മദ്യനിരോധനം വിപരീതഫലം ഉണ്ടാക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ; തെരഞ്ഞെടുപ്പിൽ ബിജെപി-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട്; എൽഡിഎഫ് 100-ൽ അധികം സീറ്റുകൾ നേടുമെന്നും കോടിയേരി

കൊച്ചി: മദ്യനിരോധനം ഏർപ്പെടുത്തുന്നത് വിപരീതഫലം ഉണ്ടാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മദ്യനിരോധനം പ്രായോഗികമല്ലെന്നു തന്നെയാണ് എൽഡിഎഫ് നിലപാട്. മദ്യവർജനമാണ് എൽഡിഎഫ് നയം. ഇത് എങ്ങനെ പ്രാവർത്തികമാക്കണമെന്ന് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം തീരുമാനിക്കും. ബാറുകൾ തുറന്നു കൊടുക്കുമെന്ന് സിപിഐഎം എവിടെയും പറഞ്ഞിട്ടില്ല. ബാറുകൾ പൂട്ടിയ സർക്കാർ തീരുമാനത്തെ സിപിഐഎം അന്നുതന്നെ സ്വാഗതം ചെയ്തിരുന്നതാണ്. കൈക്കൂലി വാങ്ങിക്കുന്നതിനാണ് ബാറുകൾ പൂട്ടിയതെന്നും കോടിയേരി പറഞ്ഞു.

കേരളത്തിൽ ഇത്തവണ തെരഞ്ഞെടുപ്പിൽ അവിശുദ്ധ കൂട്ടുകെട്ട് രൂപം കൊണ്ടിരിക്കുന്നു. ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി യുഡിഎഫും ബിജെപിയും അവിശുദ്ധ കൂട്ടുകെട്ടാണ്. ഉദുമയിൽ മത്സരിക്കുന്ന കെ സുധാകരനും മഞ്ചേശ്വരത്ത് മത്സരിക്കുന്ന കെ സുരേന്ദ്രനും തമ്മിൽ ധാരണയാണ്. ഉദുമയിലെ ബിദജെപി വോട്ട് സുധാകരനും മഞ്ചേശ്വരത്ത് കോൺഗ്രസ് വോട്ട് സുരേന്ദ്രനും നൽകാനാണ് ധാരണ. തിരുവനന്തപുരത്ത് ശിവകുമാറിനെ ജയിപ്പിക്കാൻ ശ്രീശാന്തിനെ സ്ഥാനാർത്ഥിയാക്കി. നേമത്ത് രാജഗോപാലിനെ വിജയിപ്പിക്കാൻ സുരേന്ദ്രൻ പിള്ളയെ മത്സരിപ്പിക്കാൻ ഒരുങ്ങുന്നു.

100-ൽ അധികം സീറ്റുകൾ നേടി ഇടതുമുന്നണി ചരിത്രജയം നേടി അധികാരത്തിൽ വരും. മതനിരപേക്ഷത കാത്തുസൂക്ഷിക്കുക എന്നതാണ് ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നോട്ടു വയ്ക്കുന്നത്. അഴിമതി വിമുക്തമായ വികസിത കേരളമാണ് ലക്ഷ്യം. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയ ശേഷം ഉണ്ടായ കാര്യങ്ങളാണ് തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. ശക്തമായ അടിത്തറയുള്ള കേരളത്തിന്റെ മതനിരപേക്ഷത തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെ ചെറുക്കും.

എൽഡിഎഫ് എല്ലാ സീറ്റിലും സ്ഥാനാർത്ഥി പ്രഖ്യാപനം നേരത്തെ പൂർത്തിയാക്കി. പ്രകടനപത്രിക 22-ാം തിയ്യതിക്കു മുമ്പ് പ്രസിദ്ധീകരിക്കും. ഇതിലേക്കുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ചിരുന്നു. അതും കണക്കിലെടുത്താണ് പത്രിക പ്രസിദ്ധീകരിക്കുന്നത്. അതിനെകുറിച്ചുള്ള നിർദേശങ്ങളും സ്വീകരിക്കും. വോട്ടർപട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടത്താൻ ശ്രമം നടക്കുന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടും കണ്ണൂരും ശ്രമമുണ്ടായി. ബൂത്ത് ഓഫീസർമാർ സർക്കാരിനെ അനുകൂലിക്കുന്നവരാണ്. അവർ കൊടുക്കുന്ന റിപ്പോര്ട്ട് അനുസരിച്ചാണ് സർക്കാർ നടപടി എടുക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കേരളത്തിലെ യുഡിഎഫ് ഭരണം ജനങ്ങൾക്ക് ശാപമായി മാറിയിരിക്കുന്നു. ഭൂരിപക്ഷം മന്ത്രിമാരും അഴിമതിക്കാരായി. മുഖ്യമ്ര്രന്തി അടക്കം 18 മന്ത്രിമാർ അഴിമതിക്കാർരാണ്.
മനസാക്ഷിയാണ് വലുത്, ധാർമികതയല്ല, ആദർശമല്ല എന്ന പ്രഖ്യാപനം തന്നെ പരസ്യമായി നടത്തിയാണ് മുഖ്യമന്ത്രിയുടെ അഴിമതി രാജ് മുന്നോട്ടു പോകുന്നത്. 2,800 ഏക്കർ ഭൂമി സർക്കാർ സ്വന്തക്കാർക്കും ഇഷ്ടക്കാർക്കുമായി പതിച്ചു കൊടുത്തു. ഇതെല്ലാം പിന്നീട് വിവാദമായപ്പോൾ സർക്കാരിനു തന്നെ പിൻവലിക്കേണ്ടി വന്നു. ഇതിനെ ന്യായീകരിച്ചു കൊണ്ട് മുഖ്യമന്ത്രി പിന്നീട് രംഗത്തെത്തി. ഇതിനെല്ലാം പിന്നിൽ മുഖ്യമന്ത്രിയാണ് ഇതെന്നാണ് തെളിയിക്കുന്നത്.

കേരളം രൂപംകൊണ്ട ശേഷം ഇന്നു വരെ ഒരു മുഖ്യമന്ത്രിക്കും നേരെ ഉയർന്നു വരാത്ത ആരോപണങ്ങൾ ഉമ്മൻചാണ്ടിക്കെതിരെ ഉയർന്നു. അത് കേരളത്തിന്റെ യശസ്സ് കെടുത്തി. കേരളം ആഗ്രഹിക്കുന്നത് അതിവേഗം വികസിക്കുന്ന സംസ്ഥാനമാണ്. വികസനമേഖലയിൽ മുരടിപ്പ് നിലനിൽക്കുന്നു. ഇതിനു കാരണം ഇച്ഛാശക്തിയോടെ പ്രവർത്തിക്കുന്ന സർക്കാർ ഇല്ലാത്തതാണ്. എൽഡിഎഫ് സർക്കാർ ആരംഭിച്ചതോ ആവിഷ്‌കരിച്ചതോ ആയ പദ്ധതികളാണ് ഭാഗികമായി ഉമ്മൻചാണ്ടി സർക്കാർ പൂർത്തിയാക്കി ആഘോഷിക്കുന്നത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾ 10 ശതമാനം പോലും പൂർത്തീകരിക്കാൻ ആയില്ല.

അതിവേഗ റെയിൽപാത, മലയോരപാത, തീരദേശ പാത, എയർസ്ട്രിപ്പ് ഇങ്ങനെ നിരവധി പ്രഖ്യാപനങ്ങൾ. അതെല്ലാം പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങി. ഭരണം തുടങ്ങിയപ്പോൾ മുതൽ അഞ്ചാം മന്ത്രിക്കായി തർക്കമായിരുന്നു. പിന്നീട് ലീഗും കോൺഗ്രസും തമ്മിൽ തർക്കമായി. കേരള കോൺഗ്രസും കോൺഗ്രസും തമ്മിൽ തർക്കമായി. ലീഗാണോ കേരള കോൺഗ്രസാണോ കോൺഗ്രസാണോ അധികാരം എന്നതാണ് ഇവരുടെ തർക്കമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News