ചിറ്റോര്‍ഗഡ് (രാജസ്ഥാന്‍): ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ ദളിത് ബാലന്മാര്‍ക്ക് നേരെ മനുഷ്യത്വ രഹിതമായ ക്രൂരത. നഗ്നരാക്കി നടത്തിക്കുകയും കെട്ടിയിട്ട് തല്ലുകയും ടെയ്തു. എന്നിട്ടും അരിശ് തീരാഞ്ഞ് ഒരു സംഘം ആളുകള്‍ ബാലന്മാരെ തറയിലിട്ട് ചവിട്ടി. ഇത്രയും ക്രൂരകൃത്യം അരങ്ങേറിയിട്ടും രക്ഷിക്കാന്‍ ആരും വന്നില്ല. രാജസ്ഥാനിലെ ചിറ്റോര്‍ഗഡിലാണ് മനുഷ്യത്വം മരവിക്കുന്ന കാഴ്ച അരങ്ങേറിയത്.
ശനിയാഴ്ചയാണ് കേസിനാധാരമായ സംഭവം. തലസ്ഥാനത്തുനിന്ന് 350 കിലോമീറ്റര്‍ അകലെയാണ് ക്രൂരത അരങ്ങേറിയത്. ഉന്നത ജാതിക്കാരായ സ്ഥലവാസിയുടെ മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു ക്രൂര മര്‍ദ്ദനം. മണിക്കൂറുകളോമാണ് ദളിത് ബാലന്മാരെ ആള്‍ക്കൂട്ടം വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. ഒടുവില്‍ പൊലീസ് എത്തിയ ശേഷമാണ് ആള്‍ക്കൂട്ടം മര്‍ദ്ദനം അവസാനിപ്പിച്ചത്.
അവര്‍ ഞങ്ങളെ മര്‍ദ്ദിക്കാന്‍ തുടങ്ങി. എന്തിനെന്ന് അറിയില്ലായിരുന്നു. നഗ്നരാക്കി കെട്ടിയിട്ട് തല്ലി. നടത്തിച്ചു. തറയിലിട്ട് ചവിട്ടി. പൊലീസ് എത്തിയ ശേഷമാണ് അവര്‍ ആക്രമണം അവസാനിപ്പിച്ചതെന്നും മൂന്ന് ബാലന്മാരില്‍ ഒരാള്‍ പറഞ്ഞു. ബാലാവകാശ സംരക്ഷണ നിയമപ്രകാരം ബാലന്മാരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
ആദിവാസി വിഭാഗമായ കഞ്ചാര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ് ദളിത് ബാലന്മാര്‍. സാമൂഹികമായി ഉന്നമനം നേടിയ വിഭാഗമല്ല കഞ്ചാര്‍ വിഭാഗം. 13നും 15നും ഇടയില്‍ പ്രായമുള്ളവരാണ് മര്‍ദ്ദനത്തിന് ഇരയായത്. 42 ഡിഗ്രിക്ക് മേല്‍ കനത്ത ചൂട് അനുഭവപ്പെടുന്ന സമയത്താണ് മര്‍ദ്ദിച്ച ശേഷം ഇവരെ നഗ്നരാക്കി നടത്തിയത്. പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് ബാലന്മാര്‍ തീരെ അവശരായിരുന്നു. ദേഹമാസകലം മുറിവുകളും ഉണ്ടായിരുന്നു.
പൊലീസ് എത്തിയെങ്കിലും നീതിയുക്തമായല്ല കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. മൂന്ന് ബാലന്മാര്‍ക്കെതിരെയും കൊള്ളയ്ക്ക് പൊലീസ് കേസെടുത്തു. ജുവനൈല്‍ കോടതിക്ക് കൈമാറാന്‍ ശ്രമിച്ചു. ബൈക്ക് മോഷ്ടിച്ചുവെന്ന് ബാലന്മാര്‍ സമ്മതിച്ചുവെന്നും പൊലീസ് നിലപാടെടുത്തു. എന്നാല്‍ മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതോടെ സ്ഥിതി മാറി. ബാലന്മാരെ ആക്രമിച്ച കേസില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമികളെ തിരിച്ചറിഞ്ഞതായും സീനിയര്‍ പൊലീസ് ഓഫീസര്‍ പികെ ഖമേസര പറഞ്ഞു.
ദളിത് ബാലന്മാരെ ആക്രമിച്ച കേസില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ മനന്‍ ചതുര്‍വേദി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇതിനായി തെളിവുകള്‍ ശേഖരിക്കുമെന്നും മനന്‍ ചതുര്‍വേദി പറഞ്ഞു. ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി ദേശീയ ചാനലായ എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
വീഡിയോയ്ക്കും ചിത്രത്തിനും കടപ്പാട്: എന്‍ഡിടിവി വെബ്
Get real time update about this post categories directly on your device, subscribe now.
Discussion about this post