കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരെ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്. ലീലയുടെ പബ്ലിസിറ്റി ക്ലിയറന്‍സിന് വേണ്ട രേഖകളൊന്നും ചേംബറില്‍ ഹാജരാക്കാതെയാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്നാരോപിച്ച് രഞ്ജിത് കോടതിയെ സമീപിച്ചതെന്ന് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ ആരോപിച്ചു.
ലീലയ്ക്ക് പബ്ലിസിറ്റി ക്ലിയറന്‍സ് നല്‍കില്ലെന്ന് ഫിലിം ചേംബര്‍ എവിടെയും പറഞ്ഞിട്ടില്ല. ചേംബറിനെ കരിവാരി തേയ്ക്കാനുള്ള രഞ്ജിത്തിന്റെ നടപടിക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി സംഘടനാ ഭാരവാഹികള്‍ കൊച്ചിയില്‍ പറഞ്ഞു.
ലീലയുടെ ചിത്രീകരണത്തിനാവശ്യമായ പബ്ലിസിറ്റി ക്ലിയറന്‍സ് നല്‍കാന്‍ ഫിലിം ചേംബറിനോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രഞ്ജിത് നല്‍കിയ ഹര്‍ജിയിലാണ് ലീലയ്ക്ക് പബ്ലിസിറ്റി ക്ലിയറന്‍സ് നല്‍കാന്‍ ഉത്തരവായത്.
2015 അവസാനം നിര്‍മാതാക്കള്‍ നടത്തിയ സമരത്തെ വകവയ്ക്കാതെ ലീല ചിത്രീകരിച്ചതിനെ തുടര്‍ന്നാണ് നിര്‍മാതാക്കള്‍ ലീലയ്‌ക്കെതിരെ അപ്രഖ്യാപിത വിലക്കുമായി രംഗത്തെത്തിയത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാടിനു വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നതാണ് ലീലയ്‌ക്കെതിരെയും രഞ്ജിത്തിനെതിരെയും വാളെടുക്കാന്‍ അസോസിയേഷനെയും വിതരണക്കാരെയും പ്രേരിപ്പിച്ചത്.
വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തിയ സമരത്തിന് രഞ്ജിത് പിന്തുണയറിയിച്ചിരുന്നു. വേതനം കൂട്ടി നല്‍കിയ ശേഷമാണ് രഞ്ജിത് ചിത്രീകരണം ആരംഭിച്ചതും. എന്നാല്‍, തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കില്ലെന്നു കാണിച്ച് നിര്‍മാതാക്കള്‍ നടത്തിയ സമരം വകവയ്ക്കാതെ രഞ്ജിത് സിനിമയുമായി മുന്നോട്ടു പോകുകയായിരുന്നു. അങ്ങനെയാണ് രഞ്ജിതിനെതിരെ നിര്‍മാതാക്കള്‍ പടയൊരുക്കം തുടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here