വാഷിംഗ്ടൺ: വാട്‌സ്ആപ്പിൽ നിന്ന് നിങ്ങൾ അയയ്ക്കുന്ന സന്ദേശങ്ങൾ ഇനി മൂന്നാമതൊരാൾക്ക് കാണാനോ ഹാക്ക് ചെയ്യാനോ സാധിക്കില്ല. ഇതിനായി വാട്‌സ്ആപ്പിൽ പുതിയ സംവിധാനം നിലവിൽ വന്നു. എൻഡ് ടു എൻഡ് എൻക്രപിപ്ഷൻ എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. ഉപയോക്താക്കൾ അയക്കുന്ന സന്ദേശം ഒരു പ്രത്യേക കോഡാക്കി മാറ്റുകയും (എൻക്രിപ്ഷൻ) വായിക്കുന്ന വ്യക്തിയുടെ ഫോണിൽ മാത്രം അത് വീണ്ടും യഥാർത്ഥ സന്ദേശ രൂപത്തിലാവുകയും (ഡിക്രിപ്ഷൻ) ചെയ്യുന്ന പ്രക്രിയയാണ് ഇത്.
ആൻഡ്രോയ്ഡ്, ഐഒഎസ്, ബ്ലാക്ക്‌ബെറി തുടങ്ങി എല്ലാ പ്ലാറ്റ്‌ഫോമുകളിലും പുതിയ സംവിധാനം ലഭ്യമാണ്.
ഹാക്കർമാർ, സൈബർ കുറ്റവാളികൾ എന്നിവരിൽ നിന്ന് രക്ഷപ്പെടാനും അയയ്ക്കുന്ന സന്ദേശത്തിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കാനും സാധിക്കും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷനിലാണ് പുതിയ സേവനം ലഭ്യമാകുന്നത്. അയയ്ക്കുന്ന മെസേജുകൾ ഇനി വാട്‌സ്ആപ്പിന്റെ ഓൺലൈൻ സെർവറിൽ സേവ് ആകുകയില്ല. അതായത്, സർക്കാർ ആവശ്യപ്പെട്ടാൽ പോലും സന്ദേശങ്ങളുടെ ചാറ്റ് വിശദാംശങ്ങൾ നൽകാൻ കമ്പനിക്ക് ആവില്ലെന്നർത്ഥം.
വാട്ട്‌സ്ആപ്പിലെ ഓരോ ചാറ്റിനും പ്രത്യേകം എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനം ലഭ്യമാണ്. ഇത് ആക്റ്റിവേറ്റ് ചെയ്യാൻ ചാറ്റ് ബോക്‌സിലെ ഒരാളുടെ കോൺടാക്ട് എടുത്ത് അതിൽ കാണുന്ന എൻഡ് ടു എൻഡ് എന്ന എൻക്രിപ്ഷൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ലഭിക്കുന്ന ക്യുആർ കോഡും 60 അക്ക സംഖ്യയും ആ വ്യക്തിയുമായി ഷെയർ ചെയ്യുകയും ചെയ്താൽ ഇരുവർക്കുമിടയിൽ എൻക്രിപ്ഷൻ സംവിധാനം ആക്ടിവേറ്റ് ചെയ്യപ്പെടും. ഇതിനായി ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് വേർഷനിലേക്ക് അപ്പ്‌ഡേറ്റ് ചെയ്താൽ മാത്രമേ ഈ സംവിധാനം ലഭ്യമാകൂ.
വാട്‌സ് ആപ്പിന്റെ സഹസ്ഥാപകരായ ജാൻ കോം, ബ്രിയാൻ ആക്ടൻ എന്നിവർ ചൊവ്വാഴ്ച ബ്ലോഗിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ നിയമപരമായി പോലും അന്തരാഷ്ട്ര സർക്കാരിനോ അമേരിക്കൻ ഏജൻസിക്കോ ഇത്തരം സന്ദേശങ്ങൾ ഡിസ്‌ക്രിപ്റ്റ് ചെയ്യാൻ സാധിക്കില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here