പത്താന്‍കോട്ട് ഭീകരാക്രമണം; ഇന്ത്യക്കെതിരെ വീണ്ടും പാകിസ്ഥാന്‍; ദൃക്‌സാക്ഷികളായ സുരക്ഷാ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കിയില്ല

ദില്ലി: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ഇന്ത്യക്കെതിരെ വീണ്ടും ആരോപണങ്ങളുമായി പാകിസ്ഥാന്‍. സംഭവത്തിന് ദൃക്‌സാക്ഷികളായ സുരക്ഷാ ഉദ്യോഗസ്ഥരെ പാക് സംയുക്ത അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കിയില്ലെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു. സംയുക്ത അന്വേഷണ സംഘം ഇന്ത്യ സന്ദര്‍ശിച്ച ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്റെ ഔദ്യോഗിക വിശദീകരണം ഉണ്ടാകുന്നത്.

സംയുക്ത അന്വേഷണ സംഘം പത്താന്‍കോട്ട് സംഭവസ്ഥലം സന്ദര്‍ശിച്ച് കുറച്ച് ദൃക്‌സാക്ഷികളെ കണ്ടിരുന്നു. എന്നാല്‍ സുരക്ഷാ സേനയില്‍ നിന്നുള്ള സാക്ഷികളെ ഹാജരാക്കിയിരുന്നില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പത്താന്‍കോട്ട് ഭീകരാക്രമണം ഇന്ത്യയുടെ നാടകമായിരുന്നുവെന്ന് പാക് അന്വേഷണസംഘം പറഞ്ഞതായി പാക് മാധ്യമങ്ങള്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യക്ക് ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി അറിയാമായിരുന്നു. അന്വേഷണ സംഘവുമായി ഇന്ത്യ സഹകരിച്ചില്ല. അന്വേഷണത്തിന് വിഘാതം സൃഷ്ടിക്കാന്‍ പലതവണ ശ്രമിക്കുകയും ചെയ്തു. ഇന്ത്യയിലെത്തിയ സംയുക്ത അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് പാകിസ്ഥാന്‍ ടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യ അവകാശപ്പെടുന്നതുപോലെ ദിവസങ്ങള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലുകളൊന്നും പത്താന്‍കോട്ടില്‍ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ പാക് മാധ്യമങ്ങളുടെ ആരോപണങ്ങളെ പാക്കിസ്ഥാന്റെ ഇരട്ടത്താപ്പെന്ന് വിശേഷിപ്പിച്ച ഇന്ത്യ, അന്വേഷണ സംഘത്തിന് പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നിലെ ജെയ്‌ഷെ മുഹമ്മദ് ബന്ധം തെളിയിക്കാന്‍ ആവശ്യമായ എല്ലാ തെളിവുകളും കൈമാറിയെന്ന് അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News