കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാർത്ഥി പിൻമാറി; യുഡിഎഫുമായി ഒത്തുപോകാനാകില്ലെന്ന് കെ.എം നൂറുദ്ദീൻ; യുഡിഎഫ് പ്രതിസന്ധിയിൽ

തൃശ്ശൂർ: കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന കെ.എം നൂറുദ്ദീൻ മത്സരത്തിൽ നിന്ന് പിൻമാറി. ആർഎസ്പി സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന നൂറുദ്ദീൻ മത്സരിക്കാനില്ലെന്ന് അറിയിക്കുകയായിരുന്നു. സ്ഥാനാർത്ഥിയാകാൻ താൻ യോഗ്യനല്ലെന്നാണ് നൂറുദ്ദീൻ അറിയിച്ചത്. യുഡിഎഫുമായി ഒത്തുപോകാനാകില്ലെന്ന് പിന്നീട് നൂറുദ്ദീൻ മാധ്യമങ്ങളെ അറിയിച്ചു. യുഡിഎഫായാലും എൻഡിഎ ആയാലും ഒരുപോലെയാണ്. താൻ ഒരു വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടിയുടെ ഭാഗമായി ഇരിക്കാൻ താൽപര്യമില്ലാത്തതു കൊണ്ടാണ് മത്സരത്തിൽ നിന്നു പിൻമാറുന്നതെന്നും നൂറുദ്ദീൻ അറിയിച്ചു.

കോൺഗ്രസിന്റെ കയ്യിലായിരുന്ന സീറ്റിൽ ടി.എൻ പ്രതാപനെ മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസ് തീരുമാനം. എന്നാൽ, മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച് പ്രതാപൻ പിൻമാറിയതിനെ തുടർന്ന് സീറ്റ് ആർഎസ്പിക്കു നൽകാൻ ഇന്നലെ ചേർന്ന യുഡിഎഫ് യോഗമാണ് തീരുമാനിച്ചത്. തുടർന്ന് ചേർന്ന ആർഎസ്പി സംസ്ഥാന സമിതിയാണ് നൂറുദ്ദീനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റാണ് തീരുമാനമെടുത്തത്. പാർട്ടി അംഗം ഇല്ലെങ്കിലും പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കാനായിരുന്നു തീരുമാനം.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ ആംആദ്മി സ്ഥാനാർത്ഥിയായി നൂറുദ്ദീൻ മത്സരിച്ചിരുന്നു. അന്ന് 35,000 വോട്ടുകളും നൂറുദ്ദീൻ കരസ്ഥമാക്കിയിരുന്നു. ആൽഫ പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തിലുള്ള ബന്ധങ്ങൾ വോട്ടാക്കാനാവുമോ എന്നായിരുന്നു ആർഎസ്പി നോട്ടം. എൽഡിഎഫ് സ്ഥാനാർത്ഥി ഇ.ടി ടൈസൺ മാസ്റ്ററാണ്. സിറ്റിംഗ് എംഎൽഎയായിരുന്ന വിഎസ് സുനിൽകുമാർ തൃശ്ശൂർ മണ്ഡലത്തിലേക്ക് മാറിയതിനാൽ സിപിഐക്ക് പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടി വന്നു. താഴെക്കിടയിൽ സജീവബന്ധങ്ങളുള്ളയാളാണ് ടൈസൺ മാസ്റ്റർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News