ആലുവ: തൃപ്പൂണിത്തുറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് വിജയാശംസ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ആലൂവ പാലസിലെത്തിയാണ് എം സ്വരാജ് വിഎസിനെ കണ്ടത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും വിശേഷങ്ങളും ഓരോന്നായി വിഎസ് ചോദിച്ചറിഞ്ഞു. പല തെരഞ്ഞെടുപ്പിലും പാര്‍ട്ടി ചുമതല ഏല്‍പ്പിച്ചിരുന്നെന്നും എന്നാല്‍, സ്ഥാനാര്‍ഥിയെന്ന ഉത്തരവാദിത്തം ആദ്യമാണെന്നും എം സ്വരാജ് പറഞ്ഞു.
കനത്ത ചൂടിനെക്കുറിച്ചായിരുന്നു തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ക്കുമുമ്പേ സംസാരം. കൈലിമുണ്ട് മാത്രമുടുത്ത് വിശ്രമിക്കുകയായിരുന്നു വിഎസ്. ഷര്‍ട്ട് ധരിക്കാമോ എന്ന ഫോട്ടോഗ്രാഫറുടെ അന്വേഷണമാണ് പുറത്തെ ചൂടിന്റെ വിഷയത്തിലേക്ക് സംസാരം വഴിമാറ്റിയത്. പാലക്കാട് 40 ഡിഗ്രി കടന്ന താപനിലയുടെ കാഠിന്യവും വിഎസ് വിശദീകരിച്ചു. മലമ്പുഴയില്‍ ആദ്യവട്ടം പ്രവര്‍ത്തനമായെന്നും താന്‍ സംസ്ഥാനത്താകെ പ്രചാരണത്തിനിറങ്ങുന്നുണ്ടെന്നും വിഎസ് പറഞ്ഞു.
കേരളത്തിലെ അഴിമതിവിരുദ്ധപോരാട്ടത്തിന്റെ നായകനായ എം സ്വരാജിനോട് പുന്നപ്ര വയലാര്‍ സമരനായകന്‍ തെരഞ്ഞെടുപ്പുകാര്യങ്ങള്‍ ഒന്നൊന്നായി ചോദിച്ചറിഞ്ഞു. പ്രവര്‍ത്തനത്തിന്റെ സൂക്ഷ്മവിവരങ്ങള്‍ ഒന്നൊന്നായി ചോദിച്ചറിഞ്ഞ വിഎസ് എല്ലാ വിജയാശംസകളും സ്വരാജിന് നേര്‍ന്നു. സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയറ്റ് അംഗം സികെ മണിശങ്കറും ഒപ്പമുണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here