പനാമ കള്ളപ്പണ നിക്ഷേപം; ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി രാജിവച്ചു; തീരുമാനം പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന്

ഐസ്‌ലന്‍ഡ്: പനാമ കള്ളപ്പണ നിക്ഷേപത്തില്‍ പ്രതിഷേധം ശക്തമായതോടെ ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി സിഗ്മണ്ടര്‍ ഡേവിയോ ഗണ്‍ലോങ്‌സണ്‍ രാജിവെച്ചു. കള്ളപ്പണ നിക്ഷേപമുള്ളവരുടെ പനാമ രേഖകളില്‍ പേരു വന്നതിനെ തുടര്‍ന്നാണ് ഗണ്‍ലോങ്‌സണ്‍ രാജിവെച്ചത്. കൃഷിമന്ത്രി സിഗുറോര്‍ ഇന്‍ഗി ജൊഹാന്‍സനാണ് പ്രധാനമന്ത്രി രാജിവെച്ചതായി അറിയിച്ചത്. ജൊഹാന്‍സന്‍ പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുമെന്നാണ് സൂചന.

വിന്‍ട്രിസ് എന്ന വ്യാജകമ്പനിയുടെ സഹഉടമയാണ് ഗണ്‍ലോങ്‌സണ്‍ എന്നാണ് രേഖകളില്‍ പറയുന്നത്. രേഖകള്‍ പ്രകാരം ഗണ്‍ലോങ്‌സണിന്റെ ഭാര്യയും കമ്പനിയുടെ ഉടമയാണ്. ദശലക്ഷക്കണക്കിന് ഡോളര്‍ വിലയുള്ള കുടുംബസ്വത്ത് നികുതി വെട്ടിച്ച് സൂക്ഷിച്ചുയെന്നാണ് ഗണ്‍ലോങ്‌സനെതിരായ ആരോപണം. പ്രധാനമന്ത്രിയുടെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഐസ്‌ലന്‍ഡില്‍ നടക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ നികുതി വെട്ടിപ്പെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിക്കുന്ന മൊസാക് ഫൊന്‍സെക എന്ന കമ്പനിയുടെ കേന്ദ്ര ഓഫീസില്‍ നിന്നുള്ള രേഖകള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കളളപ്പണം സ്വീകരിച്ച് നികുതി ഇളവുകളുളള രാജ്യങ്ങളിലെ കമ്പനികളിലും ട്രസ്റ്റുകളിലും നിക്ഷേപിച്ച് നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍ നേടി കൊടുക്കുന്നതാണ് മൊസാക് ഫൊന്‍സെകയുടെ രീതി.

അമിതാഭ് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ് എന്നിവരടക്കം 500 ഇന്ത്യക്കാരുടെ പേരു വിവരങ്ങളും പുറത്തുവന്നിരുന്നു. അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, കോര്‍പ്പറേറ്റ് ഭീമനും ഡി.എല്‍.എഫ് ഉടമ കെ.പി.സിംഗ്, അദ്ദേഹത്തിന്റെ ഒന്‍പത് കുടുംബാംഗങ്ങള്‍, അപ്പോളോ ടയേഴ്‌സിന്റെ പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവരുടെ പേരും പട്ടികയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here