ഇന്ത്യ ഹിന്ദുവിന്റേത് മാത്രമാണോ; ബിജെപി ഭരിക്കുന്ന നാഗ്പുര്‍ മുനിസിപ്പല്‍ കോര്‍പറേഷനോട് ബോംബെ ഹൈക്കോടതി; എയ്ഡ്‌സ് പരിപാടി ഹിന്ദുക്കള്‍ക്ക് മാത്രമാണോയെന്നും കോടതി

മുംബൈ: ഇന്ത്യ ഹിന്ദുവിന്റേത് മാത്രമാണോയെന്ന് ബിജെപി ഭരിക്കുന്ന നാഗ്പുര്‍ മുനിസിപ്പല്‍ കോര്‍പറേഷനോട് ബോംബെ ഹൈക്കോടതി. എയ്ഡ്‌സ് ബോധവത്ക്കരണ പരിപാടിയില്‍ ഹനുമാന്‍ കീര്‍ത്തനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

കോര്‍പ്പറേഷനും സമീപത്തെ ഒരു ക്ഷേത്രവുമായി ചേര്‍ന്ന് നടത്തുന്ന പരിപാടിയില്‍ ‘ഹനുമാന്‍ ചാലിസ’ ഉരുവിടാനുള്ള നീക്കമാണ് കോടതി ചോദ്യം ചെയ്തത്. എന്തുകൊണ്ടാണ് ഹനുമാന്‍ ചാലിസയിലെ സൂക്തങ്ങള്‍ മാത്രം ഉപയോഗിക്കുന്നുവെന്നും എന്തുകൊണ്ട് ഖുറാനും ബൈബിളും പോലെയുള്ള ഇതര മതക്കാരുടെ ഗ്രന്ഥങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. എയ്ഡ്‌സ് ബോധവല്‍ക്കരണ പരിപാടിയില്‍ ഹനുമാന്‍ ചാലിസയിലെ സൂക്തങ്ങള്‍ക്ക് എന്താണ് പ്രസക്തി. എയ്ഡ്‌സ് പരിപാടി ഹിന്ദുക്കള്‍ക്ക് മാത്രമാണോ, എയ്ഡ്‌സ് ബോധവല്‍ക്കരണത്തിനാണോ ഹനുമാന്‍ ചാലിസയ്ക്കാണോ കൂടുതല്‍ പ്രചാരം നല്‍കിയിരിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു.

മുനിസിപ്പാലിറ്റി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്ന വിധിച്ച് കോടതി കേസ് അവസാനിപ്പിച്ചു. തങ്ങള്‍ മതപരമായ ചടങ്ങുകള്‍ക്കെതിരല്ലെന്നും എന്നാല്‍ പൊതുപരിപാടിയും മതചടങ്ങുകളും കൂട്ടികുഴക്കരുതെന്നും കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here