ഐപിഎൽ അല്ല ആളുകളുടെ കുടിവെള്ളമാണ് വലുത്; കുടിവെള്ളം ഇല്ലാതെ ജനങ്ങൾ വലയുമ്പോൾ ഐപിഎല്ലിനായി ജലം ധൂർത്തടിക്കാൻ പറ്റില്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: മഹാരാഷ്ട്രയിൽ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തിൽ ഐപിഎൽ നടത്തണോ എന്ന് ഒന്നുകൂടി ആലോചിക്കണമെന്ന് ബോംബെ ഹൈക്കോടതി. ജല ഉപയോഗം ഏറെ വേണ്ട ഒന്നാണ് ഐപിഎൽ. അതുകൊണ്ട് ഐപിഎൽ നടത്തണോ എന്ന കാര്യം ആലോചിക്കണമെന്നാണ് കോടതി പറഞ്ഞത്. ഐപിഎല്ലിനായുള്ള ജല ഉപയോഗവുമായി ബന്ധപ്പെട്ടു സമർപ്പിച്ച രണ്ടു പൊതുതാൽപര്യ ഹർജികളിൽ വാദം കേൾക്കുകയായിരുന്നു ഹൈക്കോടതി. ഐപിഎല്ലിനേക്കാൾ പ്രാധാന്യം ജനങ്ങളുടെ കുടിവെള്ളത്തിനാണെന്നും കോടതി വ്യക്തമാക്കി.

ഐപിഎൽ മത്സരങ്ങൾ, രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന മഹാരാഷ്ട്രയിൽ നിന്ന് മാറ്റണമെന്നും ബോംബൈ ഹൈക്കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടു. സ്‌റ്റേഡിയത്തിലെ പിച്ച് സംരക്ഷിക്കുന്നതിനായി അനേകം ലിറ്റർ ജലം വേണം. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഇങ്ങനെ ജലം പാഴാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ജനങ്ങൾക്കാണോ ഐപിഎല്ലിനാണോ കൂടുതൽ പ്രാധാന്യമെന്നും കോടതി ചോദിച്ചു. എങ്ങനെയാണ് ഇത്ര നിസാരമായി കാര്യങ്ങളെ കാണാൻ കഴിയുന്നത്. കുടിവെള്ളമില്ലാതെ ജനങ്ങൾ വലയുന്നത് കാണാതിരിക്കാൻ പറ്റുമോ? ഇത് ക്രൂരമായ നഷ്ടമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ മൂന്നു സ്റ്റേഡിയങ്ങളിലെ പിച്ച് നനയ്ക്കാനും മറ്റുമായി 60 ലക്ഷം ലീറ്റർ വെള്ളം ആവശ്യം വരുമെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ പിച്ച് നനയ്ക്കാനും മറ്റുമായി ഉപയോഗിക്കുന്ന വെള്ളം കുടിവെള്ളത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കാൻ സാധിക്കാത്തവയാണെന്ന് ബോംബെ ക്രിക്കറ്റ് അസോസിയേഷൻ കോടതിയെ അറിയിച്ചു. ഇതിനെ തുടർന്നാണ് ജലക്ഷാമം അനുഭവിക്കാത്ത ഏതെങ്കിലും സംസ്ഥാനത്തേക്ക് മത്സരങ്ങളുടെ വേദി മാറ്റിക്കൂടെയെന്ന് കോടതി ചോദിച്ചത്. രണ്ടു പതിറ്റാണ്ടായി സംസ്ഥാനം കടുത്ത ജലക്ഷാമം നേരിടുകയാണ്. വരൾച്ചയെ തുടർന്നു കർഷകർ ജീവനൊടുക്കുന്നതുമായി ബന്ധപ്പെട്ടു ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം 3228 കർഷകരാണു ജീവനൊടുക്കിയത്. ഇത്തരം സാഹചര്യം നിലനിൽക്കുമ്പോഴാണ് ഐപിഎല്ലിനായി ജലം ഉപയോഗിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വെള്ളിയാഴ്ച വൈകീട്ടാണ് ഐപിഎൽ ഉദ്ഘാടനം. മൽസരങ്ങൾ ശനിയാഴ്ച ആരംഭിക്കും. മുംബൈ, പുണെ, നാഗ്പൂർ എന്നിവിടങ്ങളിലായി 19 മത്സരങ്ങളാണ് മഹാരാഷ്ട്രയിൽ തീരുമാനിച്ചിട്ടുള്ളത്. ഇതിൽ പുണെയും നാഗ്പൂരും മറാത്ത്‌വാഡ റീജിയണിൽ ആണ്. ഇവിടെയാണ് ജലക്ഷാമം ഏറ്റവും കൂടുതലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News