തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജയലക്ഷ്മിക്ക് അയോഗ്യതയ്ക്ക് സാധ്യത; മന്ത്രി നടത്തിയത് ആറുമാസം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റം

കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് കമീഷന് വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചതുവഴി മന്ത്രി പികെ ജയലക്ഷ്മി നടത്തിയത് ആറുമാസം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റം. തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 125 എ അനുസരിച്ച്് തടവും പിഴയും ശിക്ഷ ലഭിക്കാം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യതയും വന്നേക്കാന്‍ സാധ്യതയുണ്ട്.

ഇംഗ്ലീഷ് സാഹിത്യത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് താന്‍ ബിരുദം നേടിയെന്നാണ് തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ മന്ത്രി സത്യവാങ്മൂലം നല്‍കിയത്. 3,95,581 രൂപ മാത്രമാണ് തെരഞ്ഞെടുപ്പിന് ചെലവിട്ടതെന്നാണ് കണക്ക്. എന്നാല്‍ മന്ത്രിയുടെ അക്കൗണ്ടില്‍നിന്ന് പത്ത് ലക്ഷം രൂപ പിന്‍വലിച്ചതായി ജയലക്ഷ്മിക്കെതിരെ പരാതി സമര്‍പ്പിച്ച കെബി ജീവന്‍ ആരോപിച്ചു. ഈ ആരോപണവും ശരിയാണെന്ന്് മന്ത്രിയുടെ മൊഴി വ്യക്തമാക്കുന്നു. കെപിസിസി തന്റെ തെരഞ്ഞെടുപ്പ് ചെലവിലേക്ക് 10ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലൂടെ നല്‍കിയെന്നും ഇതില്‍ 3,95,581 രൂപ ചെലവായെന്നും ശേഷിച്ച തുക വീട്ടില്‍ സൂക്ഷിച്ചെന്നുമാണ് മൊഴി നല്‍കിയത്. എന്നാല്‍ ഈ കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ച കണക്കില്‍ ജയലക്ഷ്മി പറഞ്ഞില്ല.

2012 സെപ്തംബര്‍ 22നാണ് ജീവന്‍ ഇതുസംബന്ധിച്ച് ആദ്യമായി അന്നത്തെ റിട്ടേണിങ് ഓഫീസര്‍ വീണ മാധവന് പരാതി നല്‍കിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. തുടര്‍ന്ന് പരാതിക്കാരന്‍ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രഥദൃഷ്ട്യാ ബോധ്യപ്പെട്ട കോടതി മന്ത്രിയോട് നേരിട്ട് ഹാജരാകാന്‍ സമന്‍സയച്ചു. എന്നാല്‍ ഈ ഉത്തരവിനെതിരെ മന്ത്രി ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി.

ജനപ്രാതിനിധ്യ നിയമം നഗ്‌നമായി ലംഘിച്ചിട്ടും റിട്ടേണിങ് ഓഫീസര്‍ നടപടി സ്വീകരിക്കാത്തതാണ് അഞ്ച് വര്‍ഷമായി കേസ് നീണ്ടുപോകാന്‍ കാരണം. ഹിയറിങ് നടത്തിയ ഇപ്പോഴത്തെ റിട്ടേണിങ് ഓഫീസര്‍ കൂടിയായ സബ്കലക്ടര്‍ ശീറാം സാംബശിവ റാവുവിന് മുമ്പില്‍ തനിക്ക് ബിരുദമുണ്ടെന്ന് തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കാന്‍ മന്ത്രിക്ക് കഴിഞ്ഞിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News