ഗുരുവായൂരപ്പന്‍ കോളജില്‍ കാവിപ്പട കത്തിച്ച ‘വിശ്വവിഖ്യാതതെറി’ ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു; അതേ പേരില്‍, അതേ ഡിസൈനില്‍ ഒരാഴ്ച്ചക്കുള്ളില്‍ പുറത്തിറക്കും

കോഴിക്കോട്: സംസ്‌കാരശൂന്യമെന്നും രാജ്യവിരുദ്ധമാണെന്നും ആരോപിച്ച് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ എബിവിപി പ്രവര്‍ത്തകര്‍ കത്തിച്ച മാഗസിന്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. രാജ്യത്തെ ക്യാമ്പസുകളില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ഡിസി ബുക്ക്‌സ് മാഗസിന്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാകുന്നത്. മാഗസിന്റെ അതേ പേരിലും, അതെ ഡിസൈനിലും തന്നെ ഒരാഴ്ചക്കുള്ളില്‍ പുസ്തകം പുറത്തിറങ്ങുമെന്നും ഡിസി ബുക്‌സ് അധികൃതര്‍ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും, ജുഡീഷ്യറിയെയും അപമാനിക്കുന്നതാണ് എന്നാരോപിച്ച് കഴിഞ്ഞ ദിവസം എബിവിപി മാഗസിന്റെ കോപ്പി കത്തിച്ചിരുന്നു. 20142015 വര്‍ഷത്തെ മാഗസിനാണ് ഗുരുവായൂരപ്പന്‍ കോളേജ് എബിവിപി യൂണിറ്റ് പ്രവര്‍ത്തകര്‍ കത്തിച്ചത്. നരേന്ദ്ര മോദിയെ വിമര്‍ശിച്ചതും അഫ്‌സല്‍ ഗുരു, യാക്കൂബ് മേമന്‍ എന്നിവരുടെ ജുഡീഷ്യല്‍ കൊലപാതകം തുടങ്ങിയ സംഭവങ്ങളെ മാഗസിനില്‍ ഉള്‍പ്പെടുത്തിയതാണ് എബിവിപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

മലയാളത്തിലെ തെറികളുടെ രാഷ്ട്രീയമാണ് 160 പേജുള്ള മാഗസിന്റെ കവര്‍‌സ്റ്റോറി. എസ്എഫ്‌ഐ ഭരിക്കുന്ന കോളജ് യൂണിയനാണ് മാഗസിന്‍ തയാറാക്കിയത്. മുഖ്യധാര സമൂഹം തെറിയായി ഉപയോഗിക്കുന്ന പല പദങ്ങളും ജാതീയവും വംശീയവും ലിംഗപരവുമായ അധിക്ഷേപമാണ്. ഇത്തരം പദാവലികളെ പുതിയ സാമൂഹിക രാഷ്ട്രീയ പരിസരത്ത് നിന്നുകൊണ്ട് വിശകലനം ചെയ്യുകയാണ് മാഗസിന് ചെയ്യുന്നതെന്ന് മാഗസിന് എഡിറ്റര്‍ പറയുന്നു. തെണ്ടി, ചെറ്റ, തോട്ടി, പുലയാടി, കഴുവേറി തുടങ്ങിയവ തലക്കെട്ടുകളിലായാണ് മാഗസിനിലെ അധ്യായങ്ങള്‍.

അതിനിടെ മാഗസിന്‍ രാജ്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് എബിവിപി പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാഗസിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാണ് എബിവിപിയുടെ ആവശ്യം. മാഗസിന്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നതിനു മുന്നോടിയായി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനില്‍നിന്ന് പൊലീസ് നിയമോപദേശം തേടി. മാഗസിന്‍ ചീഫ് എഡിറ്റര്‍ കൂടിയായ കോളജ് പ്രിന്‍സിപ്പലില്‍നിന്ന് രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പുതുതായി ചുമതലയേറ്റതിനാല്‍ ഉള്ളടക്കം സംബന്ധിച്ച് ഒന്നുമറിയില്ലെന്നാണ് പ്രിന്‍സിപ്പല്‍ മറുപടി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here