മെലിയാന്‍ മരുന്നുകഴിച്ച് മിമിക്രി കലാകാരന്‍ മരിച്ചു; കഴിച്ചിരുന്നത് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ മരുന്ന്; അസ്വാഭാവിക മരണത്തിന് കേസ്

കട്ടപ്പന: ശരീരഭാരം കുറയാനുള്ള മരുന്നുകഴിച്ച മിമിക്രി കലാകാരനായ യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചു. കട്ടപ്പന വലിയകണ്ടം രാജശ്രീ ഭവനില്‍ ശശിരാജശ്രീ ദമ്പതികളുടെ മകന്‍ മനു എസ്. നായരാ(26)ണു മരിച്ചത്.

ശരീരഭാരം കുറയ്ക്കാനായി മനു കഴിഞ്ഞ നാലുമാസമായി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ മരുന്നു കഴിക്കുന്നുണ്ടായിരുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണു പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് മൃതദേഹം പൈനാവിലെ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂ. ഇതിനുശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുകയെന്ന് കട്ടപ്പന പൊലീസ് അറിയിച്ചു.

നഗരത്തിലെ സ്വകാര്യ പണമിടപാട് സ്ഥപനത്തില്‍ കളക്ഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന മനു കട്ടപ്പനയിലെ കലാക്ഷേത്ര, കൊച്ചിന്‍ കലാവിസ്മയ എന്നീ ട്രൂപ്പുകളടക്കമുള്ളവയില്‍ മിമിക്രി കലാകാരനുമായിരുന്നു. മെലിയാനുള്ള മരുന്നു കഴിച്ചുതുടങ്ങിയതോടെ മനുവിന്റെ തൂക്കം തൊണ്ണൂറില്‍നിന്ന് 52 കിലോയായി കുറഞ്ഞു. ഭക്ഷണത്തില്‍ ക്രമീകരണം വരുത്തിയ മനുവിന് അടുത്തിടെ ഭക്ഷണത്തോട് താല്‍പര്യവുമില്ലായിരുന്നു.

രക്തത്തില്‍ പഞ്ചസാരയുടെ അളവു കൂടിയതിനെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മനുവിനെ ചൊവ്വാഴ്ച രാത്രി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. ഇന്‍സുലിന്‍ എടുക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും ആയുര്‍വേദ മരുന്ന് കഴിക്കുന്നതിനാല്‍ കിടത്തിചികിത്സ തേടാതെ സ്വമനസാലെ വീട്ടില്‍ പോകുകയാണെന്ന് ബന്ധുക്കള്‍ ആശുപത്രി അധികൃതര്‍ക്ക് എഴുതി നല്‍കി. തുടര്‍ന്നു വീട്ടിലേക്കു മടങ്ങിയ മനുവിനെ ഇന്നലെ രാവിലെ എട്ടോടെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ ക്ലാസില്‍ പങ്കെടുത്തശേഷമാണ് മനു മരുന്ന് ഉപയോഗിച്ചു തുടങ്ങിയത്. ഒരു കോഴ്‌സിന് ആറായിരത്തോളം രൂപ വില വരുന്ന മരുന്നാണ് കഴിച്ചിരുന്നത്.

രാജശ്രീയാണ് മനുവിന്റെ അമ്മ. സഹോദരങ്ങള്‍: അനൂപ്, ആതിര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News