്ലസ് എന്നിങ്ങനെ 3ഡി ടച്ച് സ്‌ക്രീൻ ഉള്ള ഫോണിൽ മാത്രമാണ് ഈ സ്‌ക്രീൻ ബൈപാസ് ബഗ് കാണപ്പെടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here