കള്ളപ്പണക്കാരുടെ പട്ടികയില്‍ ഒരു മലയാളി കൂടി; വിര്‍ജിന്‍ ദ്വീപുകളില്‍ ദിനേശ് പരമേശ്വരന്‍ നിക്ഷേപിച്ചത് കോടികള്‍; വാര്‍ത്തകളോട് പ്രതികരിക്കാതെ ഭാര്യ

ദില്ലി: പനാമ കമ്പനിയായ മൊസാക് ഫൊന്‍സെക വഴി വിദേശത്ത് പണം നിക്ഷേപിച്ചവരുടെ പട്ടികയില്‍ ഒരു മലയാളിയുടെ പേര് കൂടി. പത്തനംതിട്ട റാന്നി സ്വദേശിയായ ദിനേശ് പരമേശ്വരന്‍ നായരുടെ പേരു വിവരങ്ങളാണ് പട്ടികയിലുള്ളത്. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കമ്പനിയിലാണ് ദിനേശ് കള്ളപ്പണ നിക്ഷേപം നടത്തിയത്.

2007 ഓഗസ്റ്റ് 17 മുതല്‍ ഗെല്‍ഡിന്‍ ട്രേഡിങ് കമ്പനിയുടെ ഡയറക്ടറാണ് ദിനേശ് എന്ന് മൊസാക് ഫൊണ്‍സേക രേഖകള്‍ വ്യക്തമാക്കുന്നു. ചൈനീസ് പൗരനുമായി ചേര്‍ന്ന് 25000 ഓഹരികളാണ് ഇയാളുടെ പേരിലുള്ളതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വാര്‍ത്തകളോട് പ്രതികരിക്കാന്‍ ദിനേശിന്റെ ഭാര്യ ജയശ്രീ തയാറായില്ല. ദിനേശിന് ഹോങ്കോംഗില്‍ എന്ത് ജോലിയാണെന്ന് അറിയില്ലെന്നും സ്വദേശത്ത് വലിയ വീട് നിര്‍മിക്കുന്നുണ്ടെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ് മാത്യുവിന് വിദേശത്ത് രഹസ്യ നിക്ഷേപമുള്ളതിന്റെ വിവരങ്ങള്‍ ബുധനാഴ്ച പുറത്തുവന്നിരുന്നു.

കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിക്കുന്ന മൊസാക് ഫൊന്‍സെക എന്ന കമ്പനിയുടെ കേന്ദ്ര ഓഫീസില്‍ നിന്നുള്ള രേഖകള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കളളപ്പണം സ്വീകരിച്ച് നികുതി ഇളവുകളുളള രാജ്യങ്ങളിലെ കമ്പനികളിലും ട്രസ്റ്റുകളിലും നിക്ഷേപിച്ച് നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍ നേടി കൊടുക്കുന്നതാണ് മൊസാക് ഫൊന്‍സെകയുടെ രീതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here