അജിത്തിന്റെ നായികയാകാന്‍ പറ്റില്ലെന്ന് ശ്യാമിലി; പ്രണയ രംഗങ്ങള്‍ ചിന്തിക്കാന്‍ പോലുമാകില്ലെന്നും താരം

തമിഴ് സൂപ്പര്‍താരവും സഹോദരി ഭര്‍ത്താവുമായി അജിത്തിന്റെ നായികയാകാന്‍ തനിക്ക് കഴിയില്ലന്ന് യുവതാരം ശ്യാമിലി. അജിത്ത് തനിക്ക് സ്വന്തം ജ്യേഷ്ഠനെ പോലെയാണ്. കുടുംബത്തിലെ ഒരാള്‍. അങ്ങനെ ഒരാളുടെ ഒപ്പം പ്രണയ സീനുകള്‍ അഭിനയിക്കുന്നത് നന്നാകില്ലന്നാണ് ശ്യാമിലി പറയുന്നത്. എന്നാല്‍ വേതാളത്തിലെ പോലെ സഹോദരി വേഷമാണെങ്കില്‍ അഭിനയിക്കുമെന്നും ശ്യാമിലി പറഞ്ഞു.

അജിത് തനിക്ക് ഉപദേശങ്ങളൊന്നും ഇതുവരെ നല്‍കിയിട്ടില്ല. പക്ഷേ, മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി തലയിടരുതെന്ന് എപ്പോഴും പറയാറുണ്ട്. മറ്റുള്ളവരുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു നില്‍ക്കാതെ ധൈര്യമായി സ്വയം തീരുമാനങ്ങളെടുക്കണമെന്നും അജിത്ത് പറയാറുണ്ടെന്നും ശ്യാമിലി ഒരു പ്രമുഖ ചലച്ചിത്രമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Baby-Shamili-movie-still
ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോയെന്ന് ചോദ്യത്തിന് ശ്യാമിലി നല്‍കിയ മറുപടി ഇങ്ങനെ: ‘പ്രണയമുണ്ടെങ്കില്‍ തന്നെ അത് പബ്ലിക്കായി പറയാന്‍ കഴിയുമോ? ഒരുകാലത്ത് നിങ്ങളുടെ പൊന്നോമനയായ ബേബി ശ്യാമിലിയായിരുന്നില്ലേ ഞാന്‍. വളര്‍ന്നുവലുതായപ്പോള്‍ കൊച്ചിന്റെ തല തിരിഞ്ഞുപോയി എന്ന് ആള്‍ക്കാര്‍ പറയില്ലേ. എങ്കിലും ചോദിച്ച സ്ഥിതിക്ക് മറുപടിയിതാ. സ്‌കൂള്‍ പഠനകാലത്തുമുതലേ ഞാനൊരാളെ പ്രണയിക്കുന്നുണ്ട്. ആളുടെ പേരു പറഞ്ഞാല്‍ എല്ലാവരും അറിയും. സാക്ഷാല്‍ ഷാരൂഖ് ഖാന്‍. അശോക എന്ന ചിത്രത്തില്‍ ഷാരൂഖിനൊപ്പം അഭിനയിക്കാന്‍ അജിത്തിന് അവസരം ഒത്തുവന്നപ്പോള്‍ എനിക്കു പരിചയപ്പെടുത്തി തന്നു. ഒപ്പംനിന്ന് ഫോട്ടോയെടുക്കാനും കഴിഞ്ഞു.’

ശാലിനിയുടെ സഹോദരിയായ ശ്യാമിലി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത് കുഞ്ചാക്കോ ബോബനൊപ്പമുള്ള ‘വള്ളീം തെറ്റി, പുള്ളീം തെറ്റി’ എന്ന ചിത്രത്തിലൂടെയാണ്. ചിത്രം വിഷുദിനത്തില്‍ റിലീസാകും. മനോജ് കെ. ജയന്‍, സുരേഷ് കൃഷ്ണ, ശ്രീജിത് രവി, രഞ്ജി പണിക്കര്‍, രേവതി ശ്രീകുമാര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here